ഷൂട്ടിങ് സെറ്റുകൾ സുരക്ഷിതമല്ലെന്ന് ഒരിക്കലും തോന്നിയിട്ടില്ല- നിത്യ മേനോൻ

നിത്യാ മേനോൻ | ഫോട്ടോ: എൻ.എം.പ്രദീപ് \മാതൃഭൂമി
നിത്യാ മേനോൻ | ഫോട്ടോ: എൻ.എം.പ്രദീപ് \മാതൃഭൂമി

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ നിരവധി നടിമാരാണ് തങ്ങള്‍ നേരിട്ട ദുരനുഭവങ്ങളെ കുറിച്ച് തുറന്നുപറഞ്ഞത്. ഷൂട്ടിങ് സെറ്റുകളില്‍ നിന്ന് അഭിമുഖീകരിക്കേണ്ട വന്ന വിവേചനങ്ങളെ സംബന്ധിച്ചും സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിക്കപ്പെട്ടതിനെ കുറിച്ചും നടിമാരുടെ വെളിപ്പെടുത്തലുകളുണ്ടായി. പ്രമുഖ നടന്‍മാര്‍ക്കെതിരേയും ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ ഷൂട്ടിങ് സെറ്റുകള്‍ സുരക്ഷിതമല്ലെന്ന് ഒരിക്കലും തോന്നിയിട്ടില്ലെന്നാണ് നടിയും ദേശീയ പുരസ്‌കാര ജേതാവുമായ നിത്യ മേനോന്‍ പറയുന്നത്. എന്‍.ഡി.ടി.വിക്ക് നല്‍കിയ അഭിമുഖത്തിലാണ് നടി ഇത്തരത്തില്‍ അഭിപ്രായപ്പെട്ടത്.

ഷൂട്ടിങ് സെറ്റുകള്‍ സുരക്ഷിതമല്ലെന്ന് തോന്നിയിട്ടില്ല. ആരും നിങ്ങളെ ആക്രമിക്കാന്‍ പോകുന്നില്ല. ചുറ്റും ഒരുപാട് ആളുകളുള്ളതിനാല്‍ ഷൂട്ടിങ് സെറ്റ് സുരക്ഷിതമാണ്. ഞാന്‍ അഭിനയമേഖലയിലേക്ക് കടന്നുവരുന്ന സമയത്ത് സ്ത്രീകളുടെ സാന്നിധ്യം കുറവായിരുന്നു. സ്ത്രീയായി ഒരു ഹെയര്‍ഡ്രസ്സര്‍ മാത്രമേ സാധാരണ ഉണ്ടാകാറുള്ളൂ. എന്നാല്‍ ഇന്ന് സെറ്റുകളില്‍ കൂടുതല്‍ സ്ത്രീകളെ  കാണുന്നത് സന്തോഷകരമാണ്.- നിത്യ മേനോന്‍ പറഞ്ഞു.

ആളുകളെ ലിംഗം, മതം എന്നിവയുടെ പേരില്‍ വേര്‍തിരിക്കുന്നത് കാണേണ്ടിവരികയെന്നത് പ്രയാസകരമാണെന്നും നടി പറഞ്ഞു. എനിക്ക് ഇത്തരത്തില്‍ വേര്‍തിരിച്ചുകാണാന്‍ സാധിക്കില്ല. മറ്റുള്ളവരുമായി ഇടപെടുമ്പോള്‍ ഇത്തരത്തില്‍ പെരുമാറരുതെന്നും അത് ശരിയല്ലെന്നും ഞാന്‍ പറയാറുണ്ട്. - നടി കൂട്ടിച്ചേര്‍ത്തു.

ഇഡ്ലി കടൈ എന്ന ചിത്രമാണ് അടുത്തതായി പുറത്തിറങ്ങാനുള്ള നിത്യ മേനോന്‍ ചിത്രം. ധനുഷാണ് സിനിമയിലെ നായകന്‍. ധനുഷ് പരിചയമുള്ള വ്യക്തിയും സുഹൃത്തുമാണ്. തിരുച്ചിട്രമ്പലം എന്ന ചിത്രത്തിനുശേഷം ഇരുവരും ഒരുമിക്കുന്ന ചിത്രമാണ് ഇഡ്ലി കടൈ.

Content Highlights: Nithya Menen Says She Never Felt Unsafe On Any Film Sets