പവൻ കല്യാണിന് ദേഹാസ്വാസ്ഥ്യം, ശസ്ത്രക്രിയയ്ക്ക് വിധേയനായി, എല്ലാം ശുഭകരമെന്ന് ഭാര്യ

ആന്ധ്രപ്രദേശ് ഉപമുഖ്യമന്ത്രിയും തെലുങ്ക് സൂപ്പർതാരവുമായ പവൻ കല്യാൺ ശസ്ത്രക്രിയയ്ക്ക് വിധേയനായി. ശനിയാഴ്ച വൈകീട്ടായിരുന്നു ശസ്ത്രക്രിയ. വെള്ളിയാഴ്ച കാലത്ത് ഉദ്യോഗസ്ഥരുമായി കൂടിയാലോചനകൾ നടത്തുന്നതിനിടെ കടുത്ത ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെടുകയായിരുന്നു. നിലവിൽ അദ്ദേഹം സുഖം പ്രാപിച്ചു വരികയാണെന്ന് ഭാര്യ അന്ന ലെഷ്നേവ അറിയിച്ചു.
കഴിഞ്ഞ ഏതാനും മാസങ്ങളായി പവൻ കല്യാണിന് ചില ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നു എന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. വെള്ളിയാഴ്ച അസുഖം ബാധിച്ചതിനെത്തുടർന്ന് തന്റെ ഔദ്യോഗിക പരിപാടികൾ റദ്ദാക്കിയ അദ്ദേഹം ഉടൻ ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. അവിടെ വെച്ച് നടത്തിയ വിശദമായ പരിശോധനകൾക്കും എംആർഐ (MRI) സ്കാനിംഗിനും ശേഷമാണ് ശസ്ത്രക്രിയ ആവശ്യമാണെന്ന് ഡോക്ടർമാർ തീരുമാനിച്ചത്. ഏഴ് മുതൽ പത്ത് ദിവസം വരെ വിശ്രമിക്കാൻ ഡോക്ടർമാർ അദ്ദേഹത്തോട് നിർദ്ദേശിച്ചിട്ടുണ്ട്. പൂർണമായി സുഖം പ്രാപിക്കാൻ കൂടുതൽ സമയം വേണ്ടിവരുമെന്നും ദീർഘകാല മുൻകരുതലുകൾ ആവശ്യമാണെന്നും മെഡിക്കൽ സംഘം വ്യക്തമാക്കിയിട്ടുണ്ട്.
"അദ്ദേഹം സുഖം പ്രാപിച്ചു വരുന്നു, എല്ലാം ശുഭകരമാണ്, നന്ദി" എന്നാണ് ഇൻസ്റ്റാഗ്രാമിലൂടെ അന്ന കുറിച്ചത്.
ശസ്ത്രക്രിയ വാർത്ത പുറത്തുവന്നതോടെ സിനിമ-രാഷ്ട്രീയ മേഖലയിലുള്ള പ്രമുഖർ അദ്ദേഹത്തിന് ആശംസകളുമായി രംഗത്തെത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദി പവൻ കല്യാണുമായി സംസാരിക്കുകയും അദ്ദേഹത്തിന്റെ ക്ഷേമം അന്വേഷിക്കുകയും ചെയ്തു. പവൻ കല്യാൺ അസാമാന്യ ധൈര്യശാലിയാണെന്നും അദ്ദേഹം വേഗത്തിൽ സുഖം പ്രാപിക്കുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും പ്രധാനമന്ത്രി എക്‌സിൽ കുറിച്ചു.
പൂർണ ആരോഗ്യവാനായി പവൻ കല്യാൺ ഉടൻ തന്നെ ജനസേവനത്തിലേക്ക് തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകരും അനുയായികളും. നിലവിൽ ഡോക്ടർമാരുടെ നിരീക്ഷണത്തിൽ കഴിയുന്ന അദ്ദേഹം വിശ്രമത്തിനുശേഷം മാത്രമേ ഔദ്യോഗിക പരിപാടികളിൽ പങ്കെടുക്കുകയുള്ളൂ. നടൻ സായ് ധരം തേജ്, നാഗ ബാബു കൊനിഡേല തുടങ്ങിയവരും അദ്ദേഹത്തിന്റെ വേഗത്തിലുള്ള തിരിച്ചുവരവിനായി പ്രാർഥിക്കുന്നതായി പറഞ്ഞു.
Content Highlights: Andhra Pradesh Deputy CM and superstar Pawan Kalyan is recovering steadily after undergoing a necessary surgery on Saturday following sudden physical discomfort; PM Narendra Modi and various film personalities have extended their wishes for his speedy recovery.