മുഖ്യമന്ത്രിയുടെ ക്രിസ്മസ് വിരുന്നിൽ അതിഥിയായി നടി ഭാവന; ചിത്രം പങ്കുവെച്ച് മന്ത്രി

#Movies Desk
ഭാവന വി. ശിവൻകുട്ടിക്കും പിണറായി വിജയനുമൊപ്പം | Photo: Facebook/ V Sivankutty
ഭാവന വി. ശിവൻകുട്ടിക്കും പിണറായി വിജയനുമൊപ്പം | Photo: Facebook/ V Sivankutty

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ക്രിസ്മസ് വിരുന്നിൽ അതിഥിയായി നടി ഭാവന. ചൊവ്വാഴ്ച ഉച്ചയ്ക്ക് തലസ്ഥാനത്തുനടന്ന വിരുന്നിലാണ് നടി പങ്കെടുത്തത്. നടി വിരുന്നിൽ പങ്കെടുത്തതിന്റെ ചിത്രം മന്ത്രി വി. ശിവൻകുട്ടിയുൾപ്പെടെ പങ്കുവെച്ചു.

മതനേതാക്കൾ, സാമൂഹിക- സാംസ്‌കാരിക പ്രവർത്തകർ, രാഷ്ട്രീയനേതാക്കൾ ഉൾപ്പെടെ സമൂഹത്തിന്റെ വിവിധ തുറകളിൽനിന്നുള്ളവർ വിരുന്നിൽ പങ്കെടുത്തു. ഗവർണർ രാജേന്ദ്ര വിശ്വനാഥ ആർലേക്കറെ വിരുന്നിലേക്ക് ക്ഷണിച്ചിരുന്നെങ്കിലും ഗോവയിലായിരുന്നതിനാൽ അദ്ദേഹം പങ്കെടുത്തില്ല. ലോക്ഭവനിൽ നടക്കുന്ന ഗവർണറുടെ വിരുന്നിൽ മുഖ്യമന്ത്രി പങ്കെടുത്തേക്കും. 22-നാണ് ലോക്ഭവനിലെ വിരുന്ന്.

നേരത്തെ, 26-ാം കേരളാ രാജ്യാന്തര ചലച്ചിത്ര മേളയുടെ ഉദ്ഘാടനച്ചടങ്ങിൽ നടി പങ്കെടുത്തിരുന്നു. ബംഗ്ലാദേശ് നടി അസ്മരി ഹഖ്, സംവിധായകൻ അനുരാഗ് കശ്യപ് എന്നിവർക്കൊപ്പമാണ് അന്ന് ഭാവന വേദിയിലെത്തിയത്.

ചലച്ചിത്രമേള വേദിയിൽ അപ്രതീക്ഷിത അതിഥിയായാണ് ഭാവന എത്തിയത്. ഉദ്ഘാടന ചടങ്ങിൽ അവർ പങ്കെടുക്കുന്ന വിവരം നേരത്തേ പുറത്തുവിട്ടിരുന്നില്ല. ചലച്ചിത്ര അക്കാദമി ചെയർമാനും മേളയുടെ ഡയറക്ടറുമായ രഞ്ജിത് അതിഥികളെ വേദിയിലേക്ക് ക്ഷണിക്കുമ്പോൾ മാത്രമാണ് ഇക്കാര്യം പുറത്തായത്. പോരാട്ടത്തിന്റെ പെൺപ്രതീകമാണെന്ന് വിശേഷിപ്പിച്ചാണ് ഭാവനയെ രഞ്ജിത് വേദിയിലേക്ക് ക്ഷണിച്ചത്.

Content Highlights: Bhavana participates in Pinarayi Vijayan Christmas feast