'സിനിമാ സെറ്റിൽവെച്ച് പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു'; സംവിധായകൻ സനോജ് മിശ്രയ്ക്കെതിരെ പെൺകുട്ടി

കൊച്ചി: സംവിധായകൻ സനോജ് മിശ്രയ്ക്കെതിരെ ഗുരുതര ആരോപണവുമായി കുംഭമേളയിലൂടെ വൈറലായ പെൺകുട്ടി. സിനിമാ സെറ്റിൽവെച്ച് സംവിധായകൻ മോശമായി പെരുമാറിയെന്നും പലതവണ ശരീരത്തിൽ കയറിപ്പിടിച്ചെന്നും പെൺകുട്ടി ആരോപിച്ചു. കൊച്ചിയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ പൊട്ടിക്കരഞ്ഞുകൊണ്ടാണ് അവർ ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.
ഭർത്താവ് ഫർമാൻ ഖാനൊപ്പമാണ് പെൺകുട്ടി വാർത്താ സമ്മേളനത്തിന് എത്തിയത്. തനിക്ക് നേരിട്ട ദുരനുഭവത്തേക്കുറിച്ച് വീട്ടുകാരോടുതന്നെ താൻ പറഞ്ഞിരുന്നെന്ന് പെൺകുട്ടി പറഞ്ഞു. എന്നാൽ ആദ്യത്തെ സിനിമയാണല്ലോ എന്ന് പറഞ്ഞ് വീട്ടുകാർ ഇതിനെ കാര്യമായെടുത്തില്ല. അതുകൊണ്ട് ഇക്കാര്യം അന്ന് ആരോടും പറയാൻ സാധിച്ചില്ലെന്നും പെൺകുട്ടി വ്യക്തമാക്കി.
തനിക്ക് 18 വയസാകുന്നതിനുമുൻപാണ് സനോജ് മിശ്രയിൽനിന്ന് ദുരനുഭവം ഉണ്ടായത്.
സംവിധായകനെതിരെ പരാതികൊടുക്കാൻ ആലോചിക്കുകയാണ്. നാട്ടിലേക്ക് തിരികെ പോകുന്ന കാര്യത്തെക്കുറിച്ച് ചിന്തിച്ചുവരികയാണെന്നും പെൺകുട്ടി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
അടുത്തിടെയാണ് പെൺകുട്ടിയും ഫർമാൻ ഖാനും തമ്മിലുള്ള വിവാഹം കേരളത്തിൽവെച്ച് നടന്നത്. തുടർന്ന് ഇരുവരും കേരളത്തിൽത്തന്നെ താമസിച്ചുവരികയായിരുന്നു. തിരികെ നാട്ടിലേക്ക് പോകണമെന്ന് ആഗ്രഹമുണ്ടെന്നും എന്നാൽ നാട്ടിലേക്ക് പോകുന്നത് ഏറെ വെല്ലുവിളി നിറഞ്ഞതാണെന്ന് പെൺകുട്ടി പറഞ്ഞു. തങ്ങളുടെ ജീവന് ഭീഷണിയുണ്ട് എന്നും കഴിഞ്ഞ ദിവസം അവർ പറഞ്ഞിരുന്നു.
Content Highlights: Monalisa, who became a viral sensation at the Kumbh Mela, has accused director Sanoj Mishra of sexual harassment on a film set before she turned 18, revealing the trauma during a tearful press conference in Kochi with her husband Farman Khan.