ഇത് ബ്രഹ്മാണ്ഡ ദൃശ്യ വിസ്മയം; പ്രഭാസിന്റെ ഹൊറര് ഫാന്റസി ചിത്രം 'രാജാസാബ്' ട്രെയിലര് പുറത്ത്

ബ്രഹ്മാണ്ഡ ദൃശ്യ വിരുന്നായി പ്രഭാസിന്റെ ഹൊറര് ഫാന്റസി ചിത്രം 'രാജാസാബി'ന്റെ ട്രെയിലര് പുറത്ത്. പേടിപ്പെടുത്തുന്നതും അതേസമയം അത്ഭുതം നിറയ്ക്കുന്നതുമായ ദൃശ്യങ്ങളുമായാണ് ട്രെയിലര് എത്തിയിരിക്കുന്നത്. ഐതിഹ്യങ്ങളും മിത്തുകളും എഡ്ജ് ഓഫ് ദ സീറ്റ് ത്രില്ലിങ് നിമിഷങ്ങളുമൊക്കെയായാണ് റിബല് സ്റ്റാര് പ്രഭാസിന്റെ പാന് - ഇന്ത്യന് ഹൊറര് ഫാന്റസി ത്രില്ലര് 'രാജാസാബ്' തിയേറ്ററുകളില് എത്തുന്നതെന്ന് ട്രെയിലര് സൂചന നല്കുന്നു. ജനുവരി 9നാണ് സിനിമയുടെ വേള്ഡ് വൈഡ് റിലീസ്.
പ്രഭാസിന്റെ ഇരട്ടവേഷം തന്നെയാണ് ട്രെയിലറിലെ ഹൈലൈറ്റ്. അതോടൊപ്പം സഞ്ജയ് ദത്തിന്റേയും വേറിട്ട വേഷപ്പകര്ച്ച ഏവരേയും വിസ്മയിപ്പിക്കും. ടി.ജി. വിശ്വപ്രസാദ് നിര്മിച്ച് മാരുതി സംവിധാനം ചെയ്യുന്നതാണ് ഈ ബിഗ് ബജറ്റ് ചിത്രം. 'രാജാ സാബി'ന്റെ വിസ്മയിപ്പിക്കുന്ന ടീസര് അടുത്തിടെ പുറത്തിറങ്ങിയത് ഏവരും ഏറ്റെടുത്തിരുന്നു. ഇപ്പോഴിതാ ഹൊററും ഫാന്റസിയും റൊമാന്സും കോമഡിയും മനംമയക്കുന്ന വിഎഫ്എക്സ് ദൃശ്യങ്ങളുമൊക്കെ സമന്വയിപ്പിച്ചെത്തിയിരിക്കുന്ന ട്രെയിലറും ഏവരിലും രോമാഞ്ചം തീര്ത്തിരിക്കുകയാണ്. ബോക്സോഫീസ് വിപ്ലവം തീര്ത്ത കല്ക്കി 2898 എ.ഡിക്ക് ശേഷം പ്രഭാസ് നായകനായി എത്തുന്ന ചിത്രം ഇന്ത്യന് സിനിമയില് സമാനതകളില്ലാത്തൊരു സൂപ്പര് നാച്ച്വറല് ദൃശ്യ വിരുന്ന് തന്നെയാകും ചിത്രമെന്നാണ് ലഭിക്കുന്ന സൂചനകള്.
പ്രഭാസിന് പുറമെ സഞ്ജയ് ദത്ത്, ബൊമന് ഇറാനി, സെറീന വഹാബ്, നിധി അഗര്വാള്, മാളവിക മോഹനന്, റിദ്ധി കുമാര് തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തില് ഒരുമിക്കുന്നത്. സമാനതകളില്ലാത്ത സ്റ്റൈലിലും സ്വാഗിലും കരിയറില് ഇതുവരെ അവതരിപ്പിക്കാത്ത രീതിയിലുള്ളൊരു പുതുപുത്തന് ലുക്കിലുമാണ് ചിത്രത്തില് പ്രഭാസിനെ ഡബിള് റോളില് അവതരിപ്പിച്ചിരിക്കുന്നത് എന്ന് മൂന്ന് മിനിറ്റിലേറെ ദൈര്ഘ്യമുള്ള ട്രെയിലര് സാക്ഷ്യപ്പെടുത്തുന്നുണ്ട്. കരിയറില് തന്നെ പ്രഭാസ് ഇതുവരെ ചെയ്യാത്ത രീതിയിലുള്ള വേഷമാകും ഇതെന്നാണ് ട്രെയിലര് തരുന്ന സൂചന. ആന്ധ്രപ്രദേശ്, തെലങ്കാന എന്നിവിടങ്ങളിലായി 105-ഓളം തീയേറ്ററുകളില് ഒരേസമയം ഇന്ന് ട്രെയിലര് സ്ക്രീനിങ് നടത്തുകയുമുണ്ടായി.
ഏവരേയും അതിശയിപ്പിക്കുന്ന അമാനുഷിക ഘടകങ്ങളും മിത്തുകളും ഒക്കെ സന്നിവേശിപ്പിച്ചുകൊണ്ട് എത്തുന്ന ഹൊറര് എന്റര്ടെയ്നറായ 'രാജാസാബ്' 'ഹൊറര് ഈസ് ദ ന്യൂ ഹ്യൂമര്' എന്ന ടാഗ് ലൈനുമായാണ് എത്തുന്നത്. ഫാമിലി എന്റര്ടെയ്നറായെത്തിയ 'പ്രതി റോജു പാണ്ഡഗെ', റൊമാന്റിക് കോമഡി ചിത്രമായ 'മഹാനുഭാവുഡു' എന്നീ സിനിമകള്ക്ക് ശേഷം മാരുതി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ദ രാജാ സാബ്'.
തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലായി പാന് ഇന്ത്യന് ചിത്രമായി പ്രദര്ശനത്തിനെത്തുന്ന രാജാസാബ് പീപ്പിള് മീഡിയ ഫാക്ടറിയുടെ ബാനറില് ടി.ജി. വിശ്വപ്രസാദാണ് ചിത്രം നിര്മ്മിക്കുന്നത്. ഇന്ത്യന് സിനിമയില് തന്നെ ഒരു ഹൊറര് സിനിമയ്ക്കുവേണ്ടി ഒരുക്കിയിട്ടുള്ള ഏറ്റവും വലിയ സെറ്റാണ് ചിത്രത്തിനായി ഒരുക്കിയിട്ടുള്ളത്. വിവേക് കുച്ചിബോട്ലയാണ് സഹനിര്മ്മാതാവ്. തമന് എസ്. സംഗീതം പകരുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം: കാര്ത്തിക് പളനി, ചിത്രസംയോജനം: കോത്തഗിരി വെങ്കിടേശ്വര റാവു, ഫൈറ്റ് കോറിയോഗ്രഫി: രാം ലക്ഷ്മണ് മാസ്റ്റേഴ്സ്, കിംഗ് സോളമന്, വിഎഫ്എക്സ്: ബാഹുബലി ഫെയിം ആര്.സി. കമല് കണ്ണന്, പ്രൊഡക്ഷന് ഡിസൈനര്: രാജീവന്, ക്രിയേറ്റീവ് പ്രൊഡ്യൂസര്: എസ് എന് കെ, പി.ആര്.ഒ.: ആതിര ദില്ജിത്ത്.
Content Highlights: The trailer for Prabhas' pan-India horror-fantasy 'Raja Saab', directed by Maruthi, has dropped, showcasing his double role, stunning VFX, myths, and thrills, set for January 9, 2026 release with Sanjay Dutt in a key role.