‘ഡാൻസ് കളിക്കണ്ടെന്ന് മകൾ പറയും, ഇപ്പോൾ പേടിയാണ്’: മകൾ ഷോറയെക്കുറിച്ച് നവാസുദ്ദീൻ സിദ്ദിഖി

#Movie desk
നവാസുദ്ദീൻ സിദ്ദീഖി മകൾക്കൊപ്പം| ഫോട്ടോ: ANI
നവാസുദ്ദീൻ സിദ്ദീഖി മകൾക്കൊപ്പം| ഫോട്ടോ: ANI

അച്ഛനും മകളും തമ്മിലുള്ള ആത്മബന്ധം എന്നും പ്രത്യേകതയുള്ളതാണ്. ബോളിവുഡ് താരം നവാസുദ്ദീൻ സിദ്ദിഖിയും മകൾ ഷോറ സിദ്ദിഖിയും തമ്മിലുള്ള ബന്ധവും ഇതിൽ നിന്ന് വ്യത്യസ്തമല്ല. താനും മകളും തമ്മിലുള്ള രസകരമായ ആത്മബന്ധത്തെക്കുറിച്ച് താരം അടുത്തിടെ നൽകിയ അഭിമുഖത്തിൽ മനസ്സുതുറന്നിരുന്നു. മകൾ തന്റെ ഏറ്റവും വലിയ വിമർശകയാണെന്നും, അവളുടെ കളിയാക്കലുകൾ കാരണം നൃത്തം ചെയ്യാനുള്ള ആത്മവിശ്വാസം കുറഞ്ഞെന്നുമാണ് സിദ്ദിഖി തമാശരൂപേണ പറഞ്ഞത്.

സൂം ചാനലിന് നൽകിയ അഭിമുഖത്തിലാണ് നവാസുദ്ദീൻ മകളെക്കുറിച്ച് സംസാരിച്ചത്. സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധിക്കപ്പെടുന്ന 16 വയസ്സുകാരിയായ ഷോറയുടെ സിനിമാ പ്രവേശനത്തെക്കുറിച്ചുള്ള ചോദ്യത്തിന്, അവൾക്ക് അഭിനയത്തോട് വലിയ പാഷനാണെന്നും എന്നാൽ പഠനം പൂർത്തിയാക്കിയ ശേഷം മാത്രമേ അഭിനയരംഗത്തേക്ക് വരികയുള്ളൂ എന്നും അദ്ദേഹം വ്യക്തമാക്കി.

താൻ അഭിനയിച്ച സിനിമകൾ മകൾ അധികം കാണാറില്ലെന്ന് നവാസുദ്ദീൻ പറയുന്നു. ‘മിക്ക പെൺമക്കളും അച്ഛന്മാരോട് കാര്യങ്ങൾ തുറന്നു പറയുന്നവരാണല്ലോ. അവൾ എന്റെ അധികം സിനിമകളൊന്നും കണ്ടിട്ടില്ല, ഒരുപക്ഷേ 'ഗ്യാങ്‌സ് ഓഫ് വാസിപൂർ' ഒക്കെ ഞാൻ അറിയാതെ കണ്ടിട്ടുണ്ടാകാം. പക്ഷെ എന്റെ നൃത്തത്തെ അവൾ എപ്പോഴും കളിയാക്കാറുണ്ട്’- അദ്ദേഹം പറഞ്ഞു.

മകൾ തന്റെ നൃത്തത്തെ വിമർശിക്കുന്നതിനെക്കുറിച്ച് താരം രസകരമായി പറയുന്നുണ്ട്. "നൃത്തം ചെയ്യരുതെന്ന് അവൾ എന്നോട് ആവശ്യപ്പെടാറുണ്ട്. ഞാൻ ഒരു മോശം ഡാൻസറാണെന്ന് അവൾ പറയും. അവളുടെ വിമർശനങ്ങൾ കേട്ട് ഇപ്പോൾ എനിക്ക് ഡാൻസ് കളിക്കാൻ വലിയ ആത്മവിശ്വാസമില്ല. എങ്കിലും ഞാൻ വീണ്ടും ശ്രമിക്കും. സിനിമയിൽ എല്ലാം തികഞ്ഞതാകണമെന്ന് നിർബന്ധമില്ലല്ലോ, ചിലർക്ക് ആസ്വദിക്കാൻ വേണ്ടിയാണല്ലോ നമ്മൾ ഇത് ചെയ്യുന്നത്’-അദ്ദേഹം കൂട്ടിച്ചേർത്തു. 

നവാസുദ്ദീൻ സിദ്ദിഖിയുടെയും മുൻഭാര്യ ആലിയയുടെയും മകളാണ് ഷോറ. ഷോറ അഭിനയം പഠിക്കാനായി സ്വയം മുൻകൈ എടുത്ത് ഒരു ഇൻസ്റ്റിറ്റ്യൂട്ടിൽ ചേർന്ന വിവരം മുൻപ് ഒരു അഭിമുഖത്തിൽ നവാസുദ്ദീൻ പങ്കുവെച്ചിരുന്നു.

നവാസുദ്ദീൻ സിദ്ദിഖി അവസാനമായി അഭിനയിച്ചത് ആയുഷ്മാൻ ഖുറാന, രശ്മിക മന്ദാന എന്നിവർക്കൊപ്പം ഥാമ എന്ന ഹൊറർ കോമഡി ചിത്രത്തിലാണ്. മേം ആക്ടർ നഹി ഹൂം, നൂറാനി ചെഹ്‌റ, തുംബാഡ് 2 എന്നിവയാണ് അദ്ദേഹത്തിന്റെ വരാനിരിക്കുന്ന പ്രധാന പ്രോജക്റ്റുകൾ.

Content Highlights: Nawazuddin Siddiqui reveals his daughter Shora is his biggest critic, especially regarding his dance moves., Shora Siddiqui is passionate about acting but will focus on her studies before entering the film industry.,