മൂന്നര പതിറ്റാണ്ടിന്റെ അനുഭവസമ്പത്ത്; 'പാച്ചുവി'ൽ റിയാസായി വിസ്മയിപ്പിച്ച് വിനീത്

വിനീത് | ഫോട്ടോ: www.facebook.com/actor.dancer.vineeth
വിനീത് | ഫോട്ടോ: www.facebook.com/actor.dancer.vineeth

മലയാളത്തിലും തമിഴിലും തെലുങ്കിലും കന്നഡയിലും ഹിന്ദിയിലും ഉൾപ്പടെ നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുള്ള നടനാണ് വിനീത്. മികച്ചൊരു നർത്തകൻ കൂടിയായ അദ്ദേഹം ഒട്ടേറെ സിനിമകളിൽ കോറിയോഗ്രഫിയും നിർവ്വഹിച്ചിട്ടുണ്ട്. ഡബ്ബിങ്ങിലും സജീവമാണ് അദ്ദേഹം. 1985 മുതൽ സിനിമാലോകത്തുള്ള അദ്ദേഹം പക്ഷേ അടുത്തിടെയായി സിനിമകളിൽ അഭിനയത്തിൽ അത്ര സജീവമായിരുന്നില്ല. ഇപ്പോഴിതാ 'പാച്ചുവും അത്ഭുതവിളക്കും' എന്ന ഫഹദ് ഫാസിൽ - അഖിൽ സത്യൻ കൂട്ടുകെട്ടിലൊരുങ്ങിയ സിനിമയിൽ റിയാസ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് വിസ്മയിപ്പിച്ചിരിക്കുകയാണ് അദ്ദേഹം. 

ഇരുന്നൂറിലേറെ സിനിമകളുടെ ഭാഗമായിട്ടുള്ള വിനീത് ഇതുവരെ ചെയ്ത കഥാപാത്രങ്ങളിൽ നിന്നെല്ലാം ഏറെ വിഭിന്നമാണ് 'പാച്ചുവും അത്ഭുതവിളക്കും' എന്ന ചിത്രത്തിലെ റിയാസ് എന്ന കഥാപാത്രം. ചിത്രത്തിൽ ഫഹദ് അവതരിപ്പിക്കുന്ന പാച്ചു എന്ന കഥാപാത്രം മുംബൈയിൽ നടത്തുന്ന ആയുർവേദ ഷോപ്പിന്റെ ബിൽഡിംഗ് ഓണറാണ് റിയാസ്. മുംബൈയിലെ വലിയൊരു ബിസിനസുകാരനായ അദ്ദേഹത്തെ സ്വന്തം ഉമ്മ വിളിക്കുന്നത് റൈസുവെന്നാണ്. സിനിമയുടെ കഥാഗതിയിൽ ഒരു ഘട്ടത്തിൽ പാച്ചുവിൻറെ യാത്രയുടെ വഴിതിരിച്ചുവിട്ടുകൊണ്ടാണ് റിയാസ് രംഗപ്രവേശം ചെയ്യുന്നത്. സൗമ്യനാണെങ്കിലും ചില നേരങ്ങളിൽ പെട്ടെന്ന് ദേഷ്യപ്പെടുന്ന ഗൗരവപ്രകൃതക്കാരനായ കഥാപാത്രത്തെ വിനീത് ഏറെ മികച്ച രീതിയിലാണ് സ്ക്രീനിലെത്തിച്ചിരിക്കുന്നത്. 

സിനിമകളിൽ ഇടയ്ക്കിടെ പ്രത്യക്ഷപ്പെടുകയും എന്നാൽ പെട്ടെന്ന് അപ്രത്യക്ഷരാകുകയും ചെയ്യുന്ന ചില താരങ്ങളുടെ തിരിച്ചുവരവുകൾ പ്രേക്ഷകർ ഏറെ ആഘോഷപൂർവ്വം ഏറ്റെടുക്കാറുണ്ട്. അത്തരത്തിലൊരു സ്വീകരണമാണ് ഇപ്പോൾ 'പാച്ചുവും അത്ഭുതവിളക്കി'ലൂടെ വിനീതിനും ലഭിച്ചിരിക്കുന്നത്. ചിത്രം കണ്ട പലരും വിനീതിൻറെ പല തലങ്ങളുള്ള കഥാപാത്രത്തേ കുറിച്ച് സോഷ്യൽ മീഡിയയിലുൾപ്പെടെ കുറിപ്പുകൾ പങ്കുവയ്ക്കുന്നുണ്ട്. 

