‘മഞ്ഞിൽ വിരിഞ്ഞ പൂക്കളിലെ ഗാനങ്ങൾ, ഒരിക്കലും മറക്കാനാവാത്ത കടപ്പാട്’; എസ്. ജാനകിയെ സ്മരിച്ച് മോഹൻലാൽ

#Movies Desk
എസ്. ജാനകി, മോഹൻലാൽ | ഫോട്ടോ: മാതൃഭൂമി
എസ്. ജാനകി, മോഹൻലാൽ | ഫോട്ടോ: മാതൃഭൂമി

ഗായിക എസ്. ജാനകിയുടെ വിയോഗത്തിൽ അനുശോചനം അറിയിച്ച് നടൻ മോഹൻലാൽ. എല്ലാവരേയും സമഭാവനയോടെ കാണുന്ന ശാന്തശീലയായ അമ്മമനസ്സിനുടമയായിരുന്നു എസ്. ജാനകിയെന്ന് മോഹൻലാൽ സ്മരിച്ചു. തന്റെ ആദ്യചിത്രമായ 'മഞ്ഞിൽ വിരിഞ്ഞ പൂക്കളി'ലെ ഗാനങ്ങൾ പാടിയ ഗായിക എന്ന നിലയിൽ ഒരിക്കലും മറക്കാനാവാത്ത കടപ്പാടാണ് ജാനകിയമ്മയോട് ഉള്ളത്. അവർ ആലപിച്ച ഒട്ടനവധി ഗാനരംഗങ്ങളുടെ ഭാഗമാവാൻ തനിക്ക് ഭാഗ്യമുണ്ടായെന്നും അദ്ദേഹം സാമൂഹികമാധ്യമങ്ങളിൽ കുറിച്ചു.

'ഭാരതത്തിന്റെ ഗാനകോകിലം ജാനകിയമ്മ നമ്മെ വിട്ടു പിരിഞ്ഞു. ഒരു കാലഘട്ടം മുഴുവൻ മലയാളവും ഹിന്ദിയുമടക്കമുള്ള ഭാഷകളിൽ എത്രയെത്ര ഹൃദയഹാരികളായ ഗാനങ്ങൾ സമ്മാനിച്ച സ്‌നേഹസാഗരമാണ് ജാനകിയമ്മ. മലയാളി മനസ്സുകളിൽ തേനും വയമ്പും നിറച്ച, കാലാതീതമായ ഒട്ടേറെ ഗാനങ്ങൾ സംഭാവന ചെയ്ത അനുഗ്രഹീത ഗായിക', മോഹൻലാൽ സ്മരിച്ചു.

'എന്റെ ആദ്യചിത്രമായ 'മഞ്ഞിൽ വിരിഞ്ഞ പൂക്കളിലെ' ഗാനങ്ങൾ പാടിയ ഗായിക എന്ന നിലയിൽ ഒരിക്കലും മറക്കാനാവാത്ത കടപ്പാടാണ് ജാനകിയമ്മയോട് ഉള്ളത്. സന്തോഷവും വിഷാദവും കുട്ടിത്തവും ഉൾപ്പെടെയുള്ള എല്ലാ മനുഷ്യഭാവങ്ങൾക്കും ജാനകിയമ്മ തന്റെ മധുരസ്വരം പകർന്നു നൽകി. ആദ്യചിത്രത്തിന് ശേഷവും, ജാനകിയമ്മ ആലപിച്ച ഒട്ടനവധി ഗാനരംഗങ്ങളുടെ ഭാഗമാകാൻ എനിക്ക് ഭാഗ്യമുണ്ടായി', അദ്ദേഹം കുറിച്ചു.

'എല്ലാവരേയും സമഭാവനയോടെ കാണുന്ന, ശാന്തശീലയായ അമ്മമനസ്സിനുടമയായിരുന്നു അവർ. വ്യക്തിപരമായി എനിക്ക് ഏറെ അടുപ്പമുണ്ടായിരുന്നു ജാനകിയമ്മയുമായി. അമ്മയുടെ ആത്മാവിന് നിത്യശാന്തി നേരുന്നു', മോഹൻലാൽ കൂട്ടിച്ചേർത്തു.

ശനിയാഴ്ച വൈകീട്ട് ഏഴരയോടെയാണ് വിഖ്യാത ഗായിക എസ്. ജാനകി അന്തരിച്ചത്. മോഹൻലാലിന്റെ അരങ്ങേറ്റ ചിത്രമായ മഞ്ഞിൽ വിരിഞ്ഞ പൂക്കളിൽ ജെറി അമൽദേവിന്റെ സംഗീതത്തിൽ മഞ്ഞണിക്കൊമ്പിൽ, മിഴിയോരം എന്നീ പാട്ടുകൾക്ക് ശബ്ദം നൽകിയത് എസ്. ജാനകിയാണ്. ഇതിൽ മിഴിയോരം ജാനകിയുടെ എക്കാലത്തേയും ജനപ്രിയ ഗാനമായാണ് പരിഗണിക്കപ്പെടുന്നത്. മോഹൻലാലിന്റെ നൂറാമത്തെ ചിത്രമായ 'എന്നിഷ്ടം നിന്നിഷ്ടം' എന്ന ചിത്രത്തിലെ ഇളംമഞ്ഞിൽ കുളിരുമായൊരു കുയിൽ എന്ന ഗാനത്തിനും ഏറെ ആരാധകരുണ്ട്.

മൈസൂരു അപ്പോളൊ ആശുപത്രിയിലായിരുന്നു എസ്. ജാനകിയുടെ അന്ത്യം. ശ്വസന സംബന്ധമായ പ്രശ്‌നങ്ങളെത്തുടർന്ന് ശനിയാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതീവ ഗുരുതരാവസ്ഥയിലായതിനാൽ ഐ.സി.യുവിലേക്ക് മാറ്റി. രാത്രി ഏഴരയോടെയാണ് മരണം സ്ഥിരീകരിച്ചത്.

Content Highlights: Legendary playback singer S. Janaki passed away at around 7:30 PM on Saturday at Apollo Hospital in Mysuru. She was admitted to the hospital earlier that afternoon due to respiratory issues and was shifted to the ICU as her condition worsened. Actor Mohanlal paid a heartfelt, emotional tribute to the singer, recalling her as a loving motherly figure who treated everyone with equality. Mohanlal expressed his eternal gratitude to Janaki, noting that she sang the iconic tracks for his debut film, Manjil Virinja Pookkal. The actor highlighted his fortune in picturizing several of her timeless songs, including classics like "Mizhiyoram" and "Ilam Manjil" from his 100th film