നിവിൻ പോളിക്കെതിരായ സാമ്പത്തിക തട്ടിപ്പ് കേസ് ഒത്തുതീർപ്പായി; കോടതി നടപടികൾ അവസാനിപ്പിച്ചു

കൊച്ചി: നടൻ നിവിൻ പോളിക്കും സംവിധായകൻ എബ്രിഡ് ഷൈനിനുമെതിരായ സാമ്പത്തിക തട്ടിപ്പ് കേസ് ഹൈക്കോടതി തീർപ്പാക്കി. ഇരുവിഭാഗവും തമ്മിൽ ഒത്തുതീർപ്പിലെത്തിയത് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് പി.വി. ബാലകൃഷ്ണന്റെ ബെഞ്ച് കേസ് റദ്ദാക്കിയത്. 'ആക്ഷൻ ഹീറോ ബിജു 2' എന്ന ചിത്രവുമായി ബന്ധപ്പെട്ട 1.9 കോടി രൂപയുടെ കേസിലാണ് നടപടികൾ അവസാനിപ്പിച്ചത്.
കേസിലെ പരാതിക്കാരനായ നിർമാതാവ് പി.എസ്. ഷംനാസിനെതിരായ കേസും റദ്ദാക്കി. തന്റെ വ്യാജ ഒപ്പിട്ടെന്നായിരുന്നു ഷംനാസിനെതിരായ നിവിൻ പോളിയുടെ പരാതി.
നിവിൻ പോളി നായകനായ എബ്രിഡ് ഷൈൻ ചിത്രം 'മഹാവീര്യർ' നിർമിച്ചത് ഷംനാസ് ആയിരുന്നു. ചിത്രം സാമ്പത്തികമായി പരാജയമായതിനെത്തുടർന്ന് അടുത്ത സിനിമയിൽ നിർമാണ പങ്കാളിയാക്കാമെന്ന് നിവിനും എബ്രിഡ് ഷൈനുമായി കരാറുണ്ടായിരുന്നു. തുടർന്ന് ചിത്രത്തിനായി 1.9 കോടി രൂപ ഷംനാസ് മുടക്കി.
എന്നാൽ, ചിത്രത്തിന്റെ ഔദ്യോഗിക നിർമാണ അവകാശവും ലാഭവിഹിതവും വാഗ്ദാനം ചെയ്ത് വഞ്ചിച്ചെന്നായിരുന്നു പരാതി. തന്റെ സമ്മതമില്ലാതെ ചിത്രത്തിന്റെ ഓവർസീസ് പ്രദർശന അനുവാദം വിദേശത്തെ സ്ഥാപനത്തിന് വിറ്റെന്നും പരാതിയിലുണ്ടായിരുന്നു.
ചിത്രത്തിന്റെ പേരിന്റെ അവകാശം ഷംനാസ് തട്ടിയെടുത്തെന്നായിരുന്നു നിവിൻ പോളിയുടെ പരാതി. തന്റെ വ്യാജ ഒപ്പിട്ട് ഫിലിം ചേംബറിൽ രേഖകൾ സമർപ്പിച്ചുവെന്നായിരുന്നു നിവിൻ പോളിയുടെ ആരോപണം.
വഞ്ചനാക്കുറ്റം ആരോപിച്ച് നിർമാതാവ് നൽകിയ പരാതിയിൽ നിവിൻ പോളിയുടെ പേരിൽ തലയോലപ്പറമ്പ് പോലീസാണ് കേസെടുത്തത്. നിവിൻ പോളിയുടെ പരാതിയിൽ ഷംനാസിനെതിരെ പാലാരിവട്ടം പോലീസ് സ്റ്റേഷനിലായിരുന്നു കേസ്.
Content Highlights: The Kerala High Court quashed the ₹1.9 crore fraud case against actor Nivin Pauly and director Abrid Shine following a settlement. The case was officially closed by Justice P.V. Balakrishnan after both parties resolved their disputes. The legal dispute pertained to financial deals and rights related to the upcoming film 'Action Hero Biju 2'. Counter-complaints filed by Nivin Pauly against producer P.S. Shamnas regarding forged signatures were also dismissed. Police complaints previously registered at Thalayolaparambu and Palarivattom police stations have been nullified.