ഓസ്‌ക്കര്‍ 2020; 'ശ്രദ്ധിക്കൂ വെട്രിമാരന്‍ സാര്‍...'

ഓസ്‌ക്കര്‍ 2020 നാമനിര്‍ദ്ദേശ പട്ടിക പുറത്ത് വന്നതിന് തൊട്ടുപിന്നാലെ സംവിധായകന്‍ വെട്രിമാരന് സന്ദേശവുമായി വിഘ്‌നേഷ് ശിവന്‍. മികച്ച സിനിമയ്ക്കുള്ള പുരസ്‌കാര പട്ടികയില്‍ കൊറിയന്‍ ചിത്രം പാരസൈറ്റ് ഇടം നേടിയതാണ് വിഘ്‌നേഷ് ശിവന്റെ ശ്രദ്ധയെ ആകര്‍ഷിച്ചത്. ബോണ്‍ ജൂന്‍ ഹോ സംവിധാനം ചെയ്ത പാരസൈറ്റ് മികച്ച ചിത്രത്തിന് പുറമെ മികച്ച വിദേശ ഭാഷാ ചിത്രത്തിനായുള്ള മത്സരത്തിനും മാറ്റുരയ്ക്കുന്നു.
പാരസൈറ്റ് പട്ടികയില്‍ ഉള്‍പ്പെട്ടത് ഏറെ പ്രചോദനം നല്‍കുന്ന കാര്യമാണ്. സാമൂഹിക പ്രസക്തിയുള്ള ഒരു പൊളിറ്റിക്കല്‍ ത്രില്ലറിന് അക്കാദമയില്‍ നിന്ന് ലഭിക്കുന്ന അംഗീകാരം ലോകത്തെ ഏത് കോണിലുമുള്ള ചിത്രങ്ങള്‍ക്ക് പ്രതീക്ഷ നല്‍കുന്നതാണ്. ശ്രദ്ധിക്കൂ, വെട്രിമാരന്‍ സാര്‍- വിഘ്‌നേഷ് ശിവന്‍ ട്വീറ്റ് ചെയ്തു.
തമിഴ് സിനിമയില്‍ വേറിട്ട വിഷയങ്ങള്‍ സംസാരിച്ച് തന്റേതായ ഇടം നേടിയ സംവിധായകനാണ് വെട്രിമാരന്‍. സമൂഹിക പ്രസക്തിയുള്ള സംസാരിക്കുന്ന വെട്രിമാരന്‍ ചിത്രങ്ങള്‍ മികച്ച വാണിജ്യ വിജയവും നേടാറുണ്ട്. അദ്ദേഹത്തിന്റെ വിസാരണൈ എന്ന ചിത്രം 89-മത് ഓസ്‌ക്കാര്‍ പുരസ്‌കാരത്തിന് ഇന്ത്യയില്‍ നിന്നുള്ള ഔദ്യോഗിക എന്‍ട്രിയായിരുന്നു.
ധനുഷ്, മഞ്ജു വാര്യര്‍ എന്നിവര്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച അസുരനായിരുന്നു വെട്രിമാരന്റെ ഏറ്റവും പുതിയ ചിത്രം.