സിനിമാ ലോകം മറന്ന നിര്‍മാതാവ്; സ്റ്റാന്‍ലിയുടെ മരണം ആയുസ്സിന്റെ അടിക്കുറിപ്പുകളില്‍ മഷി പുരളുംമുന്‍പേ

കൊല്ലം: പി. സ്റ്റാൻലി-കൊല്ലത്തെ പുതിയ തലമുറയ്ക്ക് ആ പേര് അത്ര പരിചിതമായിരിക്കില്ല. പുതിയ തലമുറ പദ്‌മരാജന്റെ ‘തൂവാനത്തുമ്പികൾ’ കൊണ്ടാടുമ്പോഴും അറിയുന്നുണ്ടാവില്ല ആ സിനിമ നിർമിച്ചത് തങ്ങളുടെ സ്വന്തം കൊല്ലംകാരനാണെന്ന്. എന്നാൽ മലയാളനാടും എസ്.കെ.യും പഴയകാല കമ്യൂണിസ്റ്റ് നേതാക്കളുമെല്ലാമടങ്ങുന്ന കൊല്ലത്തിന് അന്ന് പയ്യനായിരുന്ന സ്റ്റാൻലിയെ നല്ലവണ്ണം അറിയാം. അവരിൽ അവശേഷിക്കുന്നവർ ഇന്ന് വളരെ കുറവാണെങ്കിലും.
ഓർമ്മയുടെ വെള്ളിത്തിര എന്ന അദ്ദേഹത്തിന്റെ ഓർമ്മക്കുറിപ്പിൽ ഒരു ഭാഗമുണ്ട്...‘എസ്.കെ.നായരുടെ അവസാനത്തെ പാർട്ടിയായിരുന്നു വിഷയം. പാർട്ടിക്കിടയിൽ എസ്.കെ. പറഞ്ഞു-ഇനി ഒന്നിച്ചു നമ്മളൊരിക്കലും കൂടില്ല. അന്നുരാത്രി സ്റ്റാൻലി വീട്ടിൽ ചെന്നപ്പോൾ എസ്.കെ.യുടെ അനന്തരവൻ വിളിച്ചു... അമ്മാവന് വയ്യ. തീരെ അവശതയിലാണ്. മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകണം. ബന്ദ് ആരംഭിച്ചിരിക്കുന്നു. പോലീസ് ആംബുലൻസിന് ശ്രമിക്കുകയാണ്. കേരളത്തിലെ ആദ്യ ബന്ദ് അന്ന് രാത്രി 12 മണിക്ക് ആരംഭിച്ചിരുന്നു’.
‘എസ്.കെ.യുമായുള്ള അടുത്ത ബന്ധം ഉള്ളതുകൊണ്ട് ഞാൻ സ്റ്റാൻലിയെ തമാശയ്ക്ക് സ്റ്റാൻലി നായർ എന്നായിരുന്നു വിളിക്കാറ്’’-മുതിർന്ന മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ പി.കെ. ശ്രീനിവാസനും ഓർക്കുന്നു. ഫോൺ വിളിക്കുമ്പോൾ പിന്നെ സ്റ്റാൻലി നായർ സ്പീക്കിങ് എന്ന് അദ്ദേഹത്തോട് മാത്രം പറയുമായിരുന്നു.
‘1965-ൽ കൊല്ലത്ത് അദ്ദേഹം സിത്താര പ്രിന്റേഴ്‌സ് ആരംഭിച്ചു. അതും എന്റെയൊരു താവളമായിരുന്നു. മദ്രാസിൽനിന്ന് പ്രിന്റിങ്ങിനെപ്പറ്റി പഠിച്ചുവന്ന്, വെട്ടിയൊട്ടിക്കുന്നത് പോലുള്ള അന്നത്തെ പുതിയ ടെക്‌നോളജി അവിടെ ആവിഷ്കരിച്ചതെല്ലാം പുതുമയായിരുന്നു. ഭാര്യ സാലമ്മയുടെ മരണശേഷം പൂർണമായി എഴുത്തിലേക്ക് നീങ്ങിയ അദ്ദേഹം നോവലുകളും ചെറുകഥകളും അനുഭവക്കുറിപ്പുകളുമായി ഒൻപതോളം പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിരുന്നു. 1990-ൽ കൊല്ലം വിട്ട് തിരുവനന്തപുരത്തെത്തിയതാണ്. അവിടെ ചെല്ലുമ്പോഴും കാണാറുണ്ടായിരുന്നു’-ശ്രീനിവാസൻ പറഞ്ഞു.
