'എനിക്ക് കോടികളുടെ നഷ്ടമാണുണ്ടാകുക, എന്നാലും ശക്തിമാനായി രൺവീർ വേണ്ട'-മുകേഷ് ഖന്ന

ഇന്ത്യൻ ടെലിവിഷനിലെ ഒരുകാലത്തെ സൂപ്പർ ഹീറോ ആയിരുന്ന 'ശക്തിമാൻ' വെള്ളിത്തിരയിലെത്തുമ്പോൾ നായകനായി രൺവീർ സിങ്ങ് വേണ്ടെന്ന നിലപാട് ആവർത്തിച്ച് നടനും നിർമാതാവുമായ മുകേഷ് ഖന്ന. ശക്തിമാനിൽ അഭിനയശേഷിക്ക് പുറമെ ആ വേഷത്തിന് അനുയോജ്യമായ മുഖം കൂടി വേണമെന്നും ഇതിലൂടെ തനിക്ക് കോടികളുടെ നഷ്ടമാണ് സംഭവിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു മുകേഷ് ഖന്ന.
ധുരന്ധറിലെ രൺവീർ സിങ്ങിന്റെ പ്രകടനത്തേയും മുകേഷ് ഖന്ന അഭിനന്ദിച്ചു. രൺവീർ ഊർജ്ജസ്വലനായ നടനാണ്. ഗല്ലി ബോയ്, ഖിൽജി തുടങ്ങിയ സിനിമകളിൽ മനോഹരമായി അഭിനയിച്ച വ്യക്തിയാണ്. എന്നാൽ ശക്തിമാൻ എന്ന കഥാപാത്രത്തിന് അഭിനയശേഷിക്ക് പുറമെ ആ വേഷത്തിന് അനുയോജ്യമായ മുഖം കൂടി വേണം. പൃഥ്വിരാജ് ചൗഹാനായി അക്ഷയ് കുമാർ അഭിനയിച്ചത് ഉദാഹരണമായി ചൂണ്ടിക്കാട്ടി മുകേഷ് ഖന്ന വ്യക്തമാക്കി.
'പൃഥ്വിരാജ് ചൗഹാൻ നിൽക്കുമ്പോൾ അതുപോലെ നമുക്ക് അനുഭവപ്പെടണം. എന്നാൽ അക്ഷയ് കുമാർ അഭിനയിച്ചപ്പോൾ അങ്ങനെ തോന്നിയിരുന്നില്ല. വിഗ് വെച്ചാൽ മാത്രം പോരാ. ഞാൻ ഒരു ചരിത്ര കഥാപാത്രത്തെ അവതരിപ്പിക്കുമ്പോൾ വേഷം മാറാൻ മാത്രം ഒന്നര മണിക്കൂർ എടുക്കുമായിരുന്നു.
ഇതുവഴി എനിക്ക് കോടികളുടെ നഷ്ടമാണ് ഉണ്ടാകാൻ പോകുന്നത്. സിനിമയുമായി മുന്നോട്ടുപോകാൻ സോണി എനിക്ക് വലിയ തുക വാഗ്ദ്ധാനം ചെയ്യുന്നുണ്ട്. പക്ഷേ എനിക്ക് ആ താരനിരയോട് താത്പര്യമില്ല. അവർ വലിയ താരത്തെ തന്നെ വേണമെന്ന് വാശി പിടിക്കുന്നു. എനിക്ക് ഒരു സൂപ്പർ താരത്തെ വേണ്ട.'-മുകേഷ് ഖന്ന വ്യക്തമാക്കി.
ഒരു പുതുമുഖത്തെയാണ് താൻ ശക്തിമാനായി പരിഗണിക്കുന്നതെന്നും അതിനായി ഇന്ത്യയിലുടനീളം ഓഡിഷൻ നടത്തുമെന്നും മുകേഷ് ഖന്ന പറയുന്നു. നിലവിൽ ഒരു ഇമേജുള്ള നടൻ ശക്തിമാനായാൽ അത് ആ കഥാപാത്രത്തെ ബാധിക്കുമെന്നും മുകേഷ് ഖന്ന പറയുന്നു.
2022-ലാണ് ശക്തിമാൻ ബോളിവുഡ് സിനിമയാകുന്നു എന്ന തരത്തിൽ വാർത്തകൾ പുറത്തുവന്നത്. സോണി പിക്‌ചേഴ്‌സും സാജിദ് നദിയാദ്‌വാലയും ചേർന്ന് നിർമിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ബേസിൽ ജോസഫാണ് എന്ന തരത്തിലായിരുന്നു റിപ്പോർട്ടുകൾ. എന്നാൽ ശക്തിമാൻ എന്ന കഥാപാത്രത്തിന്റെ കണ്ടന്റ് കോപ്പിറൈറ്റ് മുകേഷ് ഖന്നയ്ക്കായതിനാൽ സിനിമ നീണ്ടുപോകുകയായിരുന്നു.
Content Highlights: Mukesh Khanna rejects Ranveer Singh for the role of Shaktimaan despite acknowledging his acting talent., Khanna prioritizes a fresh, relatable face over an established star for the iconic character.