ധോണി നിര്‍മിക്കുന്ന ആദ്യ ചിത്രം വരുന്നു; സംവിധായകനെ പ്രഖ്യാപിച്ചു

മഹേന്ദ്രസിങ് ധോണി | photo: pti
മഹേന്ദ്രസിങ് ധോണി | photo: pti

മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്രസിങ് ധോണിയുടെ പ്രൊഡക്ഷന്‍ കമ്പനിയുടെ ആദ്യ സിനിമയെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ പരക്കാന്‍ തുടങ്ങിയിട്ട് നാളുകളേറയായി. ഇപ്പോഴിതാ ആദ്യ സിനിമയെക്കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം നടത്തിയിരിക്കുകയാണ് ധോണി എന്റര്‍ടെയിന്‍മെന്റ് പ്രൈവറ്റ് ലിമിറ്റഡ്. രമേശ് തമില്‍മണിയാകും ചിത്രം സംവിധാനം ചെയ്യുക. അഥര്‍വ : ദി ഒറിജിന്‍ എന്ന ഗ്രാഫിക്കല്‍ നോവലിന്റെ രചയിതാവാണ് രമേശ്. ധോണി എന്റര്‍ടെയിന്‍മെന്റ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറില്‍ ധോണിയും ഭാര്യ സാക്ഷിയും ചേര്‍ന്നാകും ചിത്രം നിര്‍മിക്കുക. 

തമിഴില്‍ ഒരുങ്ങുന്ന ചിത്രം തുടര്‍ന്ന് മറ്റു പ്രധാന ഭാഷകളിലേയ്ക്ക് ചിത്രം മൊഴിമാറ്റിയെത്തിക്കും. ഇതുവരെ പേര് പ്രഖ്യാപിക്കാത്ത ചിത്രത്തിന്റെ രചന  നിര്‍വഹിക്കുന്നത് സാക്ഷിയാകും. സിനിമയിലെ അഭിനേതാക്കളുടെ വിവരങ്ങള്‍ താമസിക്കാതെ പുറത്തുവിടുമെന്നാണ് വിവരങ്ങള്‍. ചിത്രം ഫാമിലി എന്റര്‍ടെയിനറായിരിക്കും.

രണ്ടുവര്‍ഷം മുന്‍പ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന്  വിരമിച്ച ധോണി സിനിമ മേഖലയില്‍ തിളങ്ങുന്നത് കാണാനുള്ള ആകാംക്ഷയിലാണ് ആരാധകര്‍. ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ തിരിച്ചുവരവിന്റെ കഥ പറഞ്ഞ 'റോര്‍ ഓഫ് ദി ലയണ്‍' എന്ന ഡോക്യുമെന്ററി ധോണി എന്റര്‍ടെയിന്‍മെന്റ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറില്‍ നേരത്തെ പുറത്തിറങ്ങിയിരുന്നു. മികച്ച പ്രതികരണമാണ് ധോണിയുടെ ആദ്യ നിര്‍മാണ സംരംഭത്തിന് ലഭിച്ചത്.

Content Highlights: MS Dhoni officially announced his debut in film industry