നമ്മുടെ മക്കൾക്ക് ഭയമല്ല സമ്മാനിക്കേണ്ടത്, മെറിറ്റിനും നീതിയ്ക്കും മുൻഗണന ലഭിക്കണം -മഞ്ജു വാര്യർ

#മൂവി ഡെസ്ക്
മഞ്ജു വാര്യര്‍ | ഫോട്ടോ: ജെയ്‌വിന്‍ ടി. സേവ്യര്‍ \ മാതൃഭൂമി
മഞ്ജു വാര്യര്‍ | ഫോട്ടോ: ജെയ്‌വിന്‍ ടി. സേവ്യര്‍ \ മാതൃഭൂമി

കൊച്ചി: ഡൽഹി ജന്തർ മന്തറിൽ നടക്കുന്ന വിദ്യാർത്ഥി പ്രക്ഷോഭത്തിന് പിന്തുണയുമായി