പൃഥ്വിരാജിനൊപ്പം വീണ്ടും ജേക്സ് ബിജോയ്; 'ഖലീഫ' യിലെ പ്രണയ ഗാനം 'അസലായവളേ' പുറത്ത്

#മൂവി ഡെസ്ക്
ഖലീഫ എന്ന ചിത്രത്തിന്റെ പോസ്റ്റർ | ഫോട്ടോ: അറേഞ്ച്ഡ്
ഖലീഫ എന്ന ചിത്രത്തിന്റെ പോസ്റ്റർ | ഫോട്ടോ: അറേഞ്ച്ഡ്

പൃഥ്വിരാജ്- വൈശാഖ്- ജിനു എബ്രഹാം കൂട്ടുകെട്ടിലൊരുങ്ങുന്ന 'ഖലീഫ'യിലെ ആദ്യ ഗാനത്തിൻ്റെ ലിറിക് വീഡിയോ പുറത്ത്. ജേക്സ് ബിജോയ് ഈണം പകർന്ന അസലായവളേ എന്ന ഗാനമാണ് പുറത്ത് വന്നിരിക്കുന്നത്. സിദ് ശ്രീറാം, മഖ്ബൂൽ മൻസൂർ എന്നിവർ ചേർന്ന് ആലപിച്ച ഈ മനോഹരമായ പ്രണയ ഗാനത്തിന് വരികൾ രചിച്ചത് മുത്തു ആണ്. ഈ വർഷം ഓണം റിലീസായി ഓഗസ്റ്റ് 20 നാണ് ചിത്രം ആഗോള റിലീസായി തിയേറ്ററുകളിലെത്തുന്നത്. ജിനു ഇന്നോവേഷൻ്റെ ബാനറിൽ ജിനു എബ്രഹാമും സൂരജ് കുമാറും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. സഹനിർമ്മാതാവ് - സിജോ സെബാസ്റ്റ്യൻ, ശ്രീലാൽ ശൂലപാണി.

തെലുങ്ക് താരം മാളവിക ശർമയാണ് ചിത്രത്തിലെ നായിക. മാളവികയുടെ ആദ്യ മലയാള ചിത്രമാണ് ഖലീഫ. പൃഥ്വിരാജ് - മാളവിക എന്നിവർ അവതരിപ്പിക്കുന്ന കേന്ദ്ര കഥാപാത്രങ്ങളുടെ പ്രണയ നിമിഷങ്ങളാണ് ഗാനത്തിൻ്റെ ഹൈലൈറ്റ് എന്ന സൂചനയാണ് ലിറിക് വീഡിയോ നൽകുന്നത്. ഇതിലൂടെ വീണ്ടും സമൂഹ മാധ്യമങ്ങളിൽ തരംഗമാകുന്ന ഒരു പ്രണയഗാനം സമ്മാനിച്ചിരിക്കുകയാണ് ജേക്‌സ് ബിജോയ് - സിദ് ശ്രീറാം കൂട്ടുകെട്ട്.

'പ്രതികാരം സുവർണ ലിപികളാൽ എഴുതപ്പെടും' എന്ന ടാഗ് ലൈനോടെ എത്തുന്ന ചിത്രത്തിൽ മാമ്പറയ്ക്കൽ ആമിർ അലി എന്ന കഥാപാത്രമായാണ് പൃഥ്വിരാജ് വേഷമിടുന്നത്. മാമ്പറയ്ക്കൽ അഹമ്മദ് അലി എന്ന കഥാപാത്രമായി ചിത്രത്തിൽ അതിഥി താരമായി മോഹൻലാലും എത്തുന്നുണ്ട്. രണ്ട് ഭാഗങ്ങളായി ഒരുക്കുന്ന ഖലീഫയുടെ രണ്ടാം ഭാഗത്തിൽ മാമ്പറയ്ക്കൽ അഹമ്മദ് അലിയായി മോഹൻലാൽ ആണ് നായകനായി വേഷമിടുക. സ്വർണ കള്ളക്കടത്തിന്റെ പശ്‌ചാത്തലത്തിൽ വലിയ കാൻവാസിൽ കഥപറയുന്ന ഒരു ബിഗ് ബഡ്ജറ്റ് എന്റെർടെയ്നെറാണ് ഖലീഫ എന്ന സൂചനയാണ് ചിത്രത്തിൻ്റെ നേരത്തെ ഗ്ലിംപ്സ് വീഡിയോ നൽകിയത്.

