ഹിറ്റ് 2-ലെ 'മാക്സ്' പനി ബാധിച്ച് മരിച്ചു, ആദരാഞ്ജലികളർപ്പിച്ച് ആദിവി ശേഷ്

ഡോ. സൈലേഷ് കോലാനു സംവിധാനം ചെയ്ത് കഴിഞ്ഞവർഷം പുറത്തിറങ്ങിയ ചിത്രമാണ് ഹിറ്റ് 2. ആദിവി ശേഷ് നായകനായെത്തിയ ചിത്രത്തിൽ അദ്ദേഹത്തിനൊപ്പം മാക്സ് എന്ന കഥാപാത്രത്തിൽ ഒരു നായയുമുണ്ടായിരുന്നു. ഈ നായയുടെ വിയോഗവാർത്തയാണ് തെലുങ്ക് സിനിമാ മേഖലയിൽ നിന്ന് പുറത്തുവന്നിരിക്കുന്നത്.
ആദിവി ശേഷ് ഇൻസ്റ്റഗ്രാമിലൂടെ അറിയിച്ചതാണ് ഇക്കാര്യം. സാഷ എന്നാണ് നായയുടെ യഥാർത്ഥ പേര്. ബെൽജിയൻ മലനോയിസ് ഇനത്തിൽപ്പെട്ട നായാണ് സാഷ. ഹിറ്റ് 2 ഇറങ്ങിയപ്പോൾ സാഷയുടെ പ്രകടനവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
പനി ബാധിച്ചാണ് സാഷയുടെ മരണമെന്നും ഹൃദയം തകർന്നുകൊണ്ടാണ് ഇങ്ങനെയൊരു വാർത്ത നൽകുന്നതെന്നും താരം കുറിച്ചു. ആശുപത്രിയിലെത്തി സന്ദർശിച്ചപ്പോൾ രക്ഷപ്പെടുമെന്ന് തോന്നിയിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
"കണ്ണുകള്‍ നിറഞ്ഞുകൊണ്ടാണിത് കുറിക്കുന്നത്. ആ കഠിനമായ ചിത്രീകരണ നാളുകളിൽ ഞങ്ങൾക്കൊപ്പം നിന്നതിന് നന്ദി. നീ ഞങ്ങളുടെ എല്ലാവരുടേയും ജീവിതം ആനന്ദകരമാക്കി. സാഷയുടെ ഉടമ, കുടുംബം, പരിശീലകൻ ആനന്ദ് എന്നിവരോടെല്ലാം അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു'', ആദിവി ശേഷ് കുറിച്ചു.
Content Highlights: max in hit 2 movie passed away, Adivi Sesh mourns 'HIT 2' dog Sasha's death