പൃഥ്വിരാജിനെ മാതൃകയാക്കിയാൽ സിനിമയിലെ പകുതി പ്രശ്നങ്ങൾക്ക് പരിഹാരമാവും;നിർദേശവുമായി ഹിന്ദി സംവിധായകൻ

#Movies Desk
പൃഥ്വിരാജ് | ഫോട്ടോ: Facebook
പൃഥ്വിരാജ് | ഫോട്ടോ: Facebook

മലയാള നടൻ പൃഥ്വിരാജ് സുകുമാരന്റെ മാതൃക പിന്തുടർന്നാൽ ബോളിവുഡിന് നിലവിലുള്ള പല പ്രതിസന്ധികളും പരിഹരിക്കാനാകുമെന്ന് സംവിധായകൻ സഞ്ജയ് ഗുപ്ത. മലയാള നടന്റെ രീതിയെ പ്രശംസിച്ച സഞ്ജയ് ഗുപ്ത, അഭിനേതാക്കൾ അവരുടെ മുഴുവൻ പ്രതിഫലവും മുൻകൂറായി വാങ്ങുന്നതിന് പകരം, സിനിമയുടെ ലാഭവിഹിതം കൈപ്പറ്റുന്നതിനെക്കുറിച്ച് ആലോചിക്കണമെന്ന് അഭിപ്രായപ്പെട്ടു.

സ്വന്തം ചിത്രങ്ങൾ നിർമിക്കുക കൂടി ചെയ്യുന്ന പൃഥ്വിരാജ് മുൻകൂറായി വലിയ തുക പ്രതിഫലം വാങ്ങുന്നതിന് പകരം ചിത്രത്തിന്റെ ലാഭവിഹിതം സ്വീകരിക്കുന്ന രീതിയെക്കുറിച്ച് എക്‌സിൽ പങ്കുവെച്ച കുറിപ്പിലാണ് സഞ്ജയ് ഗുപ്ത വ്യക്തമാക്കിയത്. 'മലയാള സൂപ്പർതാരം പൃഥ്വിരാജ് തന്റെ ഭൂരിഭാഗം സിനിമകളും സ്വയം നിർമിക്കുന്നു. അദ്ദേഹം പറഞ്ഞതുപ്രകാരം, ഒരു സിനിമയുടെ ബജറ്റിൽ ഏറ്റവും വലിയ ചെലവ് അദ്ദേഹത്തിന്റെ പ്രതിഫലമാണ്. അതിനാൽ അദ്ദേഹം ആ തുക ഒഴിവാക്കുകയും പകരം അത് ലാഭവിഹിതമാക്കി മാറ്റുകയും ചെയ്യുന്നു. ഇതോടെ സിനിമ പെട്ടെന്ന് തന്നെ താങ്ങാനാവുന്നതും സുരക്ഷിതവും ലാഭകരവുമായി മാറുന്നു,' സഞ്ജയ് ഗുപ്ത കുറിച്ചു.

'എന്തുകൊണ്ട് ഇത് ഒരു പൊതുകീഴ്‌വഴക്കമായിക്കൂടാ? പാനൽ ചർച്ചകളിൽ സംസാരിക്കുന്നതിന് പകരം കൂടുതൽ താരങ്ങൾ ഇത് പ്രാവർത്തികമാക്കിയാൽ ചലച്ചിത്ര മേഖലയിലെ പകുതിയോളം പ്രശ്‌നങ്ങളും താനേ ഇല്ലാതാകും,' എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഹിന്ദി ചലച്ചിത്ര മേഖലയെ ബാധിക്കുന്ന പ്രശ്‌നങ്ങളിൽ സഞ്ജയ് ഗുപ്ത മുൻപും തന്റെ അഭിപ്രായങ്ങൾ തുറന്നുപറഞ്ഞിട്ടുണ്ട്. നടൻ രൺവീർ സിങ്ങിനെ വിലക്കിയ സംഭവത്തിൽ സഞ്ജയ് ഗുപ്ത സ്വീകരിച്ച നിലപാട് ശ്രദ്ധേയമായിരുന്നു. ഒരു മുൻനിര താരത്തെ വിലക്കുന്നത് സിനിമയ്ക്കായി ജോലി ചെയ്യുന്ന മുന്നൂറിലധികം വരുന്ന അണിയറപ്രവർത്തകരുടെ ജീവനോപാധിയെ ബാധിക്കുമെന്നാണ് ഗുപ്ത അന്ന് അഭിപ്രായപ്പെട്ടത്.

പൃഥ്വിരാജിന്റേതായി 'ഐ, നോബഡി', 'വാരാണസി', 'ഖലീഫ', 'ദയാര', 'ഒടിയൻ' തുടങ്ങി നിരവധി ചിത്രങ്ങളാണ് അണിയറയിൽ ഒരുങ്ങുന്നത്. ഇതിൽ 'ഐ നോബഡി' നിർമാതാക്കളിൽ ഒരാൾ, പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സുപ്രിയ മേനോൻ ആണ്. പൃഥ്വിയുടെ ജീവിത പങ്കാളിയാണ് സുപ്രിയ. കരീന കപൂറിനൊപ്പം പ്രധാന വേഷത്തിലെത്തുന്ന 'ദയാര' എന്ന ചിത്രവും ഉടൻ തിയേറ്ററിലെത്തും.

Content Highlights: Prominent Bollywood director Sanjay Gupta praised Malayalam superstar Prithviraj Sukumaran's unique business model in cinema production to tackle current industry crises. He noted that Prithviraj often waives his massive acting fee up front, choosing instead to take a profit share, which significantly reduces the initial production budget. Gupta suggested that if leading Bollywood stars adopted this profit-sharing practice instead of demanding exorbitant advance fees, half of the industry's financial issues would vanish. The director has historically been vocal about Bollywood politics and issues, previously raising his voice against the banning of actor Ranveer Singh. Meanwhile, Prithviraj is busy with several upcoming projects including 'I, Nobody', 'Varanasi', and 'Dayara', the latter featuring him alongside Kareena Kapoor