ഹോർഹെ ലൂയിസ് ബോർഹെസിന്‍റെ ജീവിതകഥ; ടൊറോൻറോ രാജ്യാന്തരചലച്ചിത്രമേള 2026-ലെ ദൈർഘ്യമേറിയ ചിത്രം

#സുരേഷ് നെല്ലിക്കോട്
സംവിധായകൻ മറിയാനോ യീനാസ്, ലൈഫ് ഓഫ് ലൂയിസ് ബോര്‍ഹെസ് എന്ന ചിത്രത്തിന്റെ പോസ്റ്റർ | ഫോട്ടോ: അറേഞ്ച്ഡ്
സംവിധായകൻ മറിയാനോ യീനാസ്, ലൈഫ് ഓഫ് ലൂയിസ് ബോര്‍ഹെസ് എന്ന ചിത്രത്തിന്റെ പോസ്റ്റർ | ഫോട്ടോ: അറേഞ്ച്ഡ്

സെപ്റ്റംബർ 10 ന്‌ ആരംഭിക്കുന്ന ടൊറോൻറോ രാജ്യാന്തര ചലച്ചിത്രമേളയിലെ ഏറ്റവും ദൈർഘ്യമുള്ള ചിത്രം മറിയാനോ യീനാസ് (Mariano Llinas) സം‌വിധാനം ചെയ്ത ഹോർഹെ ലൂയിസ് ബോർഹെസിന്‍റെ ജീവിതകഥ (Life of Jorge Luis Borges) യാണ്‌. അഞ്ചര മണിക്കൂറാണ്‌ ചിത്രത്തിന്‍റെ ദൈർഘ്യം.

അർജൻറീനയിലെ എഴുത്തുകാരനും, നടനും, സം‌വിധായകനും, നിർമ്മാതാവുമൊക്കെയായ യീനാസ് ഇതാദ്യമായല്ല ദൈർഘ്യമേറിയ ചിത്രം ചെയ്തിരിക്കുന്നത്. 2018 ൽ അദ്ദേഹം സം‌വിധാനം ചെയ്ത La Flor (The Flower) എന്ന ചിത്രത്തിന്‍റെ നീളം 13 മണിക്കൂറും 30 മിനിറ്റുമാണ്‌. ആ ചിത്രം അർജൻറീനയുടെ ചരിത്രത്തിലെ ഏറ്റവും നീളമുള്ള ചിത്രമായും, ലോകത്തിലെ മൂന്നാമത്തെ നീളം കൂടിയ പരീക്ഷണേതരചിത്രമായും ഇപ്പോഴും നിലകൊള്ളുന്നു. 2008 ൽ അദ്ദേഹം ചെയ്ത Extraordinary Stories തലസ്ഥാനനഗരിയായ ബ്വേനസ് ഐറിസിൽ നടന്ന സ്വതന്ത്ര ചലച്ചിത്രോത്സവത്തിൽ ജൂറി തിരഞ്ഞെടുത്ത മികച്ച ചിത്രമായും , മികച്ച ജനപ്രിയ ചിത്രമായും തിളങ്ങിയിരുന്നു. കലാപാരമ്പര്യമുള്ള കുടുംബത്തിൽ നിന്നുള്ള വരവായിരുന്നു യീനാസിന്‍റെ കലാസപര്യ ആയാസരഹിതമാക്കിയത്.

അദ്ദേഹത്തിന്‍റെ സന്തതസഹചാരിയും വിമർശകനുമൊക്കെയായ എർണസ്റ്റോ മൊണ്ടേക്വിനിന്‍റെ സഹായത്താൽ കണ്ടെടുക്കപ്പെട്ട ഒട്ടേറെ സാധനങ്ങൾ ബോർഹെസിന്‍റെ ജീവിതവുമായി ബന്ധപ്പെട്ടവയായിരുന്നു. ബോർഹെസ് താമസിച്ചിരുന്ന നഗരങ്ങളായ ന്യൂയോർക്ക്, ടെക്സസ്, ജെനീവ, റെയ്‌ക്യവിക് എന്നിവയും ഉറഗ്വേ, ബ്രസീൽ തുടങ്ങിയ രാജ്യങ്ങളിലൂടെയും ചിത്രം യാത്ര ചെയ്യുന്നുണ്ട്.

Also Read: മലയാളത്തിന്റെ വാമ്പയർ ആക്ഷൻ ത്രില്ലർ; 'ഹാഫ്' പ്രീമിയർ ടൊറന്റോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ

ഹോർഹെ ലൂയിസ് ബോർഹെസ് സ്വന്തം ജീവിതകാലത്ത് അത്രയേറെ ആഘോഷിക്കപ്പെട്ട എഴുത്തുകാരനായിരുന്നില്ല. 1986 ൽ മരണത്തിനു ശേഷമാണ്‌ അദ്ദേഹം ആഘോഷിക്കപ്പെടുന്നത്. അദ്ദേഹത്തിന്‍റെ സാഹിത്യസൃഷ്ടികൾ പിന്നീട് ക്ലാസ്സിക്കുകളായി ലോകത്തിലെല്ലായിടത്തും ചർച്ച ചെയ്യപ്പെട്ടു. അദ്ദേഹത്തിന്‍റെ അഗാധമായ ഇംഗ്ലീഷ് പാണ്ഡിത്യം ലാറ്റിനമേരിക്കൻ സാഹിത്യത്തിനെ പുറം ലോകത്തിനു പരിചയപ്പെടുത്താൻ ഏറെ സഹായകരമായിത്തീർന്നു. പിതാവ് ഹോർഹെ ഗില്ലെർമോ ബോർഹെസ് അർജൻറീനയിൽ നിയമജ്ഞനായിരുന്നു. അദ്ദേഹത്തിന്‍റെ വിപുലമായ ഇംഗ്ലീഷ് പുസ്തകശേഖരം പുത്രന്‌ വളരെപ്പെട്ടെന്ന് ഭാഷാസ്വാധീനം നേടിക്കൊടുത്തു. ജെനീവയിൽ താമസമാക്കുന്നതിനൊപ്പം ഫ്രഞ്ചുഭാഷയിലും അദ്ദേഹം പ്രാവീണ്യം നേടിയെടുത്തു. പ്രപിതമഹന്മാരിൽ പലരും സൈനികോദ്യോഗസ്ഥരും എഴുത്തുകാരുമായിരുന്നതും അദ്ദേഹത്തിന്‍റെ യാത്രകൾ സുഗമമാക്കി.

വേവ്ലെങ്ത് വിഭാഗത്തിൽ പ്രദർശിപ്പിക്കുന്ന ഈ വാർത്താചിത്രത്തിൽ Ernesto Montequín, Laura Paredes, Milva Leonardi എന്നിവരാണ്‌ കൂടുതലും പ്രത്യക്ഷപ്പെടുന്നത്. ചിത്രത്തിന്‍റെ മൂന്നുപ്രദർശനങ്ങളാണ്‌ മേളയിലുണ്ടാവുക.

Content Highlights: Directed by Argentine filmmaker Mariano Llinas, a 5.5-hour biographical film on world-renowned author Jorge Luis Borges is set to premiere as the longest film at the Toronto International Film Festival (TIFF).