അർജുൻ അശോകൻ ചിത്രം 'മെൽകൗ പോണ്ടിച്ചേരി' റിലീസ് നവംബർ 13-ന്; പ്രധാന വേഷത്തിൽ തമിഴ് താരം മൊട്ട രാജേന്ദ്രനും

#മൂവീസ് ഡെസ്‌ക്
മെല്‍കൗ പോണ്ടിച്ചേരി പോസ്റ്റർ
മെല്‍കൗ പോണ്ടിച്ചേരി പോസ്റ്റർ

അർജുൻ അശോകൻ, ബാലു വർഗീസ്, അൽത്താഫ് സലിം, ശരത് സഭ, മൊട്ട രാജേന്ദ്രൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന 'മെൽകൗ പോണ്ടിച്ചേരി' നവംബർ 13-ന് ആഗോള റിലീസായി തിയേറ്ററുകളിലെത്തും. നിഖിൽ മോഹൻ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം അരുൺ ഗോപി എക്‌സൈറ്റ്‌മെന്റിന്റെ ബാനറിൽ അരുൺ ഗോപിയും ജസ്റ്റിൻ ആൻഡ് മാത്യു എന്റർടെയ്ൻമെന്റ്‌സിന്റെ ബാനറിൽ ജസ്റ്റിൻ മാത്യുവും ചേർന്നാണ് നിർമിക്കുന്നത്. സുനന്ദ ഫിലിപ്പ് ജസ്റ്റിൻ, സൗമ്യ ജോൺ അരുൺ എന്നിവരാണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർമാർ. ഗുഡ് വിൽ എന്റർടെയ്ൻമെന്റ്‌സ് ആണ് ചിത്രം കേരളത്തിലെ തിയേറ്ററുകളിൽ വിതരണം ചെയ്യുന്നത്.

പുതുമുഖം ശ്രീലക്ഷ്മി വിജയനാണ് ചിത്രത്തിലെ നായിക. ചിത്രത്തിന്റെ ആദ്യ ടീസർ അർജുൻ അശോകന്റെ ജന്മദിനത്തോടനുബന്ധിച്ച് പുറത്തിറക്കിയിരുന്നു. കേരളത്തിൽ നിന്നുള്ള ഒരു സംഘം സുഹൃത്തുക്കൾ പോണ്ടിച്ചേരിയിലേക്ക് നടത്തുന്ന യാത്രയും അവിടെ അരങ്ങേറുന്ന സംഭവങ്ങളുമാണ് ചിത്രത്തിന്റെ കഥാപശ്ചാത്തലം. സൗഹൃദവും ആഘോഷങ്ങളും അപ്രതീക്ഷിത സംഭവങ്ങളും ഒത്തുചേരുന്ന രസകരമായ യാത്രയാണ് സിനിമയിലൂടെ അവതരിപ്പിക്കുന്നത്. തുടക്കം മുതൽ ഒടുക്കം വരെ പ്രേക്ഷകരെ ചിരിപ്പിക്കുന്നതിനൊപ്പം ത്രില്ലും ആവേശവും സമ്മാനിക്കുന്ന ഫൺ റൈഡായിരിക്കും ചിത്രമെന്ന പ്രതീക്ഷയാണ് ടീസർ നൽകിയത്.

അർജുൻ അശോകനും ബാലു വർഗീസും അൽത്താഫ് സലിമും ശരത് സഭയും ഒരുമിക്കുന്നു എന്നതാണ് ചിത്രത്തിന്റെ പ്രധാന ആകർഷണം. തമിഴ് ഹാസ്യ താരം മൊട്ട രാജേന്ദ്രനും ചിത്രത്തിൽ ശ്രദ്ധേയമായ വേഷത്തിലെത്തുന്നു. സനൂപ് തൈക്കുടമാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. തിരക്കഥാകൃത്ത് കൂടിയായ സനൂപ് ചിത്രത്തിൽ ഒരു കഥാപാത്രത്തെയും അവതരിപ്പിക്കുന്നുണ്ട്. സോഷ്യൽ മീഡിയ ഇൻഫ്‌ലുവൻസറായ അന്നാമ്മയും ചിത്രത്തിൽ പ്രധാന വേഷത്തിലുണ്ട്.

യുവത്വത്തിന്റെ ആഘോഷവും സൗഹൃദത്തിന്റെ രസകരമായ നിമിഷങ്ങളും കോർത്തിണക്കിയ ഒരു എന്റർടെയ്നറായാണ് 'മെൽകൗ പോണ്ടിച്ചേരി' ഒരുങ്ങുന്നത്. ദി പ്ലോട്ട് പിക്‌ചേഴ്‌സിനാണ് ചിത്രത്തിന്റെ ഓവർസീസ് വിതരണാവകാശം. ചിത്രത്തിന്റെ മ്യൂസിക് അവകാശം സ്വന്തമാക്കിയത് സാരേഗമ ആണ്.

ഛായാഗ്രഹണം: സനീഷ് സ്റ്റാൻലി, സംഗീതം: ഇലക്ട്രോണിക് കിളി, എഡിറ്റിങ്: സാഗർ ദാസ്, ആർട്ട്: അജി കുറ്റിയാണി, പ്രൊഡക്ഷൻ കൺട്രോളർ: ശിഹാബ് വെണ്ണല, ചീഫ് അസോസിയേറ്റ് ഡയറക്ടർ: പാർഥൻ, മേക്കപ്പ്: ശ്വേതിൻ വി, വസ്ത്രാലങ്കാരം: അക്ഷയ പ്രേംനാഥ്, മെൽവി ജെ, സാന്ദ്ര ജസ്റ്റിൻ, അസോസിയേറ്റ് ഡയറക്ടർ: അരുൺലാൽ കരുണാകരൻ, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ്: വിനോദ് വേണുഗോപാൽ, സ്റ്റിൽസ്: രാംനാഥ് മാഥൂർ, ഡിസൈൻസ്: ഇല്ലുമിനാർട്ടിസ്റ്റ്, ഡിജിറ്റൽ മാർക്കറ്റിങ്: അനൂപ് സുന്ദരൻ, പി.ആർ.ഒ: ശബരി.

Content Highlights: Arjun Ashokan starrer 'Melcow Pondicherry' will release globally in theaters on November 13. Directed by Nikhil Mohan, the film stars Balu Varghese, Altaf Salim, Sharath Sabha, and Tamil actor Motta Rajendran. Newcomer Sreelakshmi Vijayan plays the female lead, alongside social media influencer Annamma. Produced by Arun Gopy and Justin Mathew, with Goodwill Entertainments handling the Kerala theatrical distribution. The storyline revolves around a fun and thrilling road trip to Pondicherry undertaken by a group of friends.