അന്ന് സോണിയയെ അവതരിപ്പിക്കേണ്ടിയിരുന്നത് മോണിക്ക ബെലൂച്ചി; വീണ്ടും ചർച്ചയായി പ്രഖ്യാപിച്ചശേഷം ഉപേക്ഷിച്ച 'സോണിയ'

സോണിയാ ഗാന്ധി എഴുതിയ ‘ബിലോങ്ങിങ്: എ ജേണി ഓഫ് ലവ്’ എന്ന ഓർമക്കുറിപ്പ് വലിയ ചർച്ചാവിഷയമാണിപ്പോൾ. ജഗ്ഗ റെഡ്ഡി എന്നറിയപ്പെടുന്ന തെലങ്കാന കോൺഗ്രസ് നേതാവ് ടി. ജയപ്രകാശ് റെഡ്ഡി ഈ പുസ്തകത്തെ അടിസ്ഥാനമാക്കി സിനിമ നിർമ്മിക്കാൻ പദ്ധതിയുണ്ടെന്ന് വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിൽ സോണിയാ ഗാന്ധിയുടെ ജീവിതം ആസ്പദമാക്കി പദ്ധതിയിട്ടിരുന്ന, മുടങ്ങിപ്പോയ ഒരു ചിത്രത്തേക്കുറിച്ചുള്ള ചർച്ചകൾ ഉയർന്നുവന്നിരിക്കുകയാണ്. 2006-ൽ സുനന്ദ മുരളി മനോഹർ നിർമിച്ച് ജഗ്മോഹൻ മുന്ദ്ര സംവിധാനം ചെയ്യാനിരുന്ന ചിത്രത്തിൽ നായികയാകേണ്ടിയിരുന്നത് ഇറ്റാലിയൻ താരം മോണിക്ക ബെലൂച്ചിയായിരുന്നു.
സോണിയാ ഗാന്ധിയെപ്പോലെ ഇറ്റലിയിൽ ജനിച്ച മോണിക്ക ബെലൂച്ചി ലോകമെമ്പാടും ആരാധകരുള്ള താരമാണ്. 'ലോകത്തിലെ ഏറ്റവും സുന്ദരിയായ സ്ത്രീ' എന്നാണ് പല മാസികകളും അവർക്കുനൽകിയ വിശേഷണം. ‘ദി പാഷൻ ഓഫ് ദി ക്രൈസ്റ്റ്' എന്ന ചിത്രത്തിലെ മേരി മഗ്ദലേൻ, 'മാട്രിക്സ്' സിനിമകളിലെ പെർസെഫോൺ, മലീന, ഇറിവേഴ്സിബിൾ തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് പ്രശസ്തയായത്. സോണിയായെക്കുറിച്ചുള്ള ചിത്രത്തിലേക്ക് അവസരം വരുമ്പോൾ കാൻസ് ചലച്ചിത്ര മേളയുടെ ജൂറി അംഗമായിരുന്നു മോണിക്ക ബെലൂച്ചി. എന്നാൽ, അന്ന് കോൺഗ്രസിന്റെ ഭാഗത്തുനിന്നുണ്ടായ എതിർപ്പ് മുൻനിർത്തി ചിത്രം ഉപേക്ഷിക്കുകയായിരുന്നു. ചിത്രത്തിൽ വസ്തുതാവിരുദ്ധമായ കാര്യങ്ങൾ ഉൾപ്പെടുത്താൻ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് പാർട്ടി നിയമനടപടി സ്വീകരിച്ചത്. രാഷ്ട്രീയ പാർട്ടിയുടെ ആശങ്കകൾ പരിഹരിക്കാതെ മുന്നോട്ട് പോകാൻ കഴിയില്ലെന്ന് നിർമ്മാതാക്കൾ അറിയിച്ചതോടെ സിനിമയുടെ പ്രവർത്തനം അനിശ്ചിതത്വത്തിലായി. അതോടൊപ്പം, വിലകുറഞ്ഞ പ്രശസ്തിക്ക് വേണ്ടിയാണ് സംവിധായകൻ ശ്രമിക്കുന്നതെന്ന് ആരോപിച്ച് കോൺഗ്രസ് അദ്ദേഹത്തിന്റെ അവകാശവാദങ്ങൾ തള്ളിക്കളയുകയും ചെയ്തു. എതിർപ്പുകളും നിയമതടസ്സങ്ങളും കാരണം 'സോണിയ' എന്ന ജീവചരിത്ര സിനിമ ഒടുവിൽ പൂർണമായി ഉപേക്ഷിക്കപ്പെട്ടു.
ഇങ്ങനെയൊരു ചിത്രത്തിലേക്ക് തന്നെ ക്ഷണിച്ചിരുന്നുവെന്ന് 2012-ൽ മോണിക്ക ബെലൂച്ചി വ്യക്തമാക്കിയിരുന്നു. "ഒരു ഇന്ത്യൻ സിനിമയിൽ സോണിയാ ഗാന്ധിയായി അഭിനയിക്കാൻ ഒരിക്കൽ എന്നെ സമീപിച്ചിരുന്നു. പക്ഷേ, എനിക്ക് തിരക്കഥ ഇഷ്ടപ്പെട്ടില്ല. അതിനാൽ ഞാൻ അതുമായി മുന്നോട്ട് പോയില്ല. മറ്റൊരു അവസരത്തിൽ, സിനിമ നിർമിക്കപ്പെടാത്തതിന് അവർ പല കാരണങ്ങൾ ചൂണ്ടിക്കാട്ടി വ്യക്തതയില്ലാത്ത ഒരു വിശദീകരണമാണ് നൽകിയത്", മോണിക്ക പറഞ്ഞു.
