‘മലേഷ്യൻ പ്രധാനമന്ത്രി എംജിആർ ആരാധകൻ, ഇന്ത്യയിൽ നമ്മൾ പലരേയും പോലെ’; വീഡിയോ പങ്കുവെച്ച് നരേന്ദ്രമോദി

#Movies Desk
എം.ജി. രാമചന്ദ്രന്‍, അന്‍വര്‍ ഇബ്രാഹിമും നരേന്ദ്രമോദിയും ഒരു കാറില്‍ | Photo: Mathrubhumi, ANI
എം.ജി. രാമചന്ദ്രന്‍, അന്‍വര്‍ ഇബ്രാഹിമും നരേന്ദ്രമോദിയും ഒരു കാറില്‍ | Photo: Mathrubhumi, ANI

മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഒരുക്കിയ വിരുന്നിൽനിന്നുള്ള വീഡിയോ പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. വിരുന്നിൽ മലേഷ്യയിലെ കലാകാരന്മാർ ഒരുക്കിയ നൃത്തപരിപാടിയിൽനിന്നുള്ള ദൃശ്യമാണ് മോദി പങ്കുവെച്ചത്. തമിഴ് ഇതിഹാസ നടൻ എം.ജി.ആറിന്റെ ചിത്രത്തിൽനിന്നുള്ള പാട്ട് മലേഷ്യൻ ഗായകൻ പാടുന്നതും പിന്നണിയിൽ നർത്തകർ ചുവടുവെക്കുന്നതുമാണ് വീഡിയോയിലുള്ളത്.

'എന്റെ സുഹൃത്ത്, പ്രധാനമന്ത്രി അൻവർ ഇബ്രാഹിം സംഘടിപ്പിച്ച ഉച്ചവിരുന്നിൽ അവതരിപ്പിച്ച ഗാനങ്ങളിൽ ഒന്ന് എം.ജി.ആർ. അഭിനയിച്ച 'നാളെ നമദെ' എന്ന ചിത്രത്തിലേതായിരുന്നു. ഇന്ത്യയിൽ നമ്മൾ പലരേയും പോലെ, പ്രധാനമന്ത്രി അൻവർ ഇബ്രാഹിമും എം.ജി.ആറിന്റെ വലിയ ആരാധകനാണ്', എന്ന കുറിപ്പോടെയാണ് മോദി വീഡിയോ പങ്കുവെച്ചത്.

രണ്ടുദിവസത്തെ സന്ദർശനത്തിനായി ശനിയാഴ്ചയാണ് മോദി മലേഷ്യയിലെത്തിയത്. അൻവർ ഇബ്രാഹിം വിമാനത്താവളത്തിലെത്തി അദ്ദേഹത്തെ സ്വീകരിച്ചു. ഇന്ത്യൻ സമൂഹമൊരുക്കിയ ചടങ്ങിൽ ഇരുവരും ഒന്നിച്ചു പങ്കെടുത്തിരുന്നു.

'മലേഷ്യയിൽ ഇന്ത്യൻ സിനിമകളും പാട്ടുകളും ജനപ്രിയമാണ്. പ്രധാനമന്ത്രി അൻവർ ഇബ്രാഹിം നന്നായി പാടും. ഇന്ത്യയിൽ പലർക്കും അത് അറിയില്ല. കഴിഞ്ഞ സന്ദർശനത്തിനിടെ അദ്ദേഹം പഴയ ഹിന്ദി പാട്ട് പാടുന്ന വീഡിയോ വൈറലായതോടെ ഇന്ത്യക്കാർ അത്ഭുതപ്പെട്ടു. ഇതിഹാസ നടനായ എം.ജി.ആറിന്റെ പാട്ടുകൾ അദ്ദേഹത്തിന് ഒരുപാട് ഇഷ്ടമാണ്', മോദി ചടങ്ങിൽ പറഞ്ഞു.

നേരത്തേ, തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ അൻവർ ഇബ്രാഹിം എം.ജി.ആറിന്റെ പാട്ടിന് നൃത്തം വെക്കുന്ന വീഡിയോ വൈറലായിരുന്നു. 'എങ്ക വീട്ടുപിള്ളൈ' എന്ന ചിത്രത്തിലെ 'നാൻ ആണയിട്ടാൽ' എന്നു തുടങ്ങുന്ന ഗാനത്തിനാണ് അന്ന് നിലവിലെ മലേഷ്യൻ പ്രധാനമന്ത്രി ചുവടുവെച്ചത്. രാഷ്ട്രീയത്തിലിറങ്ങിയ തമിഴ് സൂപ്പർതാരം വിജയ്‌യുടെ അവസാനചിത്രമെന്ന് പറയപ്പെടുന്ന 'ജനനായകൻ' ഓഡിയോ ലോഞ്ച് ഡിസംബറിൽ മലേഷ്യയിലായിരുന്നു നടന്നത്.

Content Highlights: PM Modi shared a video of Malaysian PM Anwar Ibrahim`s fondness for MGR`s iconic song, highlighting cultural ties