ഷാപ്പിലെ കള്ളിന് വീര്യം കൂടുന്നു; നിറഞ്ഞ സദസ്സില്‍ 'പ്രാവിന്‍കൂട് ഷാപ്പ്' രണ്ടാം വാരത്തിലേക്ക്

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

മലയാള സിനിമയില്‍ പലപ്പോഴായി പല കാലങ്ങളില്‍ ഇറങ്ങിയ സിനിമകളില്‍ ഷാപ്പും ഷാപ്പിലെ പതിവുകാരും പല രീതികളില്‍ അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്. പലപ്പോഴും കള്ളിന്റെ വീര്യത്തില്‍ പാതിബോധത്തോടെയുള്ള ആളുകളുടെ ആട്ടവും പാട്ടും സംഭാഷണങ്ങളുമൊക്കെയായിട്ടാണ് കള്ള് ഷാപ്പുമായി ബന്ധപ്പെട്ടുള്ള സീനുകള്‍ സിനിമകളില്‍ വന്നു പോകാറുള്ളത്. ചിലപ്പോഴൊക്കെ ചെറിയൊരു പാട്ട് സീന്‍ മാത്രമാകും വരാറുള്ളത്. എന്നാല്‍ അതില്‍ നിന്നൊക്കെ വ്യത്യസ്തമായി സിനിമയില്‍ ഉടനീളം ഒരു ഷാപ്പിനെ അടിസ്ഥാനമാക്കിയെത്തിയ 'പ്രാവിന്‍കൂട് ഷാപ്പ്' എന്ന ചിത്രം തിയേറ്ററുകളില്‍ ഏവരും ഏറ്റെടുത്തിരിക്കുകയാണ്. സൗബിനും ബേസിലും ചെമ്പനും പ്രധാന കഥാപാത്രങ്ങളായി എത്തിയിരിക്കുന്ന ചിത്രം ഒരേ സമയം കൗതുകവും ആകാംക്ഷയും പ്രേക്ഷകര്‍ക്ക് നല്‍കിയിരിക്കുകയാണ്. 

ഒരു ഷാപ്പില്‍ നടന്ന ഒരു തൂങ്ങി മരണത്തിലൂടെയാണ് സിനിമയുടെ തുടക്കം. അതൊരു തൂങ്ങിമരണമാണോ അതോ കൊലചെയ്ത് തൂക്കിയതാണോ എന്ന സംശയം ഷാപ്പിലെ പതിവുകാരിലും പ്രേക്ഷകമനസ്സിലും നിറച്ചുകൊണ്ടാണ് സിനിമ മുന്നോട്ടുനീങ്ങുന്നത്. കള്ളിന്റെ വീര്യത്തില്‍ ചീട്ടുകളിയില്‍ പതിവുകാര്‍ മുഴുകി പോയ സമയത്താണ് ഷാപ്പിന്റെ ഉടമയായ ബാബുവിന്റെ മരണം. ഈയൊരു മരണത്തെ ചുറ്റിപറ്റി നടക്കുന്ന സംഭവങ്ങളും കേസന്വേഷണവുമൊക്കെയാണ് ചിത്രം. ഓരോ നിമിഷവും സസ്‌പെന്‍സും കൗതുകവും നിറച്ചുകൊണ്ടാണ് സിനിമയുടെ കഥാഗതി. 

ഷാപ്പുടമ ബാബുവായി ശിവജിത്തും ഷാപ്പിലെ ജീവനക്കാരനായ കണ്ണന്‍ എന്ന കഥാപാത്രമായി സൗബിനും കണ്ണന്റെ ഭാര്യ മെറിന്‍ഡയായി ചാന്ദ്‌നിയും കേസന്വേഷണത്തിനെത്തുന്ന പോലീസ് കഥാപാത്രമായി ബേസിലും ഷാപ്പിലെ പതിവുകാരന്‍ സുനിലായി ചെമ്പന്‍ വിനോദ് ജോസുമാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളിലുള്ളത്. കൊലപാതകിയാര് എന്ന സംശയം ഓരോരുത്തരിലേക്ക് മാറി മാറി വരുന്ന രീതിയിലാണ് തിരക്കഥ നീങ്ങുന്നത്. സിനിമയിലെ കഥാപാത്രങ്ങള്‍ക്ക് ഉള്ളതുപോലെ ഈ സംശയം പ്രേക്ഷകരിലേക്കും നീളുന്നുണ്ട് എന്നതാണ് സിനിമയുടെ വിജയം. 

