ആശാസമരത്തിന് അനുകൂല നിലപാട്; പ്രേംകുമാറിനെതിരേ പ്രതികാര നടപടിയോ?, സാമൂഹികമാധ്യമങ്ങളില്‍ വിമര്‍ശനം

തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് നടന്‍ പ്രേംകുമാറിനെ മാറ്റിയതില്‍ സാമൂഹിക മാധ്യമങ്ങളില്‍ വിമര്‍ശനം. ആശാപ്രവര്‍ത്തകരുടെ സമരത്തിന് അനുകൂലമായി നിലപാടെടുത്തതിനെ തുടര്‍ന്നാണ് മാറ്റിയതെന്നാണ് നടപടിയെന്ന് ആരോപണം.
റസൂല്‍ പൂക്കുട്ടി ചെയര്‍മാനായി സ്ഥാനമേറ്റെടുത്ത ചടങ്ങില്‍നിന്ന് പ്രേംകുമാര്‍ വിട്ടുനിന്നിരുന്നു. ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് മാറ്റിയ വിവരം പ്രേംകുമാര്‍ അറിഞ്ഞത് മാധ്യമങ്ങളിലൂടെയെന്നാണ് വിവരം. പുതിയ ചെയര്‍മാന്‍ അധികാരം ഏറ്റെടുക്കുന്ന ചടങ്ങും അറിയിച്ചിരുന്നില്ല. ചടങ്ങില്‍ അദ്ദേഹത്തിന്റെ അസാന്നിധ്യം ചര്‍ച്ചയായിരുന്നു.
അതേസമയം, പുതിയ ചെയര്‍മാനെ നിയമിച്ച കാര്യവും സ്ഥാനമേറ്റെടുക്കല്‍ ചടങ്ങും അറിയിക്കാത്തതില്‍ വിഷമമുണ്ടെന്ന് പ്രേംകുമാര്‍ പ്രതികരിച്ചു. ആശാ സമരത്തെ പിന്തുണച്ചിട്ടില്ല. തന്നെ മാറ്റിയതിന് പിന്നില്‍ രാഷ്ട്രീയകാരണമുണ്ടോയെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.
വെള്ളിയാഴ്ചയാണ് പുതിയ ചെയര്‍മാനെ നിയമിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. റസൂല്‍ പൂക്കുട്ടി ചെയര്‍മാനായും കുക്കു പരമേശ്വരന്‍ വൈസ് ചെയര്‍പേഴ്‌സണായുമാണ് പുതിയ ഭരണസമിതി. ശനിയാഴ്ച ഇരുവരും സ്ഥാനമേറ്റെടുത്തു. ജനറല്‍ കൗണ്‍സിലിലേക്കും പുതിയ നിയമനങ്ങള്‍ നടത്തി. സി. അജോയ് സെക്രട്ടറിയായി തുടരും.
Content Highlights: Premkumar`s removal as Film Academy Chairman sparks debate. Allegations of revenge for supporting Asha workers` protest