ലോസ് ആഞ്ജലിസ് കേന്ദ്രീകരിച്ചുള്ള ഇന്ത്യൻ വംശജനായ ചലച്ചിത്ര പ്രവർത്തകൻ ജഗ്മോഹൻ മുന്ദ്രയായിരുന്നു ഈ ചിത്രം സംവിധാനം ചെയ്യേണ്ടിയിരുന്നത്. മാധ്യമപ്രവർത്തകൻ റഷീദ് കിദ്വായിയുടെ 'സോണിയ: എ ബയോഗ്രഫി' എന്ന പുസ്തകത്തെ അടിസ്ഥാനമാക്കിയായിരുന്നു സിനിമ നിർമ്മിക്കേണ്ടിയിരുന്നത്. ഇറ്റലിയിലെ ഒരു സാധാരണ ഗ്രാമത്തിൽനിന്ന് ഇന്ത്യയിലെ കോടിക്കണക്കിന് ജനങ്ങളെ നയിക്കുന്ന രാഷ്ട്രീയ നേതാവായി ഉയർന്നുവന്ന സോണിയ ഗാന്ധിയുടെ ജീവിതയാത്രയാണ് പ്രമേയമാക്കാൻ ഉദ്ദേശിച്ചതെന്ന് മുന്ദ്ര വ്യക്തമാക്കിയിരുന്നു. തന്റെ തിരക്കഥ തികച്ചും വിവാദരഹിതവും സോണിയ ഗാന്ധിയോടുള്ള ബഹുമാനം പ്രകടമാക്കുന്നതുമാണെന്നും അദ്ദേഹം അവകാശപ്പെട്ടിരുന്നു
കിദ്വായി അടുത്തിടെ വക്കീൽ നോട്ടീസുകളെക്കുറിച്ച് ഓർക്കുകയും എങ്ങനെയെങ്കിലും സിനിമയുടെ അവകാശങ്ങൾ വിൽക്കേണ്ടത് പ്രസാധകരാണെന്ന് ഒരു അഭിമുഖത്തിൽ ചൂണ്ടിക്കാണിക്കുകയും ചെയ്തിരുന്നു. ഹാർപർ കോളിൻസ് രംഗപ്രവേശം ചെയ്യുന്നതിന് മുമ്പ്, ഈ വർഷം സോണിയാ ഗാന്ധിയുടെ ആത്മകഥ ഇന്ത്യയിൽ പ്രസിദ്ധീകരിക്കുന്നതിൽനിന്ന് പിന്മാറിയതായി റിപ്പോർട്ട് ചെയ്യപ്പെട്ട പെൻഗ്വിൻ ആയിരുന്നു ആ പ്രസാധകർ. നവംബർ 10-ന് പുറത്തിറങ്ങിയ സോണിയയുടെ പുസ്തകം രണ്ടുലക്ഷത്തിലധികം കോപ്പികൾ വിറ്റഴിച്ച് എല്ലാ അർത്ഥത്തിലും ഒരു ബെസ്റ്റ് സെല്ലറായി മാറി.
ബെലൂച്ചിയെ കൂടാതെ ഐശ്വര്യ റായ്, പ്രീതി സിന്റ തുടങ്ങിയ പ്രമുഖ ഇന്ത്യൻ നടികളെയും സോണിയാ ഗാന്ധിയുടെ വേഷത്തിലേക്ക് പരിഗണിച്ചിരുന്നതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. 2019-ൽ പുറത്തിറങ്ങിയ 'ദി ആക്സിഡന്റൽ പ്രൈം മിനിസ്റ്റർ' എന്ന സിനിമയിൽ ജർമ്മൻ നടി സുസാനെ ബെർനെർട്ട് സോണിയ ഗാന്ധിയുടെ വേഷം ചെയ്തിരുന്നു. വർഷങ്ങൾക്ക് ശേഷം സോണിയ ഗാന്ധി സ്വന്തം ആത്മകഥയായ 'ബിലോങ്ങിങ്' പുറത്തിറക്കിയതോടെയാണ് ഈ പഴയ സിനിമാ പ്രോജക്റ്റ് വീണ്ടും ചർച്ചയായത്. തനിക്കെതിരെ പ്രചരിച്ച തെറ്റായ വിവരങ്ങൾക്ക് പകരം യഥാർത്ഥ വസ്തുതകൾ വെളിപ്പെടുത്താനാണ് താൻ ആത്മകഥ എഴുതിയതെന്ന് സോണിയ ഗാന്ധി വ്യക്തമാക്കിയിരുന്നു.
Content Highlights: A look back at the shelved 2006 biopic Sonia, directed by Jagmohan Mundhra, which had signed Italian star Monica Bellucci to play Sonia Gandhi before legal notices from Congress halted the project, alongside renewed buzz over a new multilingual biopic proposed by Telangana Congress leader Jagga Reddy following the blockbuster release of Gandhi's memoir Belonging.