കൈക്കൂലി നല്‍കിയില്ല, അതിന് എന്നെ വേട്ടയാടുന്നു; വെളിപ്പെടുത്തലുമായി ശില്പി വില്‍സണ്‍

നടന് മുരളിയുടെ പ്രതിമ വിവാദത്തില്‍ പ്രതികരണവുമായി ശില്‍പ്പി വില്‍സണ്‍ പൂക്കായി. അഴിമതിയ്ക്ക് കൂട്ടുനില്ക്കാന് തയ്യാറാവാത്തതിനാല്‍ തന്നെ വേട്ടയാടുന്നുവെന്നും കൈക്കൂലി നല്കാന് താന്‍ വിസമ്മതിച്ചുവെന്നും വില്‍സണ്‍ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. മാധ്യമങ്ങളില്‍ വന്ന ചിത്രം തന്റെ ശില്‍പത്തിന്റേതല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. അക്കാദമിവളപ്പില്‍ മുമ്പ് സ്ഥാപിച്ച വേറൊരു ശില്പിയുടെ രണ്ട് പ്രതിമകളില്‍ ഒന്നാണ് തന്റേതായി മാധ്യമങ്ങളില്‍ പ്രചരിക്കുന്നതെന്ന് വെങ്കലപ്രതിമ നിര്‍മാണച്ചുമതലയുണ്ടായിരുന്ന ശില്പി വില്‍സണ്‍ 'മാതൃഭൂമി'യോട് പറഞ്ഞു.
ഈ ശില്‍പ്പത്തിന് തൊട്ടുമുന്‍പ് ചെയ്തത് സഹോദരന് അയ്യപ്പന്റേതായിരുന്നു, ചെറായില്‍. അന്ന് മുതല്‍ നടന്ന കാര്യങ്ങള്‍ അന്വേഷിക്കണം. ആലപ്പുഴയില്‍ ഒരു ശില്‍പ്പനിര്‍മാണം ഏറ്റെടുത്തതിന് പിന്നാലെ വന്‍ കടബാധ്യതയുണ്ടായി. തുടര്‍ന്ന് വീടവരെ വിറ്റ് കടംവീട്ടി എറണാകുളത്തേക്ക് പോന്നു. എിന്നീട് എനിക്ക് ഒരു അവസരം നല്‍കിയത് ലളിതകലാ അക്കാദമിയാണ്. മുന്‍ചെയര്‍മാന്‍ സത്യപാല്‍ സാറാണ് സഹോദരന് അയ്യപ്പന്റെ പ്രതിമ ചെയ്യാന്‍ എന്നെ ഏല്‍പ്പിച്ചത്. വലിയ ഒരു ശില്‍പ്പമായിരുന്നു വേണ്ടത്. ഏകദേശം 65 ലക്ഷത്തോളം രൂപ ചെലവുവരുമെന്ന് പറഞ്ഞ് രേഖമൂലം ഞാന്‍ എഴുതി കൊടുത്തു. ഈ അവസരത്തില്‍ അക്കാദമിയുടെ നിര്‍വാഹക സമിതിയിലെ ഉത്തരവാദിത്തപ്പെട്ട സ്ഥാനത്ത് ഇരിക്കുന്ന ഒരു അംഗം എന്നോട് ഒരു കോടി രൂപയോളം ചെലവ് വരുമെന്ന് എഴുതിക്കൊടുക്കാന്‍ പറഞ്ഞു. പിന്നീട് അദ്ദേഹത്തിന്റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി, അവിടെ ഒരു ലൈബ്രറി ഹാള്‍ ഒരുക്കണമെന്നും അത് ഞാന്‍ തന്നെ ചെയ്യണമെന്നും പറഞ്ഞു. വലിയ ചെലവ് വരുമെന്ന് പറഞ്ഞപ്പോള്‍ എനിക്ക് അത് അറിയേണ്ട കാര്യമില്ല, നീ ചെയ്തു തരണം, എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.ഞാന്‍ അതിന് സമ്മതിച്ചില്ല.
അതിന് ശേഷം സഹോദരന് അയ്യപ്പന്റെ പ്രതിയുടെ നിര്‍മാണം നിന്നുപോയി. ആ ഫയല്‍ അവര്‍ അനക്കിയില്ല. അഴിമതിയ്ക്ക് ഞാന്‍ കൂട്ടുനില്‍ക്കാത്തതിനാണ് വേട്ടയാടപ്പെട്ടത്. കൈക്കൂലി കൊടുത്തിരുന്നുവെങ്കില്‍ എനിക്ക് ഈ ബുദ്ധിമുട്ട് ഉണ്ടാകുമായിരുന്നില്ല.
മുരളിയുടെ പ്രതിമയിലേക്ക് വരുമ്പോള്‍, അക്കാദമിയുടെ ഭാരവാഹികള്‍ മാറിയ മുറയ്ക്ക് നിര്‍മാണത്തിന് മുരളിയുടെ രണ്ട് ചിത്രങ്ങള്‍ മാറ്റിനല്‍കി. ആദ്യത്തേതുനോക്കി നിര്‍മാണം തുടങ്ങിയെങ്കിലും അധ്യക്ഷയായിരുന്ന കെ.പി.എ.സി. ലളിതയുടെ നിര്‍ദേശപ്രകാരം മാറ്റി. ശില്പകലയുമായി ബന്ധമുള്ളവരെ ഉള്‍പ്പെടുത്തി മാതൃക വിലയിരുത്തണമെന്ന് സാംസ്കാരികമന്ത്രിയോടും അക്കാദമി ചെയര്‍മാനോടും അഭ്യര്‍ഥിച്ചതാണ്.
ശില്‍പ്പം അവസാനഘട്ടത്തിലെത്തി നില്‍ക്കേ മുന്‍ സെക്രട്ടറി ബാലന്, ടോം വട്ടക്കുഴി എന്നിവര്‍ ശില്‍പ്പം വന്നു കാണുകയുണ്ടായി. ശില്‍പ്പം പൂര്‍ത്തിയാക്കിയതിന് ശേഷം അത് തകര്‍ക്കപ്പെട്ടു. അതിന് പിന്നാലെ മുഖ്യമന്ത്രിയ്ക്ക് നല്കി. പക്ഷേ ആ അന്വേഷണം എവിടെയും എത്തിയില്ല. ഇപ്പോള്‍ ഞാന്‍ ചെയ്യാത്ത ശില്‍പ്പം എന്റെ പേരില്‍ പ്രചരിക്കുകയാണ്. രാജന് എന്ന വ്യക്തി ചെയ്തതാണ്. പത്തടിയോളം ഉയരമുള്ള ചിത്രമാണ് ചെയ്തത്. ഈ വ്യാജ പ്രചാരണത്തിന് പിന്നില്‍ ഒരു കൂട്ടം ആളുകളാണ്.- വില്‍സണ്‍ പറഞ്ഞു.
Content Highlights: Murali actor statue controversy, sculptor Wilson response, kerala lalitha kala academy