മോണോ ആക്ടില്‍ ഒന്നാംസ്ഥാനംനേടിയ അഞ്ചാംക്ലാസുകാരി വി. ധന്യ; ഓര്‍മച്ചിത്രം പങ്കുവെച്ച് നവ്യാ നായര്‍

അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോള്‍ മോണോ ആക്ട് മത്സരത്തിലെ തന്റെ നേട്ടത്തെക്കുറിച്ചുള്ള പത്രവാര്‍ത്ത പങ്കുവെച്ച് നടി നവ്യാ നായര്‍. നവ്യയുടേയും പരിശീലകന്റേയും ചിത്രമടക്കമുള്ള പത്രവാര്‍ത്തയാണ് താരം പങ്കുവെച്ചത്. യുപി വിഭാഗം പെണ്‍കുട്ടികളുടെ മോണോ ആക്ട് മത്സരത്തില്‍ ഒന്നാംസ്ഥാനം നേടിയപ്പോഴുള്ള പത്രവാര്‍ത്തയാണിത്.
ഏത് തലത്തിലുള്ള കലാമേളയിലാണ് നേട്ടമെന്ന് വാര്‍ത്തയില്‍ വ്യക്തമല്ല. നടിയുടെ യഥാര്‍ഥ പേരായ വി. ധന്യ എന്നാണ് വാര്‍ത്തയിലുള്ളത്. ആലപ്പുഴ സ്വദേശിയായ ടി. സുദര്‍ശന്‍ ആയിരുന്നു നവ്യയുടെ പരിശീലകന്‍. 'പ്രതിഭയുടെ തിളക്കം വാനോളം' എന്ന തലക്കെട്ടിലാണ് വാര്‍ത്ത.
ആലപ്പുഴ ഹരിപ്പാട് സ്വദേശിയായ നവ്യ കായംകുളം സെന്റ് മേരീസ് സ്‌കൂളില്‍ പഠിക്കുന്ന കാലത്തുള്ള പത്രവാര്‍ത്തയാണ് പങ്കുവെച്ചത്. 'അഞ്ചാം ക്ലാസ്' എന്ന ക്യാപ്ഷനോടെയാണ് ചിത്രം പങ്കുവെച്ചത്.
റത്തീന സംവിധാനംചെയ്ത 'പാതി രാത്രി' എന്ന ചിത്രമാണ് നവ്യയുടെ ഏറ്റവും ഒടുവിലിറങ്ങിയ ചിത്രം. നവ്യ പോലീസ് വേഷത്തിലെത്തുന്ന ആദ്യചിത്രം കൂടിയാണ് 'പാതി രാത്രി'.