എം.ജി.ആറുമായി എനിക്ക് സാദൃശ്യമില്ല, അദ്ദേഹത്തെ അനുകരിച്ചിട്ടുമില്ല; മോഹന്‍ലാല്‍

-
-

മിഴ്നാട് കണ്ട മൂന്ന് രാഷ്ട്രീയ ഇതിഹാസങ്ങളായിരുന്നു കരുണാനിധിയും എം.ജി രാമചന്ദ്രനും ജയലളിതയും. അവരുടെ രാഷ്ട്രീയ വ്യക്തി ജീവിതത്തിന്റെ അംശങ്ങള്‍ സാങ്കല്‍പിക കഥാപാത്രങ്ങളിലൂടെ മണിരത്നം വരച്ചു കാണിച്ചു. ഇരുവര്‍ എന്ന ക്ലാസിക് ചിത്രത്തിലൂടെ. ആനന്ദന്‍, തമിഴ് സെല്‍വന്‍ എന്നീ കഥാപാത്രങ്ങളിലൂടെ അവരുടെ സൗഹൃദത്തിലൂടെ പിന്നീട് രാഷ്ട്രീയ വൈരത്തിലൂടെ സംവിധായകന്‍ സഞ്ചരിച്ചപ്പോള്‍ ഇരുവര്‍ കാലത്തെ അതിജീവിച്ച ഒരു കലാസൃഷ്ടിയായി. അത് തമിഴ് രാഷ്ട്രീയത്തിന്റെ ചരിത്രവുമായി ഇഴചേര്‍ന്നു.

മോഹന്‍ലാലിന്റെ കരിയറിലെ ഏറ്റവും മികച്ച വേഷങ്ങളിലൊന്നാണ് ആനന്ദന്‍. അദ്ദേഹത്തിന്റെ അഭിനയ പാടവം തന്നെയാണ് സിനിമയെ മറ്റൊരു തലത്തില്‍ എത്തിച്ചത്. വര്‍ഷങ്ങള്‍ക്ക് ശേഷം ഇരുവറിനെക്കുറിച്ച് മനസ്സ് തുറക്കുകയാണ് മോഹന്‍ലാല്‍. മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തില്‍ ദശാവതരം സെഷനില്‍.

''രണ്ട് സുഹൃത്തുക്കളുടെ കഥ എന്നാണ് മണിരത്‌നം എന്നോട് പറഞ്ഞത്. പിന്നീട് ആ സിനിമ പിന്നീട് എം.ജി.ആറിന്റെയും കരുണാനിധിയുടെയും ജീവിത കഥയായി വ്യാഖ്യാനിക്കപ്പെട്ടു. എം.ജി.ആറുമായി എനിക്ക് യാതൊരു സാദൃശ്യവുമില്ല. അതുകൊണ്ട് എന്തിനാണ് എന്നെ കാസ്റ്റ് ചെയ്തത് എന്ന് ഞാന്‍ ഒരിക്കല്‍ മണിരത്‌നത്തോട് ചോദിച്ചു. അദ്ദേഹം പറഞ്ഞു, എം.ജി.ആറിന്റെ ജീവിതമല്ല നമ്മള്‍ കാണിക്കുന്നത്, അദ്ദേഹത്തിന്റെ വ്യക്തി ജീവിതമാണ്. സിനിമയിലേക്കുള്ള വരവ്, കഷ്ടപ്പാട്, രാഷ്ട്രീയ പ്രവേശം, മരണം തുടങ്ങിയവയാണ് ചര്‍ച്ച ചെയ്യുന്നത്. 

ആ സിനിമയ്ക്ക് പിന്‍കാലത്ത് ഒരുപാട് കുഴപ്പങ്ങളുണ്ടായി. സെന്‍സറിങ്ങില്‍ ഒരുപാട് സീനുകള്‍ വെട്ടിക്കളഞ്ഞു. എന്നിരുന്നാലും ഒരുപാട് തലങ്ങളുള്ള കഥപാത്രത്തെയാണ് എനിക്ക് ചെയ്യാന്‍ അവസരം ലഭിച്ചത്. ഇന്ത്യയിലെ മികച്ച നൂറ് ചിത്രങ്ങള്‍ എടുത്താല്‍ അതിലൊന്ന് ഇരുവരാണ്. സിനിമ പഠിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കാണാവുന്ന ഒരു സിനിമയാണത്. 

ഇരുവര്‍ ചെയ്തതിന് ശേഷം എം.ജി.ആറുമായി സഹകരിച്ച ഒരുപാട് ആളുകളെ എനിക്ക് കാണാന്‍ അവസരമുണ്ടായി. ഒരുപാട് സാമ്യങ്ങള്‍ ഞങ്ങള്‍ തമ്മിലുണ്ടെന്ന് ചിലര്‍ പറഞ്ഞു. ഞാന്‍ എം.ജി.ആറിന്റെ ആരാധകനാണ്. എന്നാല്‍ അദ്ദേഹത്തിനെ അനുകരിക്കാന്‍ ഞാന്‍ ഒരിക്കലും ശ്രമിച്ചിട്ടില്ല. ഇരുവര്‍ ഒരു അത്ഭുത സിനിമയാണോ അങ്ങനെ ആയിതീര്‍ത്തോ എന്നൊന്നും എനിക്കറിയില്ല. എനിക്കത് ചെയ്യാന്‍ സാധിച്ചതില്‍ ഏറെ അഭിമാനവും സന്തോഷവുമുണ്ട്. മണിരത്‌നത്തിന് ഞാന്‍ നന്ദി പറയുന്നു.''

Content Highlights: Mohanlal talks about iruvar movie, Maniratnam, Favourite Movie Characters At MBIFL

Content Highlights: