തിയേറ്ററുകളെ പ്രകമ്പനം കൊള്ളിക്കാൻ ബാലയ്യ വീണ്ടും; 'ഭഗവന്ത് കേസരി' വരുന്നൂ

ഭ​ഗവന്ത് കേസരിയുടെ പോസ്റ്റർ | ഫോട്ടോ: twitter.com/AnilRavipudi
ഭ​ഗവന്ത് കേസരിയുടെ പോസ്റ്റർ | ഫോട്ടോ: twitter.com/AnilRavipudi

തെലുങ്ക് സിനിമയിൽ ഇപ്പോഴും ആരാധകരുടെ എണ്ണത്തിൽ ഒരു കുറവുമില്ലാത്ത നടനാണ് നന്ദമൂരി ബാലകൃഷ്ണ. തന്റെ 108-ാം ചിത്രവുമായി ബന്ധപ്പെട്ട തിരക്കുകളിലാണ് ബാലകൃഷ്ണ ഇപ്പോൾ. അനിൽ രവിപുടി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പേര് പുറത്തുവന്നിരിക്കുകയാണ്.

ഭ​ഗവന്ത് കേസരി എന്നാണ് പുതിയ ബാലകൃഷ്ണാ ചിത്രത്തിന്റെ പേര്. എൻ.ബി.കെ 108 എന്ന പേരിലായിരുന്നു ചിത്രം ഇതുവരെ അറിയപ്പെട്ടിരുന്നത്. ഐ ഡോണ്ട് കെയർ എന്നാണ് സിനിമയുടെ ടാ​ഗ് ലൈൻ. ആയുധമേന്തി നിൽക്കുന്ന നായകനെയാണ് പുറത്തുവന്ന പോസ്റ്ററിൽ കാണാനാവുക.

അനിൽ രവിപുടിയും ബാലകൃഷ്ണയും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് ഭ​ഗവന്ത് കേസരി. സാൾട്ട് ആൻഡ് പെപ്പർ ലുക്കിലാണ് ചിത്രത്തിൽ ബാലകൃഷ്ണ പ്രത്യക്ഷപ്പെടുന്നത്. ആന്ധ്രയിലെ 108 സ്ഥലങ്ങളിലായി 108 ഹോർഡിങ്ങുകൾ സ്ഥാപിച്ചാണ് സിനിമയുടെ പേര് അണിയറപ്രവർത്തകർ പുറത്തുവിട്ടത്. ജൂൺ18-ന് ബാലകൃഷ്ണയുടെ പിറന്നാളിനോടനുബന്ധിച്ച് മറ്റുചില സർപ്രൈസുകളും അണിയറക്കാർ ഒരുക്കിയിട്ടുണ്ട്.

കാജൽ അ​ഗർവാളും ശ്രീലീലയുമാണ് നായികമാർ. ബോളിവുഡ് താരം അർജുൻ രാംപാൽ വില്ലനായെത്തുന്നു. അദ്ദേഹത്തിന്റെ ആദ്യ തെലുങ്ക് ചിത്രമാണ് ഭ​ഗവന്ത് കേസരി. തമൻ ആണ് സം​ഗീതസംവിധാനം. സി രാം പ്രസാദ് ഛായാ​ഗ്രഹണവും തമ്മി രാജു എഡിറ്റിങ്ങും രാജീവൻ കലാസംവിധാനവും നിർവഹിക്കുന്നു. വി. വെങ്കട് ആണ് സംഘട്ടനസംവിധാനം. വിജയദശമി റിലീസായി ചിത്രം തിയേറ്ററുകളിലെത്തും.

Content Highlights: nandamuri balakrishna new movie title out, bhagavanth kesari movie update