ഒരു കാലിന് സ്വാധീനക്കുറവുള്ള കണ്ണന്‍ എന്ന കഥാപാത്രത്തെ ഏറെ സ്വാഭാവികതയോടെ സൗബിന്‍ സ്‌ക്രീനില്‍ എത്തിച്ചിട്ടുണ്ട്. എന്തൊക്കെയോ ദുരൂഹതകള്‍ ഉള്ളില്‍ ഒളിപ്പിച്ചിട്ടുള്ള കഥാപാത്രമായി സൗബിന്‍ മികവുറ്റ അഭിനയമാണ് കാഴ്ചവെച്ചിട്ടുള്ളത്. അതുപോലെ തന്നെ ബേസിലിന്റെ കരിയറിലെ തന്നെ ആദ്യപോലീസ് വേഷം തികച്ചും പുതുമ നിറഞ്ഞ രീതിയിലാണ് അനുഭവപ്പെട്ടത്. എസ്.ഐ. സന്തോഷ് സി.ജെ. എന്ന കഥാപാത്രം ബേസിലിന്റെ കൈയ്യില്‍ ഭദ്രമായിരുന്നു. വയലന്‍സ് ഒട്ടും ഇഷ്ടമില്ലാത്തൊരു പോലീസുകാരന്റെ വേഷം ഏറെ തന്മയത്വത്തോടെ അവതരിപ്പിച്ചിട്ടുണ്ട്. കേസന്വേഷണത്തിന്റെ ചടുലത പ്രേക്ഷകരിലേക്ക് പകരുന്നതില്‍ ബേസിലിന്റെ പ്രകടനമികവും ഡയലോഗ് ഡെലിവറിയും എടുത്തുപറയേണ്ടതാണ്. 

ചെമ്പന്റേയും ചാന്ദ്‌നിയുടേയും വേഷവും ഏറെ മികച്ചുനില്‍ക്കുന്നതാണ്. മറിമായത്തിലൂടെ മിനി സ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ടതാരമായ നിയാസ് ബക്കര്‍, സിലോണ്‍ എന്ന കഥാപാത്രമായി ചിത്രത്തില്‍ ഏവരേയും ഞെട്ടിച്ചിട്ടുണ്ട്. രൂപത്തിലും ഭാവത്തിലുമൊക്കെ തികച്ചും വേറിട്ട രീതിയിലുള്ള മേക്കോവറാണ് നിയാസ് നടത്തിയിരിക്കുന്നത്. ഷാപ്പുടമ ബാബു എന്ന കഥാപാത്രമായി ശിവജിത്തിന്റേയും പെര്‍ഫെക്ട് കാസ്റ്റിങ്ങാണ്. തോട്ട ബിജുവായി ശബരീഷ് വര്‍മയുടേയും പ്രകടനവും കൂടാതെ നിരവധി പുതുമുഖങ്ങളുടെ ശ്രദ്ധേയ പ്രകടനങ്ങളും സിനിമയിലുണ്ട്. 

'തൂമ്പ' എന്ന ഹ്രസ്വ ചിത്രമൊരുക്കി ശ്രദ്ധേയനായ ശ്രീരാജ് ശ്രീനിവാസനാണ് സിനിമയൊരുക്കിയിരിക്കുന്നത്. ഓരോ നിമിഷവും പ്രേക്ഷകരില്‍ ഉദ്വേഗം നിറയ്ക്കുന്ന രീതിയിലാണ് കഥയുടെ ഒഴുക്ക്. ഏറെ കൗതുകവും ആകാംക്ഷയും നിറയ്ക്കുന്ന രീതിയില്‍ ചിത്രം അണിയിച്ചൊരുക്കിയിട്ടുണ്ട് ശ്രീരാജ്. സിനിമയുടെ ആകെയുള്ളൊരു മൂഡ് നിലനിര്‍ത്തുന്നതില്‍ ഷൈജു ഖാലിദ് ഒരുക്കിയിരിക്കുന്ന ദൃശ്യങ്ങള്‍ ഏറെ സഹായകമാണ്. ഒരു ഷാപ്പിന്റേതായ അന്തരീക്ഷവും മറ്റുമൊക്കെ ക്രിയേറ്റ് ചെയ്യുന്നതില്‍ ക്യാമറ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. വിഷ്ണു വിജയ് ഒരുക്കിയിരിക്കുന്ന സംഗീതവും സിനിമയുടെ ജീവനാണ്. ഷെഫീഖ് മുഹമ്മദലിയുടെ ചിത്രസംയോജനവും ചിത്രത്തെ ചടുലമാക്കുന്നതില്‍ വലിയ പങ്കുവഹിച്ചിട്ടുണ്ട്. രണ്ടര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ചിത്രം ആദ്യാവസാനം പ്രേക്ഷകരെ പിടിച്ചിരുത്തുന്നതാണ്. കൗതുകം ജനിപ്പിക്കുന്ന കഥാഗതിയും ഓരോ സെക്കന്‍ഡും ആകാംക്ഷ നിറയ്ക്കുന്ന അവതരണവും കഥാപാത്രങ്ങളുടെ മികവുറ്റ പ്രകടനങ്ങളും സിനിമയുടെ ഹൈലൈറ്റാണ്. പ്രേക്ഷകരേവരും ചിത്രത്തെ ഇരുകൈയ്യും നീട്ടി ഏറ്റെടുത്തുകഴിഞ്ഞുവെന്നാണ് ചിത്രം രണ്ടാം വാരത്തിലേക്ക് കടക്കുമ്പോഴും തിയേറ്ററുകളില്‍ അനുഭവപ്പെടുന്ന തിരക്ക് സൂചിപ്പിക്കുന്നത്.

Content Highlights: Pravinkoodu Shappu enters second week