‘ജയിലർ 2’-ൽ മിസ്സായത് ‘ഓപ്പറേഷൻ ഗംഗ’യിൽ കിട്ടുമോ?; ഒക്കേല പാട്ടിന് ചുവടുവെച്ച് മോഹൻലാൽ, ഒപ്പം ഗെറ്റോ കിഡ്സും

#മൂവീസ് ഡെസ്‌ക്
മോഹൻലാൽ ​ഗെറ്റോ കിഡ്സിനൊപ്പം | Photo: Screen grab/ Facebook: Mohanlal
മോഹൻലാൽ ​ഗെറ്റോ കിഡ്സിനൊപ്പം | Photo: Screen grab/ Facebook: Mohanlal

തന്റെ അടുത്ത ചിത്രം 'ഓപ്പറേഷൻ ഗംഗ'യിൽ ഉഗാണ്ടൻ നൃത്തസംഘമായ ട്രിപ്ലെറ്റ്‌സ് ഗെറ്റോ കിഡ്‌സുമുണ്ടാവുമെന്ന് നടൻ മോഹൻലാൽ. സാമൂഹികമാധ്യമങ്ങളിൽ പങ്കുവെച്ച വീഡിയോയിലാണ് പ്രഖ്യാപനം. കുട്ടിക്കൂട്ടത്തിനൊപ്പം ചുവടുവെച്ച വീഡിയോയിലാണ് മോഹൻലാലിന്റെ പ്രഖ്യാപനം.

താരത്തിന്റെ വർണ്ണപ്പകിട്ട് എന്ന ചിത്രത്തിലെ ഒക്കേല ഒക്കേല എന്ന ഗാനത്തിന് കുട്ടിക്കൂട്ടം ഡാൻസ് ചെയ്യുന്നത് വീഡിയോയിൽ കാണാം. കുട്ടികളുടെ ഡാൻസിന് പിന്നാലെ ചുവടുകൾവെച്ച് മോഹൻലാലിന്റെ എൻട്രി. കുട്ടികൾക്കൊപ്പം ചേർന്ന് ചുവടുകൾ വെക്കുന്ന മോഹൻലാലിനെയും വീഡിയോയിൽ കാണാം. കുട്ടികളും മോഹൻലാലും തമ്മിലെ ഊഷ്മളതയാണ് വീഡിയോയിലെ ഹൈലൈറ്റ്.

വർണ്ണപ്പകിട്ട് എന്ന ചിത്രത്തിലെ തന്റെ ഗാനരംഗം കുട്ടികളേ മോഹൻലാൽ ഫോണിൽ കാട്ടിക്കൊടുക്കുന്നതും വീഡിയോയിലുണ്ട്. കുട്ടികൾ മോഹൻലാലിനെ സ്‌നേഹത്തോടെ പൊതിയുന്നതും കാണാം. തുടർന്നാണ് മോഹൻലാൽ ചിത്രത്തിൽ ഗെറ്റോ കിഡ്‌സും ഭാഗമാവുന്ന കാര്യം പ്രഖ്യാപിച്ചത്.

യു.എസിലെ ഫുട്‌ബോൾ ലോകകപ്പ് ഫൈനലിൽ ഷക്കീറയ്‌ക്കൊപ്പം ഗെറ്റോ കിഡ്‌സ് പെർഫോം ചെയ്തത് കാണാനുള്ള ഭാഗ്യം തനിക്കുണ്ടായതായി മോഹൻലാൽ പറഞ്ഞു. അവരുടെ ഊർജവും കഴിവും എന്നെ അത്ഭുതപ്പെടുത്തി. ഗോകുലം ഗോപാലൻ നിർമിച്ച് വിഷ്ണു മോഹൻ സംവിധാനം ചെയ്യുന്ന 'ഓപ്പറേഷൻ ഗംഗ'യിൽ ഗെറ്റോ കിഡ്‌സിനൊപ്പം പ്രവർത്തിക്കാൻ സാധിക്കുന്നതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഉഗാണ്ടയിൽനിന്നുള്ള പ്രശസ്ത നൃത്തസംഘമാണ് ട്രിപ്ലെറ്റ്‌സ് ഗെറ്റോ കിഡ്‌സ്. അത്ഭുതപ്പെടുത്തുന്ന പ്രകടനങ്ങൾകൊണ്ട് ശ്രദ്ധനേടിയ സംഘത്തിന് സാമൂഹികമാധ്യമങ്ങളിൽ വലിയ ആരാധകരുണ്ട്.

യുക്രൈൻ-റഷ്യ

യുദ്ധത്തെ തുടർന്ന് ഇന്ത്യ നടത്തിയ രക്ഷാ ദൗത്യം പ്രമേയമാക്കി വിഷ്ണു മോഹൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഓപ്പറേഷൻ ഗംഗ'. അർജുൻ രാംപാൽ, പാർഥിപൻ തുടങ്ങിയ താരങ്ങളും അണിനിരക്കുന്ന ചിത്രത്തിൽ ഭാഗ്യശ്രീ ബോർസെയാണ് നായിക. 'ധുരന്ധർ' സംഗീത സംവിധായകൻ ശശ്വന്ത് സച്ച്‌ദേവ് ആണ് ചിത്രത്തിന് ഗാനങ്ങളൊരുക്കുന്നത്.

വർണ്ണപ്പകിട്ടിലെ ഒക്കേല ഗാനം അടുത്തിടെ ചർച്ചയായിരുന്നു. 'ജയിലർ 2'-ൽ മോഹൻലാലിന്റെ എൻട്രി പാട്ടിന്റെ പശ്ചാത്തലത്തിലായിരിക്കുമെന്നായിരുന്നു അഭ്യൂഹം. എന്നാൽ, ഇത് ചിത്രത്തിലുണ്ടായിരുന്നില്ല. 'ജയിലർ 2'-ൽ മോഹൻലാലിന് പ്രാധാന്യം കുറഞ്ഞതിനെക്കുറിച്ച് പരാതി ഉയരുന്നതിനിടെ ഒക്കേലയുടെ പശ്ചാത്തലത്തിൽ പുതിയ പ്രഖ്യാപനം എന്നത് ശ്രദ്ധേയമാണ്.

Content Highlights: Mohanlal announced that Ugandan dance group Triplets Ghetto Kids will be part of his upcoming film 'Operation Ganga'. The actor shared a viral video dancing to the nostalgic song 'Okkela Okkela' from his movie 'Varnapakittu' alongside the kids. 'Operation Ganga', directed by Vishnu Mohan and produced by Gokulam Gopalan, is based on India's evacuation mission during the Russia-Ukraine war. The film stars Arjun Rampal, Parthiban, and Bhagyashri Borse in major roles, with music by Shashwat Sachdev. The announcement follows recent fan discussions regarding the 'Okkela' song in relation to 'Jailer 2'.