ധർമേന്ദ്രയ്ക്ക് പദ്മവിഭൂഷൺ; മമ്മൂട്ടിക്കും അൽക യാഗ്നിക്കിനും പദ്മഭൂഷൺ, മാധവന് പദ്മശ്രീ

#Movies Desk
ആര്‍ മാധവന്‍, ധര്‍മേന്ദ്ര, അല്‍ക യാഗ്നിക്
ആര്‍ മാധവന്‍, ധര്‍മേന്ദ്ര, അല്‍ക യാഗ്നിക്

റിപ്പബ്ലിക് ദിനത്തിന് മുൻപായി പ്രഖ്യാപിച്ച പദ്മ ബഹുമതിയുടെ നിറവിൽ സിനിമ- സംഗീത ലോകം. സിനിമാ മേഖലയിൽ നിന്ന് അഞ്ച് പേർക്കും സംഗീതത്തിൽ അൽക യാഗ്നിക്കിനും ബഹുമതികൾ ലഭിച്ചു. ബോളിവുഡിലെ ഇതിഹാസ താരം ധർമേന്ദ്രയ്ക്ക് മരണനാന്തര ബഹുമതിയായിട്ടാണ് പദ്മവിഭൂഷൺ ലഭിച്ചത്. 1960- ൽ 'ദിൽ ഭി തേരാ ഹം ഭി തേരേ' എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച ധർമേന്ദ്ര, 1960-കളിൽ 'അൻപഥ്', 'ബന്ദിനി', 'അനുപമ', 'ആയാ സാവൻ ഝൂം കേ' തുടങ്ങിയ സിനിമകളിൽ വേഷങ്ങൾ ചെയ്തുകൊണ്ടാണ് തന്റെ അഭിനയ ജീവിതം ആരംഭിച്ചത്.

ധർമേന്ദ്രയെക്കൂടാതെ പിയൂഷ് പാണ്ഡെ, സതീഷ് ഷാ എന്നിവർക്കും മരണാനന്തര ബഹുമതിയായിട്ടാണ് പദ്മ ബഹുമതി ലഭിച്ചത്. നാൽപ്പത് വർഷത്തിലധികം നീണ്ട അഭിനയജീവിതത്തിൽ അവിസ്മരണീയമായ നിരവധി വേഷങ്ങളിലൂടെ ഇന്ത്യൻ ടെലിവിഷൻ രംഗത്തും സിനിമാമേഖലയിലും സതീഷ് ഷാ ശ്രദ്ധേയനായിരുന്നു. ഇന്ത്യൻ സിനിമാമേഖലയ്ക്ക് നൽകിയ സംഭാവനകൾ മുൻനിർത്തിയാണ് സതീഷ് ഷായ്ക്ക് പദ്മശ്രീ നൽകി ആദരിച്ചത്. പരസ്യരംഗത്തെ ഇതിഹാസമായ പീയൂഷ് പാണ്ഡെയ്ക്ക് പദ്മഭൂഷൺ ലഭിച്ചു. രാജസ്ഥാനിലെ ജയ്പൂർ സ്വദേശിയായ അദ്ദേഹം ഇന്ത്യക്കാരുടെ മനസ്സിനെത്തൊട്ട നിരവധി പരസ്യങ്ങൾക്ക് ജീവൻകൊടുത്തു.

ഇന്ത്യൻ സിനിമയിലെ വിവിധ മെലഡി ഗാനങ്ങൾക്ക് ശബ്ദം നൽകിയ അൽക യാഗ്നിക്കിന് പദ്മഭൂഷൺ ബഹുമതി ലഭിച്ചു. 'അഗർ തുമ് സാത്ത് ഹോ', ചുരാ കെ ദിൽ മേരാ', ‘ദിൽ ലെ നെ യെ കഹാ ഹെ ദിൽ സെ' തുടങ്ങിയ ഹിറ്റ് പാട്ടുകൾ പാടിയത് അൽകയാണ്.

കേരളത്തിൽ നിന്നും മമ്മൂട്ടിക്കാണ് പദ്മഭൂഷൺ ലഭിച്ചത്. 1998ൽ പദ്മശ്രീ നേടിയ മമ്മൂട്ടിക്ക് മികച്ച നടനുള്ള മൂന്ന് ദേശീയ അവാർഡും ലഭിച്ചിട്ടുണ്ട്. മമ്മൂട്ടിയെക്കൂടാതെ സിനിമാമേഖലയിൽ നിന്നും ആർ മാധവന് പദ്മശ്രീ ലഭിച്ചു. തമിഴ്, ഹിന്ദി ഭാഷകളിൽ ഉൾപ്പടെ നിരവധി സിനിമകൾ ചെയ്ത താരം തിരക്കഥാകൃത്ത്, നിർമാതാവ്, സംവിധായകൻ തുടങ്ങിയ മേഖലകളിലും പ്രവർത്തിക്കുന്നു. മണി രത്‌നത്തിന്റെ സംവിധാനത്തിൽ 2000-ത്തിൽ പുറത്തിറങ്ങിയ അലയ് പായുതെ എന്ന സിനിമയിലെ വേഷമാണ് മാധവന്റെ അഭിനയജീവിതത്തിലെ വഴിത്തിരിവായത്. ബംഗാളി ചലച്ചിത്ര മേഖലയിലെ പ്രമുഖ താരമായ പ്രൊസെൻജിത് ചാറ്റർജിയ്ക്കും പദ്മശ്രീ ബഹുമതി ലഭിച്ചിട്ടുണ്ട്‌.

Content Highlights: Padma Awards 2026 celebrate cinema & music. Dharmendra, Satish Shah, Piyush Pandey, Alka Yagnik, R Madhavan, Mammootty receive prestigious honors.