പൂനത്തിന്റെ മരണവാര്‍ത്ത അറിയിച്ചത് സഹോദരി, കുടുംബത്തെക്കുറിച്ച് വിവരമൊന്നുമില്ല; അടിമുടി ദുരൂഹത

സിനിമാ-മോഡലിങ് രംഗത്തുള്ളവര്‍ വെള്ളിയാഴ്ച രാവിലെ ഉണര്‍ന്നത് പ്രശസ്ത മോഡലും ബോളിവുഡ് താരവുമായ പൂനം പാണ്ഡെയുടെ മരണവാര്‍ത്ത കേട്ടാണ്. എന്നാല്‍, പലര്‍ക്കും വാര്‍ത്ത വിശ്വസിക്കാന്‍കഴിഞ്ഞില്ല. 32 വയസ്സുള്ള പൂനത്തിന്റെ വിയോഗമറിയിക്കുന്ന പോസ്റ്റ് അവരുടെ ഔദ്യോഗിക ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലാണ് പ്രത്യക്ഷപ്പെട്ടത്.
തുടര്‍ന്ന്, ദേശീയമാധ്യമങ്ങള്‍ ഉള്‍പ്പെടെ ഇക്കാര്യം വാര്‍ത്തയാക്കി. ഭൂരിഭാഗം മാധ്യമങ്ങളുടെയും വാര്‍ത്തയ്ക്ക് അടിസ്ഥാനം ഈ ഇന്‍സ്റ്റാഗ്രാം പോസ്റ്റാണ്. പൂനത്തിന്റെ വിയോഗവാര്‍ത്ത, അവരുടെ മാനേജര്‍ നികിത ശര്‍മ സ്ഥിരീകരിക്കുകയും ചെയ്തു. ഇതോടെ ബോളിവുഡിലെ താരങ്ങളായ കങ്കണ റണൗട്ട് മുതല്‍ ഒട്ടേറെപ്പേര്‍ വിയോഗത്തില്‍ അനുശോചിച്ചു. പൂനം പാണ്ഡെ മരിച്ചിട്ടില്ലെന്നും അവര്‍ ആടിയ നാടകമാണിതെന്നുമുള്ള വാര്‍ത്തകള്‍ വിവിധ മാധ്യമങ്ങളുടെ വെബ്‌സൈറ്റുകളില്‍ വന്നു.
മരണവാര്‍ത്തയില്‍ ആശങ്കരേഖപ്പെടുത്തുകയാണ് നടിയുടെ പി.ആര്‍ ഏജന്‍സിയിപ്പോള്‍. പൂനത്തിന്റെ സഹോദരിയാണ് തങ്ങളെ വിളിച്ചതെന്നും പിന്നീട് കുടുംബത്തെക്കുറിച്ച് യാതൊരു വിവരമില്ലെന്നും പി.ആര്‍ ഏജന്‍സി ദേശീയ മാധ്യമങ്ങളോട് പറഞ്ഞു.
''പൂനത്തിന്റെ സഹോദരിയാണ് മരണവിവരം അറിയിച്ചത്. എന്നാല്‍ ഇപ്പോള്‍ കുടുംബവുമായി ബന്ധപ്പെടുമ്പോള്‍ പ്രതികരണമൊന്നും ലഭിക്കുന്നില്ല. ഞങ്ങള്‍ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കാന്‍ കാത്തിരിക്കുകയാണ്.''
വാര്‍ത്താ ഏജന്‍സികളുംനടി മരിച്ചെന്ന വാര്‍ത്ത നല്‍കിയിരുന്നു. ഗര്‍ഭാശയമുഖത്തെ അര്‍ബുദമാണ് മരണകാരണമെന്ന് ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചിട്ടുണ്ട്. ഈ രോഗത്തെ സംബന്ധിച്ച ഒരു കാര്യവും പൂനം പാണ്ഡെ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ജനുവരി 29 വരെ പോസ്റ്റ്‌ചെയ്ത ചിത്രങ്ങളിലും വീഡിയോകളിലും പൂര്‍ണ ആരോഗ്യവതിയായാണ് പൂനം പാണ്ഡെ കാണപ്പെട്ടത്. മാത്രമല്ല, ഇവരുടെ മരണത്തെക്കുറിച്ച് കുടുംബാംഗങ്ങളുടെ പ്രതികരണമോ മരണം നടന്ന ആശുപത്രിയുടെ വിവരങ്ങളോ ഇതുവരെയും പുറത്തുവന്നിട്ടില്ല. സംസ്‌കാരം ജന്മസ്ഥലമായ കാന്‍പുരില്‍ നടക്കുമെന്നും മുംബൈയിലെ ബോളിവുഡ് പത്രപ്രവര്‍ത്തകരുടെ കൂട്ടായ്മയോട് മാനേജര്‍ നികിത ശര്‍മ രാത്രി വ്യക്തമാക്കിയെങ്കിലും ദുരൂഹത മാറുന്നില്ല.
പതിനൊന്നു വര്‍ഷമായി പൂനത്തിന്റെ ബോഡിഗാര്‍ഡായി പ്രവര്‍ത്തിക്കുന്ന അമീന്‍ ഖാന്‍ സോഷ്യല്‍ മീഡിയയില്‍ നിന്നാണ് മരണവാര്‍ത്ത അറിഞ്ഞത്. മരണവാര്‍ത്ത കേട്ട് ഞെട്ടിപ്പോയെന്നും വിശ്വസിക്കാനാകുന്നില്ലെന്നും അമീന്‍ ഖാന്‍ പറഞ്ഞു. നടിയുടെ സഹോദരിയെ ഫോണിലൂടെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ലെന്നും അമീന്‍ വ്യക്തമാക്കി. പൂനം എപ്പോഴും ആരോഗ്യകാര്യത്തില്‍ ശ്രദ്ധാലുവായിരുന്നെന്നും എന്തെങ്കിലും അസുഖമുള്ളതിനെക്കുറിച്ച് പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അസുഖമുള്ളതിന്റെ യാതൊരു ലക്ഷണവും നടിക്കില്ലായിരുന്നുവെന്നും സ്വന്തമായി അവര്‍ക്കൊരു ട്രെയിനര്‍ ഉണ്ടെന്നും അമീന്‍ കൂട്ടിച്ചേര്‍ത്തു.
ഫെബ്രുവരി നാല് ലോക അര്‍ബുദദിനമാണ്. അതുമായി ബന്ധപ്പെട്ടുനടത്തിയ നാടകമാണിതെന്ന വാര്‍ത്തകളും സജീവമായി. ഗൂഗിള്‍ ന്യൂസ് ഇനീഷ്യേറ്റീവിന്റെ ഫാക്ട് ചെക്കര്‍മാരുടെ ദേശീയ നെറ്റ്വര്‍ക്കിലുള്ള മുംബൈ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മാധ്യമപ്രവര്‍ത്തക പൂനത്തിന്റെ സംഘത്തിലെ ഒരു വ്യക്തിയുമായി ബന്ധപ്പെട്ടെന്ന് അറിയിച്ചിട്ടുണ്ട്. എന്നാല്‍, ഇത് നാടകമാണോ സത്യമാണോയെന്ന കാര്യം അവര്‍ക്കും സ്ഥിരീകരിക്കാനായില്ല.
Content Highlights: poonam pandey deathnews is fake?, Bollywood actress passed away, cervical cancer, social media buzz