പ്രഭാസ് സിനിമയുടെ സെറ്റിൽ നടന് പ്രാണിയുടെ കടിയേറ്റ സംഭവം: നടി സുദീപയുടെ പോസ്റ്റ് നീക്കംചെയ്യപ്പെട്ടു

#Movies Desk
രാജേഷ് ശർമ | Photo: Facebook
രാജേഷ് ശർമ | Photo: Facebook

പ്രഭാസ് നായകനാവുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ വിഷമുള്ള പ്രാണിയുടെ കടിയേറ്റതിനെ തുടർന്ന് നടൻ രാജേഷ് ശർമയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ, വിവരം അറിയിച്ചുകൊണ്ട് നടി സുദീപ ചാറ്റർജി സാമൂഹികമാധ്യമങ്ങളിൽ പങ്കുവെച്ച പോസ്റ്റ് 24 മണിക്കൂറിനകം നീക്കം ചെയ്യപ്പെട്ടിരിക്കുകയാണ്. 45-കാരനായ നടന്റെ നില ഗുരുതരമായി തുടരുന്നതിന്റെ ഇടയിലാണിത്.

ഷൂട്ടിങ് അവസാനിച്ചശേഷം സാങ്കേതിക പ്രവർത്തകരുമായി സംസാരിച്ചു നിൽക്കെയാണ് രാജേഷ് ശർമയ്ക്ക് പ്രാണിയുടെ കടി ഏറ്റതെന്നായിരുന്നു കുറിപ്പിലുണ്ടായിരുന്നത്. കാടുപിടിച്ച സ്ഥലത്തായിരുന്നു അദ്ദേഹം നിന്നിരുന്നത്. കടിച്ചതേത് പ്രാണിയാണെന്നു വ്യക്തമല്ല. വിഷമുള്ള ചിലന്തിയോ, പ്രാണിയോ ആകാമെന്നാണ് അനുമാനം. ആദ്യം അത് ഗുരുതരമാണെന്ന് കരുതാതിരുന്നതിനാൽ അദ്ദേഹം ഉടൻ ചികിത്സ തേടിയില്ലെന്നും പിന്നീട് ആരോഗ്യനില വഷളായതിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നും സുദീപ പോസ്റ്റിൽ പറഞ്ഞിരുന്നു.

ഇതിനിടെ, ഓൾ ഇന്ത്യൻ സിനി വർക്കേഴ്‌സ് അസോസിയേഷൻ (എ.ഐ.സി.ഡബ്ല്യു.എ.) സംഭവത്തിൽ ഉന്നതതല അന്വേഷണം വേണമെന്ന് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയോട് ആവശ്യപ്പെട്ടു. ചിത്രത്തിന്റെ നിർമാതാക്കൾ രാജേഷ് ശർമയുടെ ചികിത്സാച്ചെലവ് വഹിക്കണമെന്നും, അന്വേഷണത്തിൽ അശ്രദ്ധ കണ്ടെത്തിയാൽ കർശന നിയമനടപടി സ്വീകരിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു. എക്‌സിലൂടെ പുറത്തുവിട്ട പ്രസ്താവനയിലാണ് എ.ഐ.സി.ഡബ്ല്യു.എ. ഇക്കാര്യം ആവശ്യപ്പെട്ടത്.

ചിത്രീകരണ സ്ഥലത്ത് മതിയായ അടിയന്തര ചികിത്സാ സംവിധാനങ്ങൾ ഉണ്ടായിരുന്നോയെന്ന് പ്രസിഡന്റ് സുരേഷ് ശ്യാംലാൽ ഗുപ്ത ചോദിച്ചു. ആരോഗ്യനില ഗുരുതരമായിരുന്നെങ്കിൽ രാജേഷ് ശർമയെ എന്തുകൊണ്ട് ഉടൻ ഹൈദരാബാദിലെ പ്രമുഖ ആശുപത്രിയിലേക്ക് മാറ്റിയില്ലെന്നും അദ്ദേഹം ചോദിച്ചു. സെറ്റിൽ അടിയന്തര വൈദ്യ സഹായങ്ങൾക്കുള്ള ക്രമീകരണങ്ങൾ ഉണ്ടായിരുന്നില്ലെന്നും ജോലിസ്ഥലത്തെ സുരക്ഷാമാനദണ്ഡങ്ങൾ പാലിച്ചിരുന്നില്ലെന്നും സംഘടന ആരോപിച്ചു. നടന്റെ ആരോഗ്യനില വഷളാകാൻ ഇടയായ സാഹചര്യങ്ങൾ കണ്ടെത്തി ഉത്തരവാദികൾക്കെതിരെ കർശന നിയമനടപടി സ്വീകരിക്കണമെന്നും അവർ ആവശ്യപ്പെട്ടു.

അതേസമയം രാജേഷ് ശർമ ഇപ്പോഴും ഡോക്ടർമാരുടെ കർശന നിരീക്ഷണത്തിലാണ്. അദ്ദേഹത്തിന്റെ ആരോഗ്യനിലയിൽ നേരിയ പുരോഗതിയുണ്ടെങ്കിലും അപകടനില പൂർണമായി തരണം ചെയ്തിട്ടില്ല. പ്രഭാസ് ചിത്രം ഫൗജിയുടെ ചിത്രീകരണത്തിനിടെയാണ് രാജേഷ് ശർമയ്ക്ക് പ്രാണിയുടെ കടിയേറ്റത്.

Content Highlights: Actor Rajesh Sharma was hospitalized after being bitten by a poisonous insect or spider on the dense forest set of Prabhas's upcoming movie, Fauji. Actress Sudipa Chatterjee shared this incident on social media, but her post was mysteriously deleted within 24 hours while the 45-year-old actor's condition remains critical. Initially, the bite was not taken seriously, which delayed medical treatment and caused the actor's health condition to deteriorate severely. The All Indian Cine Workers Association (AICWA) has formally requested Telangana Chief Minister Revanth Reddy to launch a high-level probe into the safety standards of the movie set. AICWA President Suresh Shyamlal Gupta questioned the lack of emergency medical facilities on site and demanded that the film's producers cover all medical expenses