‘കടങ്കഥയിലെ വിരുന്നുകാര’നായി മോഹൻലാൽ; റേഡിയോ നാടകോത്സവത്തിലെ രണ്ടു നാടകങ്ങളിൽ ‘അഭിനയിച്ച്’ താരം

കൊച്ചി: ‘ആകാശവാണി കൊച്ചി നിലയം അവതരിപ്പിക്കുന്നു... കടങ്കഥയിലെ വിരുന്നുകാരൻ’. റേഡിയോ നാടകോത്സവത്തിൽ ഇത്തവണ ഒരു നാടകം തുടങ്ങാനുള്ള അനൗൺസ്മെന്റ് മുഴങ്ങുമ്പോൾ നായകനായി ‘ശബ്ദപ്രവേശം’ ചെയ്യുന്നത് മലയാളത്തിന്റെ പ്രിയപ്പെട്ട സൂപ്പർ താരമായിരിക്കും. അഖില കേരള റേഡിയോ നാടകോത്സവത്തിൽ ഇത്തവണ രണ്ടു നാടകങ്ങളിൽ നടൻ മോഹൻലാൽ അഭിനയിക്കുന്നു.
ആകാശവാണി കൊച്ചി നിലയം അവതരിപ്പിക്കുന്ന ‘കടങ്കഥയിലെ വിരുന്നുകാരൻ’, തിരുവനന്തപുരം നിലയത്തിന്റെ ‘ദൈവത്തിൻ മനമാരുകണ്ടു’ എന്നീ നാടകങ്ങളിലാണ് മോഹൻലാൽ ശബ്ദം നൽകുന്നത്.
കൊച്ചി നിലയത്തിന്റെ നാടകത്തിൽ മോഹൻലാലിനൊപ്പം മലയാളത്തിലെ നാലു നടിമാരും വേഷമിടുന്നുണ്ട്. മാലാ പാർവതി, ശിവദ, അദിതി രവി, മുത്തുമണി എന്നിവരാണവർ. ഞായറാഴ്ച തുടങ്ങുന്ന നാടകോത്സവത്തിൽ ആകാശവാണിയുടെ തിരുവനന്തപുരം, കൊച്ചി, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ നിലയങ്ങളുടെ ഏഴു നാടകങ്ങളാണ് അവതരിപ്പിക്കുന്നത്. മുഹമ്മദ് റോഷൻ രചിച്ച് എൻ.എസ്. ജയമോഹൻ സംവിധാനം ചെയ്യുന്നതാണ് ‘കടങ്കഥയിലെ വിരുന്നുകാരൻ’ എന്ന നാടകം. എം.വി. ശശികുമാറാണ് മറ്റൊരു സംവിധായകൻ. 17-നാണ് പ്രക്ഷേപണം.
18 വരെ നടക്കുന്ന നാടകോത്സവത്തിൽ 11-നാണ് ജയരാജ് മിത്ര രചിച്ച് റൂബി ബാബു സംവിധാനംചെയ്ത ‘ദൈവത്തിൻ മനമാരുകണ്ടു’ എന്ന നാടകം അവതരിപ്പിക്കുന്നത്. മോഹൻലാലിനൊപ്പം എം.ആർ. ഗോപകുമാർ, ഭാഗ്യലക്ഷ്മി, സന്ധ്യാ രാജേന്ദ്രൻ, നന്ദു, സാജൻ സൂര്യ തുടങ്ങിയവരും നാടകത്തിലുണ്ട്.
Content Highlights: Mohanlal will star in two radio plays, ‘Kadankathayile Virunnukaran’ and ‘Daivathin Manamaarukandu’, featuring alongside top stars for the All Kerala Radio Drama Festival.