ചോരക്കളിയുടെ പൂരം; നാനി - ശ്രീകാന്ത് ഒഡേല ചിത്രം 'ദ പാരഡൈസ്' ടീസർ പുറത്ത്

#മൂവി ഡെസ്ക്
ദ പാരഡൈസ് എന്ന ചിത്രത്തിന്റെ പോസ്റ്റർ | ഫോട്ടോ: അറേഞ്ച്ഡ്
ദ പാരഡൈസ് എന്ന ചിത്രത്തിന്റെ പോസ്റ്റർ | ഫോട്ടോ: അറേഞ്ച്ഡ്

തെലുങ്ക് സൂപ്പർ താരം നാനിയെ നായകനാക്കി ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ ചിത്രം 'ദ പാരഡൈസ്' ടീസർ പുറത്ത്. 1 മിനിറ്റും 42 സെക്കൻഡും ദൈർഘ്യമുള്ള ഒരു മാസ്സ് ടീസർ ആണ് അണിയറ പ്രവർത്തകർ പുറത്തു വിട്ടിരിക്കുന്നത്. 2026 സെപ്റ്റംബർ 24 ന് ചിത്രം ആഗോള റിലീസായി എത്തും. ദസറ എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് ശേഷം നാനി- ശ്രീകാന്ത് ഒഡേല ടീം ഒന്നിക്കുന്ന ഈ ചിത്രം നിർമിക്കുന്നത് ദസറയുടെ നിർമ്മാതാവായ സുധാകർ ചെറുകുറിയാണ്. ശ്രീലക്ഷ്മി വെങ്കടേശ്വര സിനിമാസിന്റെ ബാനറിൽ ആണ് അദ്ദേഹം ഈ ചിത്രം നിർമ്മിക്കുന്നത്.

ത്രസിപ്പിക്കുന്ന ആക്ഷൻ ആണ് ടീസറിൻ്റെ ഹൈലൈറ്റ്. അതിനൊപ്പം ടീസറിലെ പഞ്ച് ഡയലോഗുകളും ബ്രഹ്മാണ്ഡ ദൃശ്യങ്ങളും പ്രേക്ഷകരെ അമ്പരപ്പിക്കുന്നതാണ്. വയലൻസിന് വലിയ പ്രാധാന്യമുള്ള രീതിയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നും ടീസർ സൂചിപ്പിക്കുന്നു. അനിരുദ്ധ് രവിചന്ദർ ഒരുക്കിയ ഗംഭീര പശ്ചാത്തല സംഗീതം ടീസറിനെ ആവേശകരമാക്കിയിട്ടുണ്ട്.

നാനി അവതരിപ്പിക്കുന്ന കഥാപാത്രത്തെ ആവേശകരമായി അവതരിപ്പിക്കുന്ന ടീസർ, അതിനൊപ്പം തന്നെ ചിത്രത്തിന്റെ റിലീസ് തീയതിയും പുറത്തു വിട്ടു. ജദാൽ എന്ന കഥാപാത്രമായി, തന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ മാസ്സ് അവതാരമായാണ് നാനി ഈ ചിത്രത്തിലെത്തുന്നത്. ചിത്രത്തിലെ നാനിയുടെ ലുക്ക് നേരത്തെ തന്നെ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയിരുന്നു. ചിത്രത്തിലെ വില്ലൻ വേഷം ചെയ്യുന്ന ബോളിവുഡ് താരം രാഘവ് ജൂയലും വ്യത്യസ്‌തമായ ലുക്കിലാണ് ചിത്രത്തിലെത്തുന്നത്. വിക്രം മാലിക് എന്ന കഥാപാത്രമായാണ് രാഘവ് ഈ ചിത്രത്തിലെത്തുന്നത്. രാഘവിനെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഗ്ലിംപ്സ് വീഡിയോയും ഏറെ ശ്രദ്ധനേടിയിരുന്നു.

ചിത്രത്തിലെ ആദ്യ ഗാനമായ "ആയാ ഷേർ" ആഗോള തലത്തിൽ തരംഗമായി മാറുകയും ചെയ്തിരുന്നു. ഗാനത്തിലെ നാനിയുടെ ഐക്കണിക് ഹൂക്ക് സ്റ്റെപ്പും ആഗോള തലത്തിൽ വൈറലായി. അനിരുദ്ധ് രവിചന്ദറാണ് സിത്രത്തിനു സംഗീതം ഒരുക്കുന്നത്. ജേഴ്സി, ഗാങ് ലീഡർ എന്നീ ചിത്രങ്ങൾക്ക് ശേഷം നാനിയും സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദറും ഒന്നിക്കുന്ന ചിത്രം കൂടിയാണ് 'ദ പാരഡൈസ്'.
 

നാനിയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ റിലീസ് ആയാണ് 'ദ പാരഡൈസ്' എത്തുക. ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് ഉൾപ്പെടെയുള്ള പോസ്റ്ററുകൾ, സ്പാർക്ക് ഓഫ് പാരഡൈസ് എന്ന ഗ്ലിംപ്സ് വീഡിയോ എന്നിവയും സമൂഹ മാധ്യമങ്ങളിൽ വലിയ പ്രതികരണം നേടിയെടുത്തിരുന്നു. ആരാധകരും സിനിമാ പ്രേമികളും ഏറെ ആവേശത്തോടെയാണ് ഈ ചിത്രം കാത്തിരിക്കുന്നത്. സമ്പൂർണേഷ് ബാബു, മോഹൻ ബാബു, സോണാലി കുൽക്കർണി, ഈശ്വരി റാവു, രാജ രവീന്ദ്ര, തനികേല ഭരണി, എം. എസ് ചൗധരി, രാം ജഗൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. ആഗോള തലത്തിൽ എട്ട് ഭാഷകളിൽ ആണ് ഈ ചിത്രം പ്രദർശനത്തിന് എത്തുക എന്നാണ് റിപ്പോർട്ട്. തെലുങ്ക്, കന്നഡ, മലയാളം, തമിഴ്, ഹിന്ദി, ബംഗാളി, ഇംഗ്ലീഷ്, സ്പാനിഷ് ഭാഷകളിൽ ആണ് ചിത്രമെത്തുക.

രചന, സംവിധാനം- ശ്രീകാന്ത് ഒഡേല, നിർമാതാവ്- സുധാകർ ചെറുകുറി, ബാനർ- എസ്എൽവി സിനിമാസ്, ഛായാഗ്രഹണം - സി എച്ച് സായ്, സംഗീതം- അനിരുദ്ധ് രവിചന്ദർ, എഡിറ്റിംഗ് - നവീൻ നൂലി, പ്രൊഡക്ഷൻ ഡിസൈൻ - അവിനാഷ് കൊല്ല, ഓഡിയോ - സരിഗമ മ്യൂസിക്, മാർക്കറ്റിംഗ്- ഫസ്റ്റ് ഷോ, പിആർഒ- ശബരി.

Content Highlights: The makers of Nani’s highly anticipated pan-Indian action film The Paradise, directed by Srikanth Odela and featuring music by Anirudh Ravichander, have released a thrilling mass teaser confirming its global theatrical premiere for September 24, 2026.