ഹൈ വോൾട്ടേജ് ആക്ഷനുമായി ആര്യയും മഞ്ജു വാര്യരും; 'മിസ്റ്റർ എക്സ്' ട്രെയിലർ

#മൂവി ഡെസ്ക്
മിസ്റ്റർ എക്സ് എന്ന ചിത്രത്തിൽ ആര്യയും മഞ്ജു വാര്യരും | സ്ക്രീൻ​ഗ്രാബ്
മിസ്റ്റർ എക്സ് എന്ന ചിത്രത്തിൽ ആര്യയും മഞ്ജു വാര്യരും | സ്ക്രീൻ​ഗ്രാബ്

ആര്യ, ശരത് കുമാർ, ഗൗതം കാർത്തിക്, മഞ്ജു വാര്യർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മനു ആനന്ദ് സംവിധാനം ചെയ്ത മിസ്റ്റർ എക്സ് എന്ന സ്പൈ ആക്ഷൻ ത്രില്ലർ തമിഴ് ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയിലർ റിലീസായി. അതുല്യ രവി, അനഘ, റൈസ വിൽസൺ എന്നിവരാണ് മറ്റുപ്രധാന വേഷങ്ങളിൽ. ഏപ്രിൽ പതിനേഴിന് കേരളത്തിലെ തിയേറ്ററുകളിലെത്തുന്ന ഈ ചിത്രത്തിൻ്റെ ഛായാഗ്രഹണം അരുൺ വിൻസന്റ് നിർവ്വഹിക്കുന്നു.

വിഷ്ണു വിശാൽ നായകനായ ഹിറ്റ് ചിത്രമായ 'എഫ്ഐആറി'നു ശേഷം മനു ആനന്ദ് ഒരുക്കുന്ന ഈ ചിത്രം, ഇന്റലിജൻസ് ലോകത്തിലെ നിഗൂഡമായ സംഭവങ്ങളെ ആസ്പദമാക്കിയുള്ളതാണ്. രാജ്യത്തെ ഭീഷണിപ്പെടുത്തിയ അഞ്ച് സംഭവങ്ങൾ ഇന്റലിജൻസ് ഏജൻസികൾ തടഞ്ഞതിനെ ആസ്പദമാക്കിയാണ് ഈ ചിത്രത്തിന്റെ കഥ രൂപപ്പെട്ടിരിക്കുന്നത്. രാജസ്ഥാൻ, ഹോസൂർ, ചെന്നൈ, മൈസൂർ, തൂത്തുക്കുടി, അസർബൈജാൻ എന്നിവിടങ്ങളിലായിട്ടാണ് ചിത്രീകരണം പൂർത്തികരിച്ചത്.

മവെറിക് മൂവീസ്, പ്രിൻസ് പിക്ചേഴ്സ് എന്നീ ബാനറിൽ വിനീറ്റ് ജെയിൻ, എസ് ലക്ഷ്മൺ കുമാർ എന്നിവർ ചേർന്ന് ഈ ചിത്രം നിർമിക്കുന്നു.

സംഗീതം -ദിപു നൈനാൻ തോമസ്, എഡിറ്റിംഗ് -പ്രസന്ന ജി.കെ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ -ശ്രാവന്ദി സൈനാധ്, ആക്ഷൻ -സ്റ്റണ്ട് സിൽവ, ആർട്ട് -ഇന്ദുലാൽ കവീദ്, കോസ്റ്റ്യൂംസ് -ഉത്തരാ മേനോൻ, ദീപാലി നൂർ, പിആർഓ -എ.എസ് ദിനേശ്, മനു ശിവൻ.

Content Highlights: The official trailer for the spy-action thriller 'Mr. X', starring Arya and Manju Warrier and directed by FIR fame Manu Anand, has been released ahead of its theatrical debut on April 17.