സോഷ്യൽ മീഡിയയിലെ നിരൂപകരെ നിയന്ത്രിക്കണം; നിവിൻ ചിത്രത്തിന് പിന്തുണയുമായി ചലച്ചിത്ര അ‌ക്കാദമി അംഗം

എൻ. അരുൺ, നിവിൻ പോളി | ഫോട്ടോ: അറേഞ്ച്ഡ്, www.facebook.com/NivinPauly
എൻ. അരുൺ, നിവിൻ പോളി | ഫോട്ടോ: അറേഞ്ച്ഡ്, www.facebook.com/NivinPauly

കൊച്ചി: സോഷ്യൽ മീഡിയയിലെ സിനിമാ നിരൂപകരെ നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് ചലച്ചിത്ര അക്കാദമി അംഗവും എഐവൈഎഫ് സംസ്ഥാന പ്രസിഡന്റുമായ എൻ. അരുൺ. റിവ്യൂ എന്നാൽ എന്തും വിളിച്ചുപറയാനുള്ള ലൈസൻസല്ലെന്നും മലയാള സിനിമയെ ഗ്രസിക്കുന്ന വൻ വിപത്തായി സോഷ്യൽ മീഡിയയിലെ വലിയൊരു വിഭാഗം സിനിമാ നിരൂപകൻമാർ മാറുകയാണെന്നും എൻ. അരുൺ ആരോപിച്ചു.

സോഷ്യൽ മീഡിയക്ക് വലിയ സ്വാധീനമുള്ള ഈ കാലത്ത് ഫോളോവർമാരെ തന്ത്രപൂർവ്വം സൃഷ്ടിക്കുവാനും അതുവഴി യാഥാർത്ഥ്യവിരുദ്ധമായ എന്തും പ്രചരിപ്പിക്കുവാനും ഇക്കൂട്ടർക്ക് ശ്രമിക്കുകയാണ്. പണത്തിൻ്റെയും മറ്റ് താൽപ്പര്യങ്ങളുടെയും സ്വാധീനത്തിൽ സിനിമകളെ  പൊതുജനങ്ങൾക്കിടയിൽ വളരെ മോശമായി ചർച്ച ചെയ്യിക്കുവാൻ ഇവർക്ക് സാധിക്കുന്നുണ്ട്. ചിലർ ഉപയോഗിക്കുന്ന ഭാഷയും ആംഗ്യവും വരെ തീർത്തും സംസ്കാരശൂന്യവും അപരിഷ്കൃതവുമാണ്.

വ്യക്തിവൈരാഗ്യത്തിൻ്റെ പേരിൽ  എത്ര സിനിമകളെ ഇവർ താറടിപ്പിച്ച് നശിപ്പിക്കുന്നു. കഴിഞ്ഞ ആഴ്ച റിലീസ് ആയ ഹനീഫ് അദേനി സംവിധാനം ചെയ്ത നിവിൻ പോളി നായകനായ രാമചന്ദ്രബോസ് ആൻ്റ് കോ എന്ന സിനിമയെ വളരെ മോശമായാണ് ചില റിവ്യൂവർമാർ ആക്രമിച്ചത്. ഒരു മെച്ചപ്പെട്ട എന്റർടെയ്നർ സിനിമയാണ് രാമചന്ദ്ര ബോസ് ആൻ്റ് കോ എന്നാണ് ആ സിനിമ കണ്ട ഒരു പ്രേക്ഷകൻ എന്നതിൻ്റെ അടിസ്ഥാനത്തിൽ പറയാനുള്ളതെന്നും എൻ. അ‌രുൺ പ്രസ്താവനയിൽ പറഞ്ഞു.

Content Highlights: n arun supports nivin pauly movie, ramachandra bose and co, haneef adeni movie