ബോളിവുഡ് താരം നീൽ നിതിൻ മുകേഷും ചിത്രത്തിന്റെ താരനിരയുടെ ഭാഗമാണ്. നീൽ ആദ്യമായി മലയാളത്തിൽ അഭിനയിക്കുന്ന ചിത്രം കൂടിയാണ് ഖലീഫ. മാസ്സ് സ്റ്റൈലിഷ് ആക്ഷൻ ത്രില്ലറായി ഒരുക്കുന്ന ചിത്രത്തിൽ, ത്രസിപ്പിക്കുന്ന ചേസ് രംഗങ്ങൾ, ആക്ഷൻ രംഗങ്ങൾ എന്നിവയും ഉണ്ടെന്നും ഗ്ലിംപ്സ് വീഡിയോ കാണിച്ചു തരുന്നുണ്ട്.

'പോക്കിരി രാജ’യ്ക്കു ശേഷം വൈശാഖും പൃഥ്വിരാജും ഒന്നിക്കുന്ന ഈ ചിത്രം ലണ്ടൻ, ദുബായ്, കേരളം, നേപ്പാൾ എന്നിവിടങ്ങളിലെ വിവിധ ലൊക്കേഷനുകളിൽ ആയാണ് ചിത്രീകരിച്ചത്. ആദം ജോൺ, ലണ്ടൻ ബ്രിഡ്ജ്, മാസ്റ്റേഴ്സ്, കടുവ എന്നീ സിനിമകൾക്കു ശേഷം ജിനു എബ്രഹാം - പൃഥ്വിരാജ് ടീം ഒന്നിച്ച ചിത്രം കൂടിയാണിത്.

ഛായാഗ്രഹണം - ജോമോൻ ടി ജോൺ, സംഗീതം - ജേക്സ് ബിജോയ്, എഡിറ്റിംഗ് - ചമൻ ചാക്കോ, പ്രൊഡക്ഷൻ ഡിസൈനർ - മോഹൻദാസ്, ആക്ഷൻ - യാനിക്ക് ബെൻ, ഫീനിക്സ് പ്രഭു, ചേതൻ ഡിസൂസ, കോ ഡയറക്ടർ - സുരേഷ് ദിവാകർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - ഷൈൻ വർഗീസ്, കോസ്റ്റ്യൂംസ് - മഷർ ഹംസ, കലാസംവിധാനം - വിശ്വനാഥ് അരവിന്ദ്, മേക്കപ്പ് - അമൽ ചന്ദ്രൻ, സൗണ്ട് ഡിസൈൻ - സിങ്ക് സിനിമ, അഡീഷണൽ മ്യൂസിക് - ജാബിർ സുലൈം, ഫൈനൽ മിക്സ് - എം ആർ രാജാകൃഷ്ണൻ, പ്രൊഡക്ഷൻ കൺട്രോളർ - റെനി ദിവാകർ, വിനോഷ് കൈമൾ, കളറിസ്റ്റ് - ശ്രീക്ക് വാര്യർ, പോസ്റ്റർ ഡിസൈൻ - എയ്സ്തെറ്റിക്ക് കുഞ്ഞമ്മ, ഡി ഐ - കളർ പ്ലാനറ്റ്, വിഎഫ്എക്സ് - പ്രശാന്ത് നായർ (3ഡിഎസ്), സ്റ്റിൽസ് - സിനറ്റ് സേവ്യർ, പ്രൊമോഷൻസ് ആൻഡ് മാർക്കറ്റിങ് - വിപിൻകുമാർ പൊഫാറ്റിയോ, പിആർഒ - ശബരി.

Content Highlights: The makers of the highly anticipated Prithviraj-Vysakh film Khalifa have released its first romantic single, 'Asalayavale', composed by Jakes Bejoy and sung by Sid Sriram and Maqbool Mansoor ahead of its Onam theatrical release.