നടൻ മോഹൻ ബാബുവിനെതിരേ വധശ്രമത്തിന് കേസ്; നഷ്ടപ്പെടുന്നതിനെ എന്തിനാണ് ഭയക്കുന്നതെന്ന് മകൾ ലക്ഷ്മി

ഹൈദരാബാദ്: മാധ്യമപ്രവര്‍ത്തകനെ ആക്രമിച്ച കേസില്‍ തെലുഗു നടന്‍ മോഹന്‍ ബാബുവിനെതിരേ വധശ്രമവും ചുമത്തി. 35-കാരനായ മാധ്യമപ്രവര്‍ത്തകന്റെ പരാതിയിലാണ് വധശ്രമം അടക്കമുള്ള വകുപ്പുകള്‍കൂടി ചുമത്തി പോലീസ് കേസെടുത്തത്. സംഭവത്തില്‍ കഴിഞ്ഞദിവസം തന്നെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. വ്യാഴാഴ്ച മാധ്യമപ്രവര്‍ത്തകന്റെ വിശദമായ മൊഴി രേഖപ്പെടുത്തിയശേഷമാണ് കേസില്‍ വധശ്രമം അടക്കമുള്ള വകുപ്പുകളും ചുമത്തിയത്.
മോഹന്‍ ബാബുവും മകനും തമ്മിലുള്ള തര്‍ക്കം ചിത്രീകരിക്കുന്നതിനിടെയാണ് മോഹന്‍ ബാബു രോഷാകുലനായി മാധ്യമപ്രവര്‍ത്തകനെ ആക്രമിച്ചത്. മൈക്ക് പിടിച്ചുവാങ്ങിയ നടന്‍ ഇതുപയോഗിച്ച് ആക്രമിച്ചെന്നാണ് മാധ്യമപ്രവര്‍ത്തകന്റെ മൊഴി. ആക്രമണത്തില്‍ തലയ്ക്ക് പരിക്കേറ്റെന്നും മാധ്യമപ്രവര്‍ത്തകന്‍ മൊഴി നല്‍കിയിട്ടുണ്ട്.
അതിനിടെ, മോഹന്‍ ബാബുവും ഇളയമകന്‍ മനോജ് മഞ്ചുവും തമ്മിലുള്ള കലഹം വലിയ തര്‍ക്കത്തിലും പോലീസ് കേസുകളിലും കലാശിച്ചതിന് പിന്നാലെ മോഹന്‍ ബാബുവിന്റെ മകളും പ്രതികരണവുമായി രംഗത്തെത്തി. 'ലോകത്തുള്ളതൊന്നും യഥാര്‍ഥത്തില്‍ നിങ്ങളുടേതല്ലാഞ്ഞിട്ടും നഷ്ടപ്പെടുന്നതിനെ എന്തിനാണ് ഭയക്കുന്നത്', എന്നതായിരുന്നു നടിയും നിര്‍മാതാവുമായ ലക്ഷ്മി മഞ്ചു സാമൂഹികമാധ്യമങ്ങളിലൂടെ പങ്കുവെച്ച വാക്കുകള്‍.
തിങ്കളാഴ്ചയാണ് നടന്‍ മോഹന്‍ബാബുവും മകന്‍ മനോജ് മഞ്ചുവുമായുള്ള കുടുംബകലഹം വലിയ പൊട്ടിത്തെറിയിലെത്തിയത്. ജാല്‍പ്പള്ളിയിലെ തന്റെ വീട് കൈവശപ്പെടുത്താന്‍ മകന്‍ മനോജും മരുമകളും ചേര്‍ന്ന് ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ച് മോഹന്‍ ബാബു പോലീസില്‍ പരാതി നല്‍കിയിരുന്നു. മനോജ് മദ്യത്തിന് അടിമയാണെന്നും നടന്‍ ആരോപിച്ചിരുന്നു. അതിനിടെ ഗുണ്ടകളെ ഉപയോഗിച്ച് തന്നെ ആക്രമിച്ചെന്നും വീട്ടില്‍പ്രവേശിക്കുന്നത് തടഞ്ഞെന്നും ആരോപിച്ച് മകന്‍ മനോജും മോഹന്‍ ബാബുവിനെതിരേ പരാതി നല്‍കി.
കഴിഞ്ഞദിവസം മനോജ് തന്റെ കുഞ്ഞിനെ കാണാനായി ജാല്‍പ്പള്ളിയിലെ വീട്ടിലെത്തിയെങ്കിലും മോഹന്‍ ബാബുവിന്റെ സുരക്ഷാജീവനക്കാര്‍ മനോജിനെ അകത്തേക്ക് കടത്തിവിടാന്‍ കൂട്ടാക്കിയില്ല. ഇതോടെ സംഘര്‍ഷാവസ്ഥയുണ്ടായി. വിവരമറിഞ്ഞ് നിരവധി മാധ്യമപ്രവര്‍ത്തകരും സ്ഥലത്തെത്തി. ഇതിനിടെയാണ് തര്‍ക്കം ചിത്രീകരിക്കാനെത്തിയ മാധ്യമപ്രവര്‍ത്തകനെ മോഹന്‍ ബാബു ആക്രമിച്ചത്.
Content Highlights: police charged murder attempt case against actor mohan babu; actor's daughter lakshmi manchu reacts