കണ്ണനെ കൊല്ലാൻ നോക്കിയ സ്കൂൾ ബസ് ചേസിങ്! 'പ്രാവിൻകൂട് ഷാപ്പി'ലെ ത്രില്ലടിപ്പിക്കുന്ന ചേസിങ് സീൻ

മലയാള സിനിമയിൽ തന്നെ ഒട്ടേറെ പുതുമകളുമായി എത്തിയ സൗബിൻ ഷാഹിർ, ബേസിൽ ജോസഫ് ചിത്രം 'പ്രാവിൻകൂട് ഷാപ്പ്' തിയേറ്ററുകളിൽ ഏവരും ഏറ്റെടുത്തിരിക്കുകയാണ്. ഒരേ സമയം കൗതുകവും ആകാംക്ഷയും പ്രേക്ഷകരിൽ നിറച്ചിരിക്കുന്ന ചിത്രം മികച്ച പ്രതികരണം നേടിയാണ് മുന്നേറിക്കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിലെ ത്രില്ലടിപ്പിക്കുന്ന ചേസിങ് സീൻ സ്നീക് പീക് പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ.
ഒരു ഷാപ്പിൽ നടന്ന മരണവും ആ മരണത്തെ ചുറ്റിപറ്റി നടക്കുന്ന സംഭവങ്ങളും കേസന്വേഷണവുമൊക്കെയായി ഓരോ നിമിഷവും സസ്പെൻസും കൗതുകവും നിറച്ചുകൊണ്ട് മുന്നേറുന്ന ചിത്രത്തിൽ നിർണ്ണായക നിമിഷങ്ങളിലാണ് ചേസിങ് സീൻ വരുന്നത്. ഷാപ്പുടമ ബാബുവായി ശിവജിത്തും ഷാപ്പിലെ ജീവനക്കാരനായ കണ്ണൻ എന്ന കഥാപാത്രമായി സൗബിനും കണ്ണൻറെ ഭാര്യ മെറിൻഡയായി ചാന്ദ്‍നിയും കേസന്വേഷണത്തിനെത്തുന്ന പോലീസ് കഥാപാത്രമായി ബേസിലും ഷാപ്പിലെ പതിവുകാരൻ സുനിലായി ചെമ്പൻ വിനോദ് ജോസുമാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലുള്ളത്.
സ്കൂട്ടറിൽ പോകുന്ന കണ്ണന് പിറകെ ഒരു സ്കൂൾ ബസ് പാഞ്ഞടുക്കുന്നതും ബസിനടിയിൽ പോകാതെ രക്ഷപ്പെടാനായി കണ്ണൻ നടത്തുന്ന ശ്രമങ്ങളുമൊക്കെയാണ് ചേസിങ് സീനിലുള്ളത്. പ്രേക്ഷകരിൽ ഏറെ ആകാംക്ഷ നിറയ്ക്കുന്നതാണ് ഈ രംഗങ്ങൾ. ഷൈജു ഖാലിദ് ഒരുക്കിയിരിക്കുന്ന ദൃശ്യങ്ങളും ഏറെ മികവാർന്നതാണ്.
ഒരു കാലിന് സ്വാധീനക്കുറവുള്ള കണ്ണൻ എന്ന കഥാപാത്രത്തെ ഏറെ സ്വാഭാവികതയോടെ സൗബിൻ സ്ക്രീനിൽ എത്തിച്ചിട്ടുണ്ട്. ബേസിലിൻറെ കരിയറിലെ തന്നെ ആദ്യ പോലീസ് വേഷം തികച്ചും പുതുമ നിറഞ്ഞ രീതിയിലാണ് തിയേറ്ററിൽ സ്വീകരിക്കപ്പെട്ടത്
'തൂമ്പ' എന്ന ഹ്രസ്വ ചിത്രമൊരുക്കി ശ്രദ്ധേയനായ ശ്രീരാജ് ശ്രീനിവാസനാണ് സിനിമയൊരുക്കിയിരിക്കുന്നത്. രണ്ടര മണിക്കൂർ ദൈർഘ്യമുള്ള ചിത്രം ആദ്യാവസാനം പ്രേക്ഷകരെ പിടിച്ചിരുത്തുന്നതാണ്. കൗതുകം ജനിപ്പിക്കുന്ന കഥാഗതിയും ഓരോ സെക്കൻഡും ആകാംക്ഷ നിറയ്ക്കുന്ന അവതരണവും കഥാപാത്രങ്ങളുടെ മികവുറ്റ പ്രകടനങ്ങളും സിനിമയുടെ ഹൈലൈറ്റാണ്.
Content Highlights: Sneak Peek of “Pravinkoodu Shappu" directed by Sreeraj Sreenivasan and produced by Anwar Rasheed