'ഇനി ഇത് സംഭവിക്കില്ലായിരിക്കാം...'; വികാരാധീനമായ കുറിപ്പുമായി വെങ്കട്ട് പ്രഭു

#Movie desk
അജിത്തിനും വിജയ്ക്കുമൊപ്പം വെങ്കട്ട പ്രഭു (എക്സിൽ പങ്കുവെച്ച ചിത്രം)| ഫോട്ടോ: canva.com
അജിത്തിനും വിജയ്ക്കുമൊപ്പം വെങ്കട്ട പ്രഭു (എക്സിൽ പങ്കുവെച്ച ചിത്രം)| ഫോട്ടോ: canva.com

അജിത് ചിത്രം മങ്കാത്തയുടെ 15 വർഷങ്ങൾക്ക് ശേഷമുള്ള റീ-റിലീസിനോടനുബന്ധിച്ച് സംവിധായകൻ വെങ്കട്ട് പ്രഭു സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പ് ശ്രദ്ധേയമാകുന്നു. ചിത്രത്തിൻ്റെ ഷൂട്ടിങ് വേളയിൽ അജിത്തും വിജയും ഒരുമിച്ചുള്ള നിമിഷങ്ങൾ ഓർത്തെടുത്താണ് വെങ്കട്ട് പ്രഭു പോസ്റ്റ് പങ്കുവെച്ചത്.

2011-ൽ മങ്കാത്തയുടെ സെറ്റിൽ വെച്ച് നടന്ന ഈ കൂടിക്കാഴ്ച തമിഴ് സിനിമാ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ നിമിഷങ്ങളിൽ ഒന്നായാണ് കണക്കാക്കപ്പെടുന്നത്. ഇനി ഇത്തരമൊരു മുഹൂർത്തം  സംഭവിക്കാൻ സാധ്യതയില്ലെന്നും അങ്ങനെ ആകാതിരിക്കട്ടെ എന്ന് താൻ ആഗ്രഹിക്കുന്നുവെന്നും കുറിപ്പിൽ പറയുന്നുണ്ട്.

പോസ്റ്റിൽ അദ്ദേഹം കുറിച്ചത് ഇങ്ങനെയാണ്:

‘മങ്കാത്തയുടെ ഓർമ്മകളിൽ ഇന്ന് മുതൽ നമുക്ക് വീണ്ടും ജീവിക്കാം! ദയവായി ക്ലൈമാക്സ് ആർക്കും വെളിപ്പെടുത്തരുത്... അത് കാണാനുള്ള മറ്റുള്ളവരുടെ ആകാംക്ഷ നശിപ്പിക്കരുത്. മങ്കാത്തയുടെ ചിത്രീകരണ സമയത്തെ ഏറ്റവും അവിസ്മരണീയമായ നിമിഷമാണിത്. ഇത്തരമൊരു മുഹൂർത്തം ഇനി സംഭവിക്കാൻ സാധ്യതയില്ല...എന്റെ ഈ ചിന്ത തെറ്റാകട്ടെ എന്ന് ഞാൻ ആഗ്രഹിക്കുന്നു!’

അജിത്തിന്റെ 50-ാം ചിത്രമായിരുന്ന മങ്കാത്ത, വിനായക് മഹാദേവ് എന്ന ആന്റി-ഹീറോ കഥാപാത്രത്തിലൂടെയാണ് തെന്നിന്ത്യൻ സിനിമയിൽ തരംഗമായത്. റീ-റിലീസിലും ചിത്രം പുതിയ റെക്കോർഡുകൾ സൃഷ്ടിക്കുകയാണ്. വിജയിയുടെ ഗില്ലി റീ-റിലീസിനു ലഭിച്ചതിനേക്കാൾ വലിയ തുകയാണ് മങ്കാത്ത ഇതിനോടകം അഡ്വാൻസ് ബുക്കിങ്ങിലൂടെ സ്വന്തമാക്കിയിരിക്കുന്നത്.

Content Highlights: Director Venkat Prabhu shares a rare Ajith & Vijay photo from Mankatha shoot for its 15-year re-release.