മലയാള സിനിമ എന്നെ വെറുത്ത് ഭ്രഷ്ട് കൽപ്പിച്ചില്ല; അതിന്റെ വില ഇപ്പോൾ കൂടുതൽ മനസ്സിലാക്കുന്നു- പാർവതി

#Movies Desk
പാര്‍വതി തിരുവോത്ത്‌ | Photo: Screen grab/ Mathrubhumi News
പാര്‍വതി തിരുവോത്ത്‌ | Photo: Screen grab/ Mathrubhumi News

താൻ സ്വീകരിച്ച നിലപാടുകളുടെ പേരിൽ മലയാളം സിനിമാ ഇൻഡസ്ട്രി തന്നെ വെറുത്ത് ഭ്രഷ്ട് കൽപ്പിച്ചിട്ടില്ലെന്ന് നടി പാർവതി തിരുവോത്ത്. മലയാളത്തിൽ തുടങ്ങാൻ കഴിഞ്ഞതിൽ താൻ ഭാഗ്യവതിയാണ്. താൻ ധരിക്കുന്ന വേഷത്തിന് അനുസരിച്ചല്ല വില കൽപ്പിക്കപ്പെട്ടത്. അതിന്റെ മൂല്യം താനിപ്പോൾ മനസ്സിലാക്കുന്നതായും പാർവതി പറഞ്ഞു. 'പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ' എന്ന ചിത്രത്തിന്റെ റിലീസിന് മുൻപായി മാതൃഭൂമി ന്യൂസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു പാർവതി. സിനിമകളിലെ ബോഡി ടൈപ്പിനെക്കുറിച്ച് ചർച്ചകൾക്ക് തുടക്കമിട്ടതിനെക്കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അവർ.

'മലയാളം സിനിമാ ഇൻഡസ്ട്രിയിൽ ആദ്യ ചുവടുകൾ വെച്ചതിൽ ഞാൻ ഭാഗ്യവതിയാണ്. ഇവിടെ എന്റെ നിലപാടുകൾ പറയാനുള്ള ഇടവും അതിനെ പിന്തുണയ്ക്കുന്ന മാധ്യമങ്ങളുമുണ്ട്. മറ്റ് പല ഇൻഡസ്ട്രിയിലും അതില്ലെന്നത് ഞാൻ ഞെട്ടലോടെയാണ് തിരിച്ചറിഞ്ഞത്. തെലുങ്കിലൊന്നും അങ്ങനെ സംസാരിക്കാൻ പറ്റില്ല', അവതാരകയുടെ ചോദ്യത്തിന് മറുപടിയായി പാർവതി പറഞ്ഞു.

'പുതുതായി വന്ന ആളെന്ന നിലയിൽ എനിക്ക് എന്റെ ഫിലോസഫി പറയാം. ഫെമിനിസ്റ്റ് എന്ന രീതിയിൽ എന്നെ സ്വയം അവതരിപ്പിച്ചിട്ടും അതിന് എതിർപ്പൊന്നും ഉണ്ടായില്ല. പാർവതി ഭയങ്കരമായി സംസാരിക്കുന്നു എന്നല്ലാതെ, എന്നെ വെറുത്ത് ഭ്രഷ്ട് കൽപ്പിച്ചിട്ടില്ല. അത് വലിയ ഭാഗ്യമാണ്', അവർ അഭിപ്രായപ്പെട്ടു.

'അന്നൊക്കെ അച്ഛന്റെ ഷർട്ടിട്ട് അഭിമുഖത്തിന് വന്നിരിക്കും. ലെൻസ് ഇടാതെ കണ്ണട ധരിച്ച് മേക്കപ്പ് ഇല്ലാതെ വന്നാലും, എന്റെ വേഷത്തിന് അനുസരിച്ച് എന്റെ പ്രാധാന്യം നിശ്ചയിക്കപ്പെട്ടിരുന്നില്ല. അതിന്റെ വില ഞാനിപ്പോൾ കൂടുതൽ മനസ്സിലാക്കുന്നു', പാർവതി കൂട്ടിച്ചേർത്തു.

Content Highlights: Actress Parvathy Thiruvothu stated that the Malayalam film industry has never hated or ostracized her for taking strong personal stances. Speaking in an interview with Mathrubhumi News ahead of her film Pradhama Drishtya Kuttakkar, she expressed feeling fortunate to start her career in Mollywood. She highlighted that unlike other language industries, such as Telugu, Malayalam cinema and media provided her with a safe space to express her views freely. Parvathy noted that despite identifying as a feminist and attending interviews casually without makeup, her worth was never judged by her appearance. She concluded by sharing that she now realizes and appreciates the true value of the artistic freedom and respect she received in Kerala.