കെ.ജെ. ജോയിക്ക് യാത്രാമൊഴി, മൺമറഞ്ഞത് മലയാളത്തിന്റെ ആദ്യ 'ടെക്നോ മ്യൂസീഷ്യൻ'

1. സാന്തോം ഹൈറോഡിലെ വസതിയിൽ പൊതുദർശനത്തിനുവെച്ച കെ.ജെ. ജോയിയുടെ ഭൗതിക ശരീരത്തിൽ സംഗീതസംവിധായകൻ ശ്യാം അന്ത്യാഞ്ജലിയർപ്പിക്കുന്നു. 2) കെ.ജെ. ജോയിക്ക് നിർമാതാവ് കെ.ടി. കുഞ്ഞുമോൻ, തിരക്കഥാകൃത്ത് ഡോ. സി.ജി. രാജേന്ദ്രബാബു, ശരത്ചന്ദ്രൻ തുടങ്ങിയവർ അന്ത്യാഞ്ജലിയർപ്പിക്കുന്നു | ചിത്രങ്ങൾ : മാതൃഭൂമി
1. സാന്തോം ഹൈറോഡിലെ വസതിയിൽ പൊതുദർശനത്തിനുവെച്ച കെ.ജെ. ജോയിയുടെ ഭൗതിക ശരീരത്തിൽ സംഗീതസംവിധായകൻ ശ്യാം അന്ത്യാഞ്ജലിയർപ്പിക്കുന്നു. 2) കെ.ജെ. ജോയിക്ക് നിർമാതാവ് കെ.ടി. കുഞ്ഞുമോൻ, തിരക്കഥാകൃത്ത് ഡോ. സി.ജി. രാജേന്ദ്രബാബു, ശരത്ചന്ദ്രൻ തുടങ്ങിയവർ അന്ത്യാഞ്ജലിയർപ്പിക്കുന്നു | ചിത്രങ്ങൾ : മാതൃഭൂമി

ചെന്നൈ: പ്രമുഖ സംഗീതസംവിധായകൻ കെ.ജേ. ജോയിക്ക് പ്രിയപ്പെട്ടവരുടെ യാത്രാമൊഴി. ബുധനാഴ്ച രാവിലെ പത്തരയോടെ ജോയിയുടെ ഭൗതികശരീരം സാന്തോം ഹൈറോഡിലെ വസതിയായ കൽപ്പന ഹൗസിലെത്തിച്ച് പൊതുദർശനത്തിന് വെച്ചു.

ചെന്നൈയിലുള്ള ചലച്ചിത്രപ്രവർത്തകരും ഒട്ടേറെ സുഹൃത്തുക്കളും അന്ത്യാഞ്ജലിയർപ്പിക്കാനെത്തി. സംഗീതസംവിധായകൻ ശ്യാം, നിർമാതാവ് കെ.ടി. കുഞ്ഞുമോൻ, മലയാള ചലച്ചിത്ര പരിഷത്ത് സെക്രട്ടറിയും തിരക്കഥാകൃത്തുമായ സി.ജി. രാജേന്ദ്രബാബു, കഥാകൃത്ത് ശരത് ചന്ദ്രൻ തുടങ്ങിയവരും സിനിമ-സംഗീത രംഗത്തെ ഒട്ടേറെ പേരും അന്ത്യാഞ്ജലിയർപ്പിച്ചു.

കോൺഫെഡറേഷൻ ഓഫ് തമിഴ്‌നാട് മലയാളി അസോസിയേഷനു(സി.ടി.എം.എ.)വേണ്ടി ജനറൽ സെക്രട്ടറി എം.പി. അൻവറിന്റെ നേതൃത്വത്തിൽ റീത്ത്‌ സമർപ്പിച്ചു. ജോയിയെ അന്ത്യയാത്രയാക്കാൻ എത്തിയവരിൽ ഭൂരിഭാഗവും അദ്ദേഹത്തിന്റെ ചെന്നൈയിലെ സുഹൃത്തുക്കളായിരുന്നു. കേരളത്തിൽനിന്ന് സിനിമാപ്രവർത്തകരൊന്നും പങ്കെടുത്തില്ല.

തൃശ്ശൂരിലെ അടുത്ത ബന്ധുക്കൾ അന്ത്യകർമങ്ങൾക്കായി നേരത്തേ ചെന്നൈയിലെത്തി. ഭാര്യ രഞ്ജിനിയുടെ സാന്നിധ്യത്തിൽ മക്കളായ അശോക്, ഏയ്ഞ്ചൽ, ആനന്ദ്, അമിത, ആലീസ് എന്നിവർ അന്ത്യകർമങ്ങൾ നിർവഹിച്ചു. ഉച്ചയ്ക്ക് രണ്ടരയോടെ ഭൗതികശരീരം കിൽപ്പോക്ക് സെമിത്തേരിയിലെത്തിച്ചു. മൂന്നരയോടെ സംസ്കാരം പൂർത്തിയാക്കി.

മലയാളത്തിന് ഒരുപിടി മികച്ചഗാനങ്ങൾ സമ്മാനിച്ച കെ.ജെ. ജോയ് (77) തിങ്കളാഴ്ച പുലർച്ചെയാണ് അന്തരിച്ചത്. തൃശ്ശൂർ നെല്ലിക്കുന്ന് സ്വദേശിയായ ഇദ്ദേഹം 1975-ൽ പുറത്തിറങ്ങിയ ‘ലൗ ലെറ്റർ’ എന്ന മലയാളചിത്രത്തിലൂടെയാണ് സ്വതന്ത്ര സംഗീതസംവിധായകനാവുന്നത്. ലിസ, സർപ്പം, സായൂജ്യം, തരംഗം, മനുഷ്യമൃഗം തുടങ്ങി 65-ഓളം മലയാളചിത്രങ്ങൾക്ക് സംഗീതംനൽകി. മലയാളത്തിനുപുറമേ പന്ത്രണ്ടോളം ഹിന്ദി ചലച്ചിത്രങ്ങൾക്കും പശ്ചാത്തലസംഗീതമൊരുക്കി.

Content Highlights: music director kj joy funeral held at chennai, kj joy passed away