ഹോട്ടലിൽ ഭക്ഷണത്തിന് പണം കൊടുത്തെങ്കിലും പാത്രം കഴുകേണ്ടിവന്നു; ജാതിവിവേചനം നേരിട്ടിട്ടുണ്ടെന്ന് നടൻ

#മൂവി ഡെസ്ക്
നടൻ വിനോദ് സൂര്യവംശി | ഫോട്ടോ: www.instagram.com/vinodsuryavanshi2011/
നടൻ വിനോദ് സൂര്യവംശി | ഫോട്ടോ: www.instagram.com/vinodsuryavanshi2011/

ന്റെ ജീവിതത്തിൽ നേരിടേണ്ടി വന്ന കടുത്ത ജാതിവിവേചനത്തെയും ദാരിദ്ര്യത്തെയും കുറിച്ച് വെളിപ്പെടുത്തി 'പഞ്ചായത്ത്' എന്ന പ്രശസ്തമായ വെബ് സീരീസിലൂടെ ശ്രദ്ധേയനായ നടൻ വിനോദ് സൂര്യവംശി. കർണാടകയിലെ തന്റെ ജന്മനാട്ടിൽ ഇന്നും ജാതി വ്യവസ്ഥ എത്രത്തോളം ശക്തമാണെന്ന് അദ്ദേഹം ഒരു അഭിമുഖത്തിൽ തുറന്നുപറഞ്ഞു. തന്റെ വിജയകരമായ അഭിനയ ജീവിതത്തിന് പിന്നിൽ കണ്ണീരിന്റെയും അവഗണനയുടെയും വലിയൊരു കഥയുണ്ടെന്ന് വിനോദ് വ്യക്തമാക്കി.

"കർണാടകയിലെ എൻ്റെ ഗ്രാമത്തിൽ, ഇപ്പോഴും ജാതിവിവേചനം നിലവിലുണ്ട്. ആ ഗ്രാമത്തിൽ രണ്ട് ഭാഗങ്ങളുണ്ട് - ഒന്ന് ഉയർന്ന ജാതിക്കാർക്കും മറ്റൊന്ന് താഴ്ന്ന ജാതിക്കാർക്കും. ദളിതർ താമസിക്കുന്ന ഭാഗം ഗ്രാമത്തിൽ നിന്ന് വേറിട്ടതാണ്. ഒരിക്കൽ, ഞാൻ എൻ്റെ അച്ഛനോടൊപ്പം ഗ്രാമത്തിൽ പോയപ്പോൾ, ഒരു ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചു. ഭക്ഷണത്തിന് പണം കൊടുത്തെങ്കിലും ഞങ്ങൾക്ക് ഞങ്ങളുടെ പാത്രങ്ങൾ കഴുകേണ്ടി വന്നു. അന്നെനിക്ക് എനിക്ക് 12 വയസ്സായിരുന്നു. ഇപ്പോഴും എൻ്റെ ഗ്രാമത്തിൽ ഞങ്ങൾക്ക് പ്രവേശനം നിഷേധിക്കുന്ന ഒരു ക്ഷേത്രമുണ്ട്," വിനോദ് പറഞ്ഞു.

കടുത്ത ദാരിദ്ര്യത്തിലാണ് വളർന്നതെന്നും വിനോദ് വെളിപ്പെടുത്തി. ഉത്സവങ്ങൾ വരുമ്പോൾ മിക്കവരും സന്തോഷിക്കുമ്പോൾ, താനും കുടുംബവും കരയുമായിരുന്നു. കാരണം മറ്റുള്ളവരെപ്പോലെ അവ ആഘോഷിക്കാൻ അവർക്ക് കഴിഞ്ഞിരുന്നില്ലെന്ന് നടൻ കൂട്ടിച്ചേർത്തു.

"എൻ്റെ മാതാപിതാക്കൾ കരയുന്നത് ഞാൻ പലപ്പോഴും കണ്ടിട്ടുണ്ട്. ഉത്സവങ്ങൾ വരുമ്പോൾ, അവ എന്തിനാണ് വരുന്നതെന്ന് ഞാൻ അത്ഭുതപ്പെട്ടു. ഉത്സവങ്ങൾ ഞങ്ങളെ കൂടുതൽ കരയിപ്പിച്ചു, കാരണം മറ്റുള്ളവരെപ്പോലെ ഞങ്ങൾക്ക് അവ ഒരിക്കലും ആഘോഷിക്കാൻ കഴിഞ്ഞില്ല. ഞങ്ങളുടെ അവസ്ഥ വളരെ മോശമായിരുന്നു. ആരെങ്കിലും എന്തെങ്കിലും തന്നാൽ മാത്രമേ ഞങ്ങൾക്ക് ആഘോഷിക്കാൻ കഴിയുമായിരുന്നുള്ളൂ. അതായിരുന്നു ഞങ്ങളുടെ യാഥാർത്ഥ്യം," അദ്ദേഹം കൂട്ടിച്ചേർത്തു.

നടനാകാൻ ശ്രമിക്കുന്നതിനിടയിൽ വാച്ച്മാനായും മറ്റ് പല ജോലികളും ചെയ്തതായി വിനോദ് വെളിപ്പെടുത്തി. ഇതിൻ്റെ ഫലമായി കാലിൽ വ്രണങ്ങളുണ്ടായി. ഒരു വ്യക്തിയെ അയാളുടെ ജോലിയെ അടിസ്ഥാനമാക്കിയാണ് സമൂഹം വിലയിരുത്തുന്നതെന്ന് ഈ അനുഭവം തന്നെ പഠിപ്പിച്ചു. 'ജോലി വലുതാകുന്തോറും കൂടുതൽ ബഹുമാനം ലഭിക്കും' എന്നത് മിക്ക ആളുകളെയും സംബന്ധിച്ചിടത്തോളം സത്യമാണെന്നും വിനോദ് അഭിപ്രായപ്പെട്ടു.

'പഞ്ചായത്ത്' സീസൺ 4-ൽ പുതിയ പഞ്ചായത്ത് സെക്രട്ടറിയായുള്ള ചെറിയ വേഷത്തിലൂടെയാണ് അദ്ദേഹം ശ്രദ്ധിക്കപ്പെട്ടത്. തുടർന്ന് 'ജോളി എൽഎൽബി 3', 'ഥാമ' തുടങ്ങിയ സിനിമകളിലും അദ്ദേഹം ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു.

Content Highlights: Actor Vinod Suryavanshi, known for his role in the 'Panchayat' series, shared heart-wrenching details of the extreme poverty and deep-rooted caste discrimination he faced in his Karnataka village, including being denied temple entry and working as a watchman before finding success.