'നഖക്ഷതങ്ങളി'ലൂടെ നായകനായെത്തിയ വിനീത് ഒട്ടേറെ സിനിമകളിൽ നായകനായും സ്വഭാവനടനായുമൊക്കെ തിളങ്ങിയിട്ടുണ്ട്. ഇടനാഴിയിൽ ഒരു കാലൊച്ച, ദൈവത്തിൻറെ വികൃതികൾ, കമലദളം, സർഗ്ഗം, ഗസൽ, സമൂഹം, കളിപ്പാട്ടം, കാബൂളിവാല, മാനത്തെ വെള്ളിത്തേര്, പരിണയം, മഴവില്ല്, കാലാപാനി, ഉസ്താദ്, ഡാർലിങ് ഡാർലിങ്, ചതിക്കാത്ത ചന്തു, ബാവൂട്ടിയുടെ നാമത്തിൽ, അരികെ, കാംബോജി തുടങ്ങി നിരവധി മലയാള സിനിമകളിലും പുതിയമുഖം, കാതൽദേശം, ജെൻറിൽമാൻ, ശക്തി, ചന്ദ്രമുഖി, ഭൂൽ ഭൂലയ്യ തുടങ്ങി ഒട്ടേറെ അന്യഭാഷ സിനിമകളിലും ശ്രദ്ധേയ വേഷങ്ങളിൽ എത്തി. 2021-ൽ 'കാൽച്ചിലമ്പ്' എന്ന സിനിമയിലാണ് ഇതിനുമുമ്പ് മലയാളത്തിൽ അഭിനയിച്ചത്. രണ്ട് വർഷങ്ങൾക്ക് ശേഷമുള്ള തിരിച്ചുവരവിൽ മികച്ചൊരു വേഷത്തെ സ്ക്രീനിലെത്തിച്ചിരിക്കുകയാണ് അദ്ദേഹം. 93-ൽ സത്യൻ അന്തിക്കാട് ഒരുക്കിയ സമൂഹം എന്ന സിനിമയിൽ അഭിനയിച്ചിട്ടുള്ള അദ്ദേഹം 30 വർഷങ്ങൾക്ക് ശേഷം അദ്ദേഹത്തിൻറെ മകൻറെ സിനിമയിൽ വേഷമിട്ടിരിക്കുന്നു എന്ന പ്രത്യേകതയും പാച്ചുവും അത്ഭുതവിളക്കിനുമുണ്ട്.

2019-ൽ ലൂസിഫറിൽ പ്രതിനായക സ്ഥാനത്തുള്ള ബോബിയെ അവതരിപ്പിച്ചിരിക്കുന്ന വിവേക് ഒബ്‍റോയിക്ക് ശബ്‍ദം നൽകിക്കൊണ്ട് അദ്ദേഹം ഡബ്ബിങ് മേഖലയിലേക്കുമെത്തുകയുണ്ടായി. ഏറെ പ്രശംസകൾ ഇതോടെ അദ്ദേഹത്തെ തേടിയെത്തി. പിന്നാലെ ബിഗ് ബ്രദർ, കുംഗ്ഫു മാസ്റ്റർ, മരക്കാർ അറബിക്കടലിൻറെ സിംഹം, കടുവ, ഒറ്റ് എന്നീ സിനിമകളിലും പ്രധാന കഥാപാത്രങ്ങൾക്ക് അദ്ദേഹം ശബ്‍ദം നൽകുകയുണ്ടായി. ഭരതനാട്യത്തിൽ പോസ്റ്റ് ഗ്രാജ്വേറ്റ് ചെയ്ത് വളരെ സജീവമായി ആ മേഖലയിലും അദ്ദേഹം നിലയുറപ്പിച്ചിട്ടുണ്ട്. 37 വർഷത്തോളമായി സിനിമാലോകത്തുള്ള, കേരള ചലച്ചിത്ര പുരസ്കാരവും കേരള ഫിലിം ക്രിട്ടിക്സ് അസോസിയേഷൻ പുരസ്കാരവും കലൈമാമണി പുരസ്കാരവുമൊക്കെ നേടിയിട്ടുള്ള വിനീത് തുടർന്നും ഈ കാലത്തും മികച്ച വേഷങ്ങളിലൂടെ ഞെട്ടിപ്പിക്കുമെന്ന പ്രതീക്ഷയിലാണ് പ്രേക്ഷകർ. 'പാച്ചുവും അത്ഭുതവിളക്കും' അതിനൊരു തുടക്കമാകുമെന്നാണ് ഏവരും കണക്കൂക്കുകൂട്ടുന്നത്.

Content Highlights: pachuvum athbutha vilakkum movie updates, fahadh faasil and vineeth