കൈത്തറി ജുബ്ബയും കസവുമുണ്ടും, മീശപിരിച്ച് കേരളത്തനിമയിൽ മോഹൻലാൽ; ആവേശത്തോടെ എതിരേറ്റ് വിദ്യാർഥികൾ

തൃശ്ശൂർ: സംസ്ഥാന സ്‌കൂൾ കലോത്സവ സമാപനസമ്മേളന വേദിയിൽ മലയാളത്തിന്റെ പ്രിയതാരം മോഹൻലാൽ എത്തിയത് കൈത്തറി വസ്ത്രം ധരിച്ച്. വെള്ള ജുബ്ബയും കസവുമുണ്ടുമായിരുന്നു മോഹൻലാലിന്റെ വേഷം. കുട്ടികൾക്കുവേണ്ടി കുറച്ച് മീശപിരിച്ചിട്ടുണ്ടെന്ന് മോഹൻലാൽ തന്റെ പ്രസംഗത്തിൽ പറഞ്ഞു.
മോഹൻലാലിന്റെ സാന്നിധ്യം വിദ്യാർഥികൾ ആഘോഷമാക്കി. പ്രസംഗിക്കാൻ അദ്ദേഹത്തെ വിളിച്ചപ്പോൾ സദസ്സ് ഒന്നാകെ ഇളകിമറിഞ്ഞു. മോഹൻലാലിന്റെ ഓരോ വാക്കുകളും വലിയ ആരവത്തോടെയാണ് വിദ്യാർഥികൾ എതിരേറ്റത്.
മൈക്കിന് മുന്നിലെത്തിയപ്പോൾ വിദ്യാർഥികൾ 'ലാലേട്ടാ' എന്ന് വിളിച്ച് തങ്ങളുടെ സ്‌നേഹം പ്രകടിപ്പിച്ചു. 'തൃശ്ശൂരിലെ ഏറ്റവും പുണ്യവും പരിപാവനുമായ ഒരു സ്ഥലത്തുനിന്നാണ് കുട്ടികളുമായി ഞാൻ സംസാരിക്കുന്നത്' എന്ന ആമുഖത്തോടെയാണ് മോഹൻലാൽ തന്റെ പ്രസംഗം ആരംഭിച്ചത്.
'എല്ലാവരേയും സന്തോഷിപ്പിക്കുന്ന രീതിയിൽ ഖദർ ധരിച്ചു. കുട്ടികൾക്കുവേണ്ടി കുറച്ച് മീശപിരിച്ചു. ഇത് ഏറ്റവും നല്ലൊരു വേഷമാണ്. കൈത്തറിക്കുവേണ്ടി ഗുഡ്‌വിൽ അംബാസിഡറായിരുന്നു. എനിക്ക് ഇഷ്ടപ്പെട്ട വേഷമാണ്. മന്ത്രി പറഞ്ഞു ഇങ്ങനെ തന്നെ വരണം എന്ന്', മോഹൻലാൽ പറഞ്ഞു.
ചുവന്ന റോസാപ്പൂക്കളും നെറ്റിപ്പട്ടത്തിന്റെ രൂപമുള്ള ഉപഹാരവും നൽകിയാണ് മോഹൻലാലിനെ വേദിയിലേക്ക് സ്വാഗതംചെയ്തത്. ബുധനാഴ്ച ആരംഭിച്ച കലോത്സവത്തിൽ, 'സർവ്വം മായ'യിലൂടെ ശ്രദ്ധനേടിയ റിയ ഷിബു മുഖ്യാതിഥിയായിരുന്നു. 'സർവ്വം മായ'യിലെ കഥാപാത്രത്തിന്റെ വേഷത്തിലായിരുന്നു താരം വേദിയിലെത്തിയത്.
Content Highlights: Superstar Mohanlal made a traditional appearance in Khadi jubba and Kasavu mundu at the State School Kalolsavam closing ceremony