വെറും രണ്ട് സെക്കന്റ്, Jailer 2 ട്രെയിലർ തൂക്കി മോഹൻലാൽ, മാത്യുവിനെ ആഘോഷമാക്കി ആരാധകർ

രജനീകാന്ത് നായകനാകുന്ന Jailer 2 എന്ന ചിത്രത്തിന്റെ ട്രെയിലർ തരംഗമാകുന്നു. പ്രധാനപ്പെട്ട എല്ലാ ഇന്ത്യൻ ഭാഷകളിൽനിന്നുമുള്ള താരങ്ങൾ ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. എങ്കിലും ട്രെയിലർ പുറത്തുവന്നതോടെ മലയാളി പ്രേക്ഷകർ കുറച്ചധികം ആവേശത്തിലാണ്. ട്രെയിലറിലെ മോഹൻലാലിന്റെ സാന്നിധ്യമാണ് അതിന് കാരണം. നിമിഷനേരമേ ഉള്ളൂവെങ്കിലും ട്രെയിലർ മോഹൻലാൽ തൂക്കി എന്നാണ് മലയാളി ആരാധകർ അഭിപ്രായപ്പെടുന്നത്.
മാത്യു എന്ന കഥാപാത്രമായാണ് ജയിലർ 2-ൽ മോഹൻലാൽ എത്തുന്നത്. ട്രെയിലറിന്റെ മധ്യഭാഗത്ത് വെറും രണ്ട് സെക്കൻഡ് മാത്രമാണ് മോഹൻലാലിനെ കാണിക്കുന്നത്. ഇന്നേവരെ കാണാത്ത ലുക്കിലാണ് സംവിധായകൻ നെൽസൺ അദ്ദേഹത്തെ അവതരിപ്പിച്ചിരിക്കുന്നത് എന്നാണ് ആരാധകരുടെ പക്ഷം. മാത്യു എന്ന കഥാപാത്രത്തിന്റെ ലുക്കും സ്വാഗുമാണ് ആരാധകരെ ആവേശംകൊള്ളിക്കുന്നത്.
ആദ്യ ഭാഗത്തിൽ നിന്നും തികച്ചും വ്യത്യസ്തമായാണ് നെൽസൺ രണ്ടാം ഭാഗത്തിൽ ഈ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ചിത്രത്തിൽ മോഹൻലാലിന്റെ കോസ്റ്റ്യൂം ഡിസൈൻ ചെയ്തിരിക്കുന്ന ജിഷാദ് ഷംസുദ്ദീൻ ജയിലർ 2-ലെ ചില ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.
മാത്യു എന്ന കഥാപാത്രത്തെക്കുറിച്ച് പലവിധ ഫാൻ തിയറികളും ഇപ്പോൾ പ്രചരിക്കുന്നുണ്ട്. മോഹൻലാൽ വില്ലനായാണ് ഇത്തവണ എത്തുകയെന്നാണ് ചിലർ പറയുന്നത്. എന്നാൽ ഇതെല്ലാം അഭ്യൂഹങ്ങൾ മാത്രമാണെന്നും ഇപ്പോൾ പ്രചരിക്കുന്നതിനൊന്നും യാതൊരു അടിസ്ഥാനവുമില്ലെന്നും പറയുന്നവരുമുണ്ട്.
‘ജയിലർ’ സിനിമയിൽ മോഹൻലാൽ അവതരിപ്പിച്ച മാത്യു എന്ന കഥാപാത്രത്തിനു വമ്പൻ പ്രതികരണമാണ് തമിഴകത്തുനിന്നും മലയാളത്തിൽനിന്നും ലഭിച്ചത്. സൗത്ത് മുംബൈയിൽ ലെതർ എക്സ്പോർട്ടിങ് കമ്പനി നടത്തുന്ന ആളാണ് മാത്യു. ഈ കമ്പനി മറയാക്കിയാണ് മാത്യു കള്ളക്കടത്തു നടത്തുന്നത്. രണ്ടാം ഭാഗത്തിൽ മാത്യുവിനും ടീമിനും കൂടുതൽ സ്ക്രീൻ സ്പേസ് ഉണ്ടെന്ന് നെൽസൺ തന്നെ വെളിപ്പെടുത്തിയിരുന്നു.
സുരാജ് വെഞ്ഞാറമൂട്, എസ് ജെ സൂര്യ, വിദ്യാ ബാലൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. മിഥുൻ ചക്രവർത്തി, യോഗി ബാബു, ഹക്കീം ഷാജഹാൻ എന്നിവരും ചിത്രത്തിന്റെ താരനിരയിലുണ്ട് ഇവരുടെ ക്യാരക്ടർ വീഡിയോ നേരത്തെ തന്നെ പുറത്ത് വരികയും ഏറെ ശ്രദ്ധ നേടുകയും ചെയ്തിരുന്നു.
ആദ്യ ഭാഗത്തിലെ കഥാപാത്രങ്ങളെയും പുതിയ താരങ്ങളെയും ഒരുമിപ്പിക്കുന്ന ചിത്രമെന്ന പ്രത്യേകതയും 'ജയിലർ 2' ന് ഉണ്ട്. അനിരുദ്ധ് രവിചന്ദർ ആണ് രണ്ടാം ഭാഗത്തിനും സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കിയത്. ചിത്രം ഈ മാസം 15-ന് തിയേറ്ററുകളിലെത്തും.
Content Highlights: Mohanlal's striking two-second appearance as Mathew in the newly released Jailer 2 trailer has sparked immense excitement among fans, fueling fan theories about his expanded role and new look in the Rajinikanth-starrer set to release on October 15.