വിപ്ലവ ഓർമ്മകൾ
‘എന്റെ മാതാപിതാക്കളും ബന്ധുക്കളുമെല്ലാം കമ്യൂണിസ്റ്റ് അനുഭാവികളായിരുന്നു. ഞങ്ങൾ അന്ന് കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ വായിച്ചിരുന്നില്ല. ‘നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി’ നാടകമാണ് ഞങ്ങളെ കമ്യൂണിസ്റ്റാക്കിയത്. തോപ്പിൽ ഭാസിയായിരുന്നു ഞങ്ങളുടെ കാൾ മാർക്സ്. ഞങ്ങളുടെ വീട്ടിൽ പ്രവർത്തിച്ചിരുന്ന പാർട്ടി ഓഫീസിൽനിന്ന് റിപ്പോർട്ടുകൾ ജനയുഗം ഓഫീസിൽ എത്തിക്കുന്നത് എന്റെ ചുമതലയായിരുന്നു. കാമ്പിശ്ശേരിയും തെങ്ങമവുമെല്ലാം മാറ്ററുകൾ എഡിറ്റ് ചെയ്യുന്നത് ഞാൻ നോക്കി നിൽക്കാറുണ്ടായിരുന്നു.
എഴുത്തുകാരനെയും കലാവാസനയെയും വളർത്തിയതിൽ കൊല്ലത്തെ ജനയുഗത്തിനും അന്നത്തെ പത്രപ്രവർത്തകർക്കും വലിയ പങ്കുണ്ടായിരുന്നു. സ്വാതന്ത്ര്യസമരനായകനായ എ.കെ. ഭാസ്കർ കൊല്ലത്തുനിന്ന് നവഭാരതം പ്രസിദ്ധീകരിച്ചിരുന്നു. അദ്ദേഹത്തിന്റെ മകൻ ബി.ആർ.പി. ഭാസ്കർ പിൽക്കാലത്ത് പ്രശസ്ത പത്രപ്രവർത്തകനായി. നവഭാരതം ഓഫീസിലും വീട്ടിലും ഞാൻ പോകാറുണ്ടായിരുന്നു..’-ഓർമ്മക്കുറിപ്പിൽ കൊല്ലത്തെ പ്രതാപകാലം സ്റ്റാൻലി ഇങ്ങനെയൊക്കെ രേഖപ്പെടുത്തിയിട്ടുണ്ട്.
‘ഒരുവർഷം എന്റെ ഇഷ്ടപുസ്തകമായി സ്റ്റാൻലിയുടെ ഓർമ്മയിലെ വെള്ളിത്തിര തിരഞ്ഞെടുത്തിരുന്നു. അതുകൊണ്ടാകാം ആയുസ്സിന്റെ അടിക്കുറിപ്പുകൾ എന്ന ഏറ്റവും പുതിയ ഓർമ്മപുസ്തകത്തിന് അവതാരിക എഴുതാൻ അദ്ദേഹം എന്നെ ഏൽപ്പിച്ചത്’-എഴുത്തുകാരൻ ജി.ആർ. ഇന്ദുഗോപൻ പറഞ്ഞു.
എഴുതിക്കൊണ്ടിരിക്കവെയാണ് ഈ വിയോഗവാർത്ത. അച്ചടിമഷി പുരളുംമുൻപേയുള്ള ഈ പൂർണവിരാമം സങ്കടമായി. ആ ഓർമ്മകൾ ഒരു കാലത്തെ അടയാളപ്പെടുത്തും. അക്ഷരമായി ആ ജീവിതം തുടരുമെന്ന് ഇന്ദുഗോപൻ കൂട്ടിച്ചേർത്തു.
ത്യാഗഭവനത്തിലെ ‘നിശ്ശബ്ദനായകൻ’
തിരുവനന്തപുരം: കൊല്ലത്ത് കമ്യൂണിസ്റ്റ് പാരമ്പര്യമുള്ള കുടുംബത്തിൽ ജനിച്ച പി.സ്റ്റാൻലി, പഠനത്തിനായി ചെന്നൈയിലെത്തിയതോടെയാണ് പിൽക്കാലജീവിതം സിനിമയ്ക്കൊപ്പം മുന്നേറിയത്.
