ഷാഫി ഒരുക്കുന്ന ഫാമിലി കോമഡി എന്റർടൈനർ; ചിത്രീകരണം ആരംഭിച്ചു

ഷാഫി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്ന്
ഷാഫി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്ന്

സംവിധായകൻ ഷാഫി ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രത്തിന് തുടക്കം. പഞ്ചവർണത്തത്ത, ആനക്കള്ളൻ എന്നിവക്ക് ശേഷം സപ്ത തരംഗ ക്രിയേഷൻസ് പ്രൈവറ്റ് ലിമിറ്റഡ് നിർമ്മിക്കുന്ന സിനിമയുടെ ചിത്രീകരണം പാലക്കാട് കൊല്ലങ്കോട്  ആനമുറി സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ നടന്ന പൂജ ചടങ്ങുകളോടെ ആരംഭിച്ചു. 

നെന്മാറ എം എൽ എ കെ ബാബു സ്വിച്ച് ഓൺ കർമം നിർവഹിച്ചു. എം സിന്ധുരാജ് തിരക്കഥ രചിച്ച ഈ ചിത്രത്തിന് കാമറ ചലിപ്പിക്കുന്നത് മനോജ് പിള്ളയും സംഗീതം ഒരുക്കുന്നത് ഷാൻ റഹ്മാനും ആണ്. മനു മൻജിത് ആണ് ഗാനങ്ങൾ രചിച്ചിരിക്കുന്നത്. ഒരു ഫാമിലി കോമഡി എന്റർടൈനർ ആയാണ്  ഇനിയും പേരിടാത്ത ചിത്രം ഷാഫി ഒരുക്കുന്നത്.

ഷാഫി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ സ്വിച്ച് ഓൺ കെ ബാബു എം.എൽ.എ നിർവഹിക്കുന്നു

ഇന്ദ്രൻസ്, ഷറഫുദീൻ, അജു വർഗീസ്, ബൈജു സന്തോഷ്, സാദിഖ്, തിങ്കളാഴ്ച നിശ്ചയം എന്ന ചിത്രത്തിലെ നായികാ വേഷം ചെയ്തു ശ്രദ്ധ നേടിയ അനഘ നാരായണൻ, വനിതാ കൃഷ്ണചന്ദ്രൻ എന്നിവരാണ് പ്രധാന വേഷങ്ങളിൽ. കൊല്ലങ്കോട്, കൊടുവായൂർ എന്നിവിടങ്ങളാണ് പ്രധാന ലൊക്കേഷനുകൾ.  

ധ്രുവൻ, വിഷ്ണു ഉണ്ണിക്കൃഷ്ണൻ, ഷറഫുദ്ദീൻ എന്നിവർ പ്രധാനവേഷത്തിലെത്തിയ ചിൽഡ്രൻസ് പാർക്ക് ആണ് ഷാഫിയുടെ സംവിധാനത്തിൽ ഒടുവിൽ പുറത്തിറങ്ങിയത്.

Content Highlights: new movie of director shafi, indrans and sharafudheen, m sindhuraj