മനഃപൂർവം ആരെയും വേദനിപ്പിക്കുന്ന ആളല്ല രമേശ് അണ്ണാച്ചി, ആസിഫേ.. പോട്ടെടാ ചെക്കാ, വിട്ടുകള -ശരത്

രമേഷ് നാരായണൻ, ആസിഫ് അലിയും ശരത്തും | ഫോട്ടോ: അരുൺ കൃഷ്ണൻകുട്ടി\ മാതൃഭൂമി, www.facebook.com/sharrethofficial
രമേഷ് നാരായണൻ, ആസിഫ് അലിയും ശരത്തും | ഫോട്ടോ: അരുൺ കൃഷ്ണൻകുട്ടി\ മാതൃഭൂമി, www.facebook.com/sharrethofficial

നടൻ ആസിഫ് അലിയിൽ നിന്ന് പുരസ്കാരം സ്വീകരിക്കാൻ അനിഷ്ടം കാണിച്ച സംഗീതസംവിധായകൻ പണ്ഡിറ്റ് രമേശ് നാരായണനെതിരെ സോഷ്യൽ മീഡിയയിൽ കടുത്ത പ്രതിഷേധം തുടരുകയാണ്. ആസിഫ് അലിക്ക് പിന്തുണ നൽകിക്കൊണ്ട് കൂടുതൽ താരങ്ങളും രാഷ്ട്രീയപ്രവർത്തകരുമെല്ലാം എത്തിക്കൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ ഈ വിഷയത്തിൽ തന്റെ അഭിപ്രായം രേഖപ്പെടുത്തിയിരിക്കുകയാണ് സം​ഗീത സംവിധായകനും ​ഗായകനുമായ ശരത്.

സിനിമാ സംബന്ധമായ വാർത്തകളും ആർട്ടിക്കിളുകളും വായിക്കാനും വീഡിയോകൾ കാണാനും വാട്‌സാപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ:

പുരസ്കാര ജേതാവിന്റെ പ്രവർത്തി പുരസ്‌കാരം നൽകിയ കലാകാരനെ വേദനിപ്പിച്ചുവെങ്കിൽ, അദ്ദേഹത്തെ വിളിച്ച് ഒരു ക്ഷമാപണം നടത്തിയാൽ തീരുന്ന പ്രശ്നമേയുള്ളൂ എന്ന് ശരത് ഫെയ്സ്ബുക്കിൽ കുറിച്ചു. മനഃപൂർവം ആരെയും വേദനിപ്പിക്കുന്നയാളല്ല രമേശ് നാരായണൻ. ആസിഫ് അലി തന്റെ കുഞ്ഞനുജൻ ആണെന്നും ശരത് കുറിച്ചു.

"കല എന്നത് ദൈവീകം ആണ്. അത് പലർക്കും പല രൂപത്തിൽ ആണ് കിട്ടുന്നത്. ചിലർ അഭിനയത്തിൽ മറ്റുചിലർ സംഗീതത്തിലോ, ചിത്ര രചനയിലോ, വാദ്യകലകളിലോ, ക്ഷേത്ര കലാരൂപങ്ങളിലോ അങ്ങനെ എല്ലാ കലകളിലും ദൈവീക സാന്നിധ്യം ഉണ്ട്...ആ ദൈവീക സാന്നിധ്യം ഉള്ള കലാകാരന്മാരെ അനുഗ്രഹീതരായി ആണ് നമ്മൾ കാണേണ്ടത്. പുരസ്കാര ദാന ചടങ്ങുകളിൽ നമുക്ക് പുരസ്‌കാരം തരുന്ന ആള് ഒരു പ്രതിനിധി ആണ്... അദ്ദേഹം അദ്ദേഹത്തിന്റെ മേഖലയിൽ തന്റെ കഴിവ് തെളിയിച്ച ആളും ആയിരിക്കും..അപ്പോൾ പുരസ്കാര ജേതാവിന്റെ പ്രവർത്തി ഈ പുരസ്‌കാരം നൽകിയ കലാകാരന് വേദനിപ്പിച്ചു എങ്കിൽ, അദ്ദേഹത്തെ വിളിച്ച് ഒരു ക്ഷമാപണം നടത്തിയാൽ തീരുന്ന പ്രശ്നമേ ഒള്ളു..
 
രമേശ്‌ അണ്ണാച്ചി എന്റെ ഹൃദയത്തോട് വളരെ അടുത്ത് നിൽക്കുന്ന ഒരു സംഗീതജ്ഞൻ ആണ് , മനഃപൂർവം ആരെയും വേദനിപ്പിക്കുന്ന ആളല്ല അണ്ണാച്ചി... അദ്ദേഹത്തിന്റെ ഭാഗത്തു നിന്നും ഉണ്ടായ വീഴ്ച അദ്ദേഹം ആസിഫിനെ വിളിച്ച് സംസാരിച്ചാൽ തീരുന്നതാണ്... ആസിഫ് എന്റെ കുഞ്ഞു അനുജൻ ആണ്... എവിടെ കണ്ടാലും ആ നിഷ്കളങ്കമായ ചിരിയോടു കൂടി ശരത്തേട്ടാന്നും വിളിച്ച് ഓടിവന്ന് കെട്ടിപ്പിടിക്കുന്ന വെറും പാവം ചെക്കൻ. പൊതു സമൂഹത്തിന്റെ മുന്നിൽ അപമാനിതനാകുന്നത് ആർക്കും സഹിക്കാൻ പറ്റില്ല... അപ്പോൾ ആസിഫ്നോട് എനിക്ക് പറയാൻ ഒന്നേ ഒള്ളു "പോട്ടെടാ ചെക്കാ" വിട്ടുകള... വിഷമം ഉണ്ടായിട്ടുണ്ടെൽ നിന്റെയൊപ്പം ഞങ്ങൾ എല്ലാരും ഉണ്ട്..." ശരത്തിന്റെ വാക്കുകൾ.

എം ടി വാസുദേവൻ നായരുടെ ഒൻപത് കഥകളെ അടിസ്ഥാനമാക്കി ഒരുങ്ങുന്ന ചലച്ചിത്ര സമാഹാരമായ 'മനോരഥങ്ങളു'ടെ ട്രെയ്‌ലർ ലോഞ്ച് ചടങ്ങിനിടെയായിരുന്നു സംഭവം.പരിപാടിയിൽ പങ്കെടുത്ത രമേശ് നാരായണന് പുരസ്‌കാരം സമ്മാനിക്കാൻ സംഘാടകർ ആസിഫ് അലിയെയായിരുന്നു ക്ഷണിച്ചത്. എന്നാൽ രമേശ് നാരായണൻ സംവിധായകന്‍ ജയരാജിനെ വിളിച്ചുവരുത്തി ആസിഫിന്റെ കൈയില്‍നിന്ന് പുരസ്‌കാരമെടുത്ത് ജയരാജിനു കൈമാറി. തുടര്‍ന്ന് ജയരാജ്, രമേഷ് നാരായണന് പുരസ്‌കാരം നല്‍കുകയായിരുന്നു.

പിന്നീട് സംഭവത്തിൽ വിശദീകരണവുമായി രമേശ് നാരായണനും എത്തി. ആസിഫ് അലിയെ താൻ അപമാനിച്ചിട്ടില്ലെന്നും അങ്ങനെ തോന്നിയെങ്കിൽ ക്ഷമ ചോദിക്കുന്നുവെന്നും രമേശ് നാരായണൻ പറഞ്ഞു.

Content Highlights: music director sharreth about asif ali ramesh narayanan award controversy