‘ജനനായകനെ തടയാൻ നോക്കിയത് ഞങ്ങളാണോ?’; ‘പരാശക്തി’ക്കെതിരെ ആസൂത്രിത സൈബർ ആക്രമണം നടക്കുന്നെന്ന് നടൻ

#മൂവി ഡെസ്ക്
ദേവ് രാംനാഥ്, വിജയ് | ഫോട്ടോ: Instagram, X
ദേവ് രാംനാഥ്, വിജയ് | ഫോട്ടോ: Instagram, X

'പരാശക്തി' സിനിമയ്ക്കെതിരേ നടക്കുന്ന ആസൂത്രിതമായ സൈബർ ആക്രമണങ്ങളെ അപലപിച്ച് നടനും നിർമാതാവുമായ ദേവ് രാംനാഥ്. നടൻ വിജയ്‍യുടെ ആരാധകർ മനഃപൂർവം ചിത്രത്തിന് മോശം റേറ്റിംഗും നെഗറ്റീവ് റിവ്യൂകളും നൽകി സിനിമയെ തകർക്കാൻ ശ്രമിക്കുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. സെൻസർ ബോർഡ് അനുമതി വൈകിയത് ഉൾപ്പെടെയുള്ള നിരവധി പ്രതിസന്ധികൾ മറികടന്നാണ് ചിത്രം തീയേറ്ററുകളിൽ എത്തിയതെന്ന് രാംനാഥ് വ്യക്തമാക്കി. ആരോഗ്യകരമായ മത്സരത്തിന് പകരം ഇത്തരം വിദ്വേഷ പ്രചാരണങ്ങൾ സിനിമ മേഖലയ്ക്ക് ഗുണകരമല്ലെന്നും അദ്ദേഹം ഓർമിപ്പിച്ചു.

സിനിമയുടെ പ്രതിച്ഛായ തകർക്കാൻ ലക്ഷ്യമിട്ടുള്ള ബോധപൂർവമായ ശ്രമങ്ങളാണ് ഓൺലൈനിൽ നടക്കുന്നതെന്ന് എക്സിൽ പങ്കുവെച്ച കുറിപ്പിൽ രാംനാഥ് ചൂണ്ടിക്കാട്ടി. പഴയ വീഡിയോ ക്ലിപ്പുകൾ പ്രചരിപ്പിക്കുക, ബുക്ക് മൈ ഷോ പോലുള്ള പ്ലാറ്റ്‌ഫോമുകളിൽ ബോധപൂർവം കുറഞ്ഞ റേറ്റിംഗ് നൽകുക, തിയേറ്ററുകളിൽ രാഷ്ട്രീയ മുദ്രാവാക്യങ്ങൾ മുഴക്കാൻ ആളുകളെ പ്രേരിപ്പിക്കുക തുടങ്ങിയ കാര്യങ്ങൾ ഇവർ ചെയ്യുന്നുണ്ടെന്ന് അദ്ദേഹം ആരോപിക്കുന്നു. ആരോഗ്യകരമായ മത്സരത്തെ തകർക്കുന്ന ഇത്തരം പ്രവണതകൾ സിനിമാ വ്യവസായത്തിന് ദോഷകരമാണെന്നും അദ്ദേഹം പറഞ്ഞു.
 

പരാശക്തി എന്ന സിനിമയുടെ റിലീസ് തീയതി തങ്ങൾ ആദ്യം തന്നെ പ്രഖ്യാപിച്ചതാണെന്നും മറ്റൊരു ചിത്രത്തെ തടയാൻ തങ്ങൾ ശ്രമിച്ചിട്ടില്ലെന്നും രാംനാഥ് വ്യക്തമാക്കി. തന്റെ സിനിമയ്ക്ക് സെൻസർ ബോർഡ് (CBFC) സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനായി ചെന്നൈയിലും മുംബൈയിലുമുള്ള ഓഫീസുകളിൽ താൻ നിരന്തരം കയറിയിറങ്ങിയെന്നും റിലീസിന് 18 മണിക്കൂർ മുമ്പ് മാത്രമാണ് അനുമതി ലഭിച്ചതെന്നും അദ്ദേഹം വെളിപ്പെടുത്തി. ചിത്രം നേരിട്ട വെല്ലുവിളികൾ 'ജനനായകൻ' ടീമിന്റേതിന് സമാനമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

"സിനിമാ പ്രേമി എന്ന നിലയിൽ പറയട്ടെ, ഇതൊരിക്കലും നമുക്ക് ആർക്കും നല്ലതല്ല. #പരാശക്തി' എന്നത് വിദ്യാർത്ഥി പ്രസ്ഥാനത്തെക്കുറിച്ചുള്ളതാണ്, അത് നമ്മൾ തമിഴ്ജനതയ്ക്ക് അഭിമാനിക്കാവുന്ന ഒന്നാണ്. നമ്മുടെ വിദ്യാർത്ഥികൾ പോരാടിയത് പോലെ തന്നെ ഞങ്ങൾ ഇതിനെതിരെയും പോരാടും," അദ്ദേഹം തന്റെ പ്രസ്താവന അവസാനിപ്പിക്കുന്നതിങ്ങനെ.

വിജയ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നതിന് മുന്നോടിയായുള്ള അവസാന ചിത്രമായ 'ജനനായകൻ' ആദ്യം ജനുവരി 9-ന് റിലീസ് ചെയ്യാനാണ് നിശ്ചയിച്ചിരുന്നത്. എന്നാൽ സെൻസർ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട കേസിൽ മദ്രാസ് ഹൈക്കോടതി തീർപ്പ് കൽപ്പിക്കുന്നത് ജനുവരി 21-ലേക്ക് മാറ്റിയതോടെ ഈ സിനിമയുടെ റിലീസ് വൈകി. പരാശക്തി എന്ന ചിത്രം നേരത്തേ നിശ്ചയിച്ച പ്രകാരം പത്താംതീയതി എത്തി. ശിവ കാർത്തികേയൻ, രവി മോഹൻ, അഥർവ, ശ്രീലീല എന്നിവരാണ് പരാശക്തി എന്ന ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ.

Content Highlights: "Parasakthi" Release Amidst Allegations of Sabotage: Dev Ramnath Speaks Out