മലയാളത്തിലെ മഹാരഥന്മാരായ സംവിധായകർ, നടന്മാർ എന്നിവർക്കൊപ്പം സഹകരിച്ചുപ്രവർത്തിക്കാൻ അദ്ദേഹത്തിനു സാധിച്ചു. സിനിമാലോകം മറന്ന അദ്ദേഹം, അവസാനകാലത്ത് എഴുത്തുമായി നാലാഞ്ചിറയിലെ വസതിയിൽ കഴിയുകയായിരുന്നു. കമ്യൂണിസ്റ്റ് നേതാവും തടി-കയർ വ്യവസായിയുമായിരുന്ന കൊല്ലം രണ്ടാംകുറ്റിയിലെ എസ്.പോളിക്കാർപ്പിന്റെ ‘ത്യാഗഭവനം’ എന്ന വസതി അക്കാലത്തെ കമ്യൂണിസ്റ്റ് നേതാക്കളുടെ ഒളിത്താവളമായിരുന്നു. സി.അച്യുതമേനോൻ, എം.എൻ.ഗോവിന്ദൻനായർ, പി.കെ.വി., പി.ടി.പുന്നൂസ്, കെ.ആർ.ഗൗരിയമ്മ, എൻ.ഇ.ബലറാം തുടങ്ങിയ നേതാക്കളെല്ലാം കൊല്ലത്തെത്തിയാൽ താമസിച്ചിരുന്നത് ആ വീട്ടിലായിരുന്നു.
എംഎന്നിന്റെ പ്രേരണ മൂലമാണ് സ്റ്റാൻലി ചെന്നൈയിൽ പഠിക്കാൻ പോയത്. എ.വിൻസെന്റ്, തോപ്പിൽ ഭാസി എന്നിവരുമായുള്ള ബന്ധം അദ്ദേഹത്തെ സിനിമയിൽ നിലയുറപ്പിച്ചു. ചെറുപ്പം മുതൽ പി.പദ്മരാജനുമായുള്ള അടുപ്പമാണ് ‘തൂവാനത്തുമ്പികൾ’ എന്ന സിനിമയുടെ നിർമാണത്തിലേക്കു വഴിെവച്ചത്. പ്രേംനസീർ, അടൂർ ഭാസി തുടങ്ങി അക്കാലത്തെ എല്ലാ നടന്മാരുമായും സാങ്കേതികപ്രവർത്തകരുമായും അദ്ദേഹം അടുത്ത ബന്ധം പുലർത്തി.
ഇടയ്ക്ക് കൊല്ലത്ത് സിതാര എന്ന പ്രസ് തുടങ്ങിയെങ്കിലും 15 വർഷത്തിനു ശേഷം പ്രവർത്തനം നിർത്തി. വീടുവിറ്റാണ് തൊഴിലാളികൾക്ക് അവരാവശ്യപ്പെട്ട പണം നൽകിയത്. കൊല്ലത്തുനിന്നുള്ള എസ്.കെ.നായരുടെ ‘മലയാളനാട്’ വാരികയുമായും അദ്ദേഹത്തിനു ബന്ധമുണ്ടായിരുന്നു. എസ്.കെ.യുടെ സിനിമാപ്രേമമാണ് ഇരുവരെയും അടുപ്പിച്ചത്. മലയാളനാട് എഡിറ്ററായിരുന്ന വി.ബി.സി.നായരുമൊത്ത് ‘വാനമ്പാടി’ എന്നൊരു മാസികയും കൊല്ലത്തുനിന്ന് അദ്ദേഹം പ്രസിദ്ധീകരിച്ചിരുന്നു.
1990-ൽ ഹൃദയശസ്ത്രക്രിയയെ തുടർന്നാണ് തലസ്ഥാനത്ത് സ്ഥിരതാമസമാക്കിയത്. ഭാര്യ സാലമ്മയുടെ മരണവും ആഘാതമായിരുന്നു. സ്ഥാനമാനങ്ങളോ പ്രശസ്തിയോ ആഗ്രഹിക്കാതെയാണ് പി.സ്റ്റാൻലി വിടവാങ്ങിയതെന്ന് അദ്ദേഹത്തിന്റെ കൃതികൾ പ്രസിദ്ധീകരിച്ചിരുന്ന ഉൺമ ലിറ്റിൽ മാസികയുടെ എഡിറ്റർ നൂറനാട് മോഹൻ അനുസ്മരിച്ചു.
Content Highlights: Remembering P. Stanley, the unsung filmmaker behind `Thoovanathumbikal,` a writer, and a key figure in Kerala`s cultural and political history. His life and contributions