ഡാകു മഹാരാജ് റിലീസ് ആഘോഷത്തിന് ആടിനെ ബലിനല്‍കി; ബാലയ്യ ആരാധകര്‍ക്കെതിരേ പോലീസ് കേസ്

Photo: Facebook/Nandamuri Balakrishna
Photo: Facebook/Nandamuri Balakrishna

തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നന്ദമൂരി ബാലകൃഷ്ണയുടെ പുതിയ ആക്ഷന്‍ ചിത്രമായ ഡാകു മഹാരാജിന്റെ റിലീസ് ആഘോഷത്തിന്റെ ഭാഗമായി ആടിനെ ബലിയര്‍പ്പിച്ച സംഭവത്തിനെതിരേ കേസെടുത്ത് തിരുപ്പതി പോലീസ്. മൃഗസംരക്ഷണ സംഘടനയായ പെറ്റ (പീപ്പിള്‍ ഫോര്‍ ദി എത്തിക്കന്‍ ട്രീറ്റ്‌മെന്റ് ഓഫ് ആനിമല്‍) നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തിരിക്കുന്നത്. പെറ്റയുടെ വെബ്‌സൈറ്റില്‍ നല്‍കിയിട്ടുള്ള വിവരം അനുസരിച്ച് അഞ്ചുപേര്‍ക്കെതിരേയാണ് കേസ്.

ആഘോഷത്തിന്റെ ഭാഗമായി ബാലകൃഷ്ണയുടെ ആരാധാകര്‍ ഒരു ആടിനെ കഴുത്തറുത്ത് കൊല്ലുന്നതും ആഹ്ലാദ പ്രകടനത്തിനിടെ ആടിന്റെ രക്തം സിനിമ പോസ്റ്ററില്‍ പുരട്ടുന്നതിന്റെയും ഉള്‍പ്പെടെയുള്ള വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവരികയും വൈറലാകുകയും ചെയ്തിരുന്നു. ആരാധകരുടെ ഈ പ്രവര്‍ത്തിയെ വിമര്‍ശിച്ച് നിരവധി ആളുകള്‍ രംഗത്തെത്തിയതോടെയാണ് പെറ്റ ഈ വിഷയം ഏറ്റെടുത്തതും നിയമനടപടി സ്വീകരിക്കുകയും ചെയ്തതെന്നാണ് റിപ്പോര്‍ട്ടുകള്‍. 

ഇതിന്റെ അടിസ്ഥാനത്തില്‍ ഭാരതീയ ന്യയ സംഹിതയിലെ 325, 270 എന്നീ വകുപ്പുകള്‍ ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ഇതിനുപുറമെ, ആന്ധ്രാപ്രദേശ് ആനിമല്‍ ആന്‍ഡ് ബേഡ്‌സ് സാക്രിഫൈസ് പ്രൊഹിബിഷന്‍ ആക്ട് 1950-ലെ അഞ്ച്, ആറ് വകുപ്പുകള്‍ അനുസരിച്ചും മൃഗങ്ങളോടുള്ള ക്രൂരതതടയല്‍ നിയമത്തിലെ 3,11(1)എ, 11(1)എല്‍ എന്നീ വകുപ്പുകള്‍ അനുസരിച്ചും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നാണ് പെറ്റ അറിയിച്ചിരിക്കുന്നത്. 

ഒരു മൃഗത്തെ കൊന്ന് അതിന്റെ രക്തം പോസ്റ്ററില്‍ തേക്കുന്നത് നിങ്ങളെ ഒരു സൂപ്പര്‍ ആരാധകനാക്കില്ല. മറിച്ച് ഒരു കുറ്റവാളിയും വില്ലനുമായിരിക്കും ആക്കുക. ഒരു ആരാധകന്‍ തന്റെ സൂപ്പര്‍ സ്റ്റാറിനെ ആരാധിക്കുന്നത് അയാളുടെ സിനിമയുടെ ടിക്കറ്റും ആയാളുടെ പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കിട്ടുമായിരിക്കണം. അല്ലാതെ ക്രൂരതയും ആക്രമവും കൊണ്ടായിരിക്കരുതെന്ന് പെറ്റ ഇന്ത്യയുടെ കോഡിനേറ്റര്‍ സലോനി സ്‌കറിയ ന്യൂസ് 18-നോട് പ്രതികരിച്ചു.

ഡാകു മഹാരാജിലെ നൃത്തരംഗത്തിനെതിരേ അടുത്തിടെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. 'ദബിഡി ദിബിഡി' എന്നു തുടങ്ങുന്ന ലിറിക്കല്‍ വീഡിയോ നിര്‍മാതാക്കള്‍ പുറത്തുവിട്ടതോടെയാണ് പല കോണില്‍ നിന്നും വിമര്‍ശനം ഉയര്‍ന്നത്. സ്ത്രീയെ അപമാനിക്കുന്നതും ഗാനത്തിന് ഒട്ടും യോജിക്കാത്തതുമാണ് ബാലകൃഷ്ണയുടെ സ്റ്റെപ്പുകളെന്നാണ് വിമര്‍ശനം. ബാലകൃഷ്ണയ്‌ക്കൊപ്പം ചിത്രത്തിലെ നായികയും ബോളിവുഡ് നടിയുമായ ഉര്‍വശി റൗട്ടേലയാണ് നൃത്തരംഗത്തുള്ളത്.

Content Highlights: Police filed a case against 5 people for animal sacrifice during the release of Balakrishnas film