എന്തുകൊണ്ട് മഞ്ഞുമ്മൽ ബോയ്സിന് പുരസ്കാരമില്ല? ഭ്രമയുഗത്തെ ആർട്ടിക്കിൾ 370 കടത്തിവെട്ടിയത് എങ്ങനെ?

72-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരം പ്രഖ്യാപിച്ചു കഴിഞ്ഞതോടെ ഏറ്റവും ഉയർന്നുകേട്ട ചോദ്യങ്ങളിലൊന്ന് മഞ്ഞുമ്മൽ ബോയ്സ് എന്ന മലയാള ചിത്രത്തെക്കുറിച്ചാണ്. സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ഗണപതി തുടങ്ങി മലയാളത്തിന്റെ യുവതാരനിരയെ അണിനിരത്തി ചിദംബരം സംവിധാനംചെയ്ത് 2024-ൽ പുറത്തിറങ്ങിയ മഞ്ഞുമ്മൽ ബോയ്സ് രാജ്യത്താകമാനം ട്രെൻഡ് സെറ്ററായിരുന്നു.
മികച്ച ചിത്രത്തിനുള്ള പുരസ്കാരം അല്ലെങ്കിൽ ജനപ്രിയ ചിത്രത്തിനുള്ള പുരസ്കാരമെങ്കിലും എന്തായാലും ചിത്രത്തിന് കിട്ടുമെന്നായിരുന്നു ചിത്രത്തിന്റെ അണിയറ പ്രവർത്തകരുടെയും സിനിമാ പ്രേമികളുടെയും പ്രതീക്ഷ. എന്നാൽ സാങ്കേതിക വിഭാഗത്തിൽ പോലും ഒരു പുരസ്കാരം പോലും സ്വന്തമാക്കാൻ ചിത്രത്തിനായില്ല. എന്തായിരിക്കും അതിന് കാരണം?
മറ്റൊന്നുമല്ല, ചിത്രത്തിന്റെ അണിയറ പ്രവർത്തകർക്ക് എതിരായ കേസാണ് തിരിച്ചടിയായത്. മികച്ച ചിത്രത്തനുള്ള വിഭാഗത്തിൽ ആർട്ടിക്കിൾ 370-ഉം, ഭ്രമയുഗവും തമ്മിൽ ഇഞ്ചോടിച്ച് മത്സരമാണ് നടന്നത്. തിരഞ്ഞെടുപ്പിന്റെ അവസാന റൗണ്ട് വരെ മഞ്ഞുമ്മൽ ബോയ്സും ഉണ്ടായിരുന്നു എന്നാണ് സൂചന. ഒടുവിൽ രാജ്യത്തിന്റെ അഖണ്ഡത പ്രമേയമാക്കിയ ചിത്രം എന്ന നിലയിലാണ് ആർട്ടിക്കിൾ 370-ക്ക് അവാർഡ് നൽകിയത്.
നേരത്തെ, 70-ാം ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച നൃത്ത സംവിധായകനുള്ള അവാർഡ് ലഭിച്ചിരുന്നത് ജാനി മാസ്റ്റർക്ക് ആയിരുന്നു. എന്നാൽ അദ്ദേഹത്തത്തിന് എതിരെ പോക്സോ കേസ് ഉണ്ടെന്ന് കണ്ടെത്തത്തിയതിനെ തുടർന്ന് അവാർഡ് പിൻവലിച്ചിരുന്നു. ഗുരുതരമായ ക്രിമിനൽ കേസുകൾ ഉള്ളവരെ അവാർഡിന് പരിഗണിക്കരുത് എന്നാണ് കീഴ്ച്ചവഴക്കമെന്ന് സർക്കാർ വൃത്തങ്ങൾ പറയുന്നു. ഇതാണ് മഞ്ഞുമ്മൽ ബോയ്സിനും വിനയായത്.
Content Highlights: Manjummel Boys failed to win any 72nd National Film Awards despite high expectations. Legal cases against the film's production team were the primary reason for exclusion. Article 370 won the Best Feature Film award due to its theme of national integrity. Government policy discourages awarding films involving individuals with serious criminal allegations.