'ഞങ്ങൾ വാപ്പിച്ചിയോളം വരില്ലെന്ന് എല്ലാവരും പറയും, പ്രകമ്പനത്തിൽ നവാസ് വാപ്പിച്ചിക്കൊപ്പമെത്തി'

നിയാസ് ബക്കര്‍/ പ്രകമ്പനത്തില്‍ കലാഭവന്‍ നവാസ്‌ | Photo: facebook/niyas
നിയാസ് ബക്കര്‍/ പ്രകമ്പനത്തില്‍ കലാഭവന്‍ നവാസ്‌ | Photo: facebook/niyas

നടനും മിമിക്രി കലാകാരനുമായ കലാഭവൻ നവാസിന്റെ അപ്രതീക്ഷിത വിയോഗം എല്ലാവരിലും ഞെട്ടലുണ്ടാക്കിയിരുന്നു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു നടന്റെ അന്ത്യം. കലാഭവൻ നവാസ് അവസാനമായി അഭിനയിച്ച പ്രകമ്പനം എന്ന ചിത്രം കഴിഞ്ഞ വെള്ളിയാഴ്ചയാണ് തിയേറ്ററുകളിലെത്തിയത്. ഇതിന് പിന്നാലെ കലാഭവൻ നവാസിന്റെ സിനിമയിലെ അഭിനയത്തെ പ്രശംസിച്ച് സോഷ്യൽ മീഡിയയിൽ കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് നടനും സഹോദരനുമായ നിയാസ് ബക്കർ.

നവാസിന്റെ അഭിനയം തങ്ങളുടെ വാപ്പിച്ചിയോളം നന്നായി എന്നും ഇനിയാണ് നവാസ് നല്ല കഥാപാത്രങ്ങളിലൂടെ നമ്മുടെ മുന്നിലെത്തേണ്ടിയിരുന്നതെന്നും നിയാസ് കുറിച്ചു. നവാസിന്റേയും നിയാസിന്റേയും പിതാവായ അബൂബക്കറും നടനായിരുന്നു.

'ഞങ്ങൾ എത്ര നന്നായി അഭിനയിച്ചാലും വാപ്പിച്ചിയെ അടുത്തറിയുന്നവർ വാപ്പിച്ചിയുടെ പഴയകാല നാടകങ്ങളും സിനിമകളും കണ്ടിട്ടുള്ളവർ പറയും 'കൊള്ളാം..അബൂബക്കറിനോളം വന്നില്ല' എന്ന്. അങ്ങനെ ആവുക എളുപ്പമല്ലെന്ന് ഞങ്ങൾക്കും അറിയാം. എന്നാൽ ഇന്നലെ പ്രകമ്പനം എന്ന സിനിമയിലെ നവാസിന്റെ അഭിനയം കണ്ടപ്പോൾ പല സീനുകളിലും വാപ്പിച്ചിയുടെ അനായാസമായ അഭിനയശൈലി അവനിലെത്തിയതായി എനിക്ക് തോന്നി.

ഇനിയായിരുന്നു ഏറെ നല്ല കഥാപാത്രങ്ങളെ അവന് നമുക്ക് വേണ്ടി കാണിക്കാനുണ്ടായിരുന്നത്. ഓർക്കുമ്പോൾ സഹിക്കുന്നില്ല. എങ്കിലും ജീവിതയാഥാർഥ്യങ്ങളെ ഞാൻ ഉൾകൊള്ളുന്നു. ഞങ്ങളുടെ നവാസിന് പൂർത്തീകരിക്കാൻ കഴിയാത്തത് അവന്റെ മക്കൾക്ക് സാധ്യമാവട്ടെയെന്ന പ്രാർത്ഥനയിലാണ് ഞങ്ങൾ. പ്രകമ്പനം ഒരു തികഞ്ഞ എന്റർടെയ്‌മെന്റ് സിനിമയാണ്. സിനിമയുടെ എല്ലാ ഘടകങ്ങളിലും ആ മികവ് പുലർത്തിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഈ സിനിമ നിങ്ങൾ തിയ്യേറ്ററിൽ തന്നെ പോയി കാണണം. നഷ്ടം വരില്ല.

എന്റെ അനുജന് ഈ ഹിറ്റ് സിനിമയിൽ ഒരു നല്ല വേഷം നൽകിയ പ്രകമ്പനത്തിന്റെ പ്രൊഡ്യൂസർ, ഡയറക്ടർ, അണിയറപ്രവർത്തകർ എല്ലാവർക്കും എന്റെ നിറഞ്ഞ സ്‌നേഹം, പ്രാർത്ഥന.'-നിയാസ് കുറിച്ചു.

Content Highlights: niyas backer praises kalabhavan navas acting in his last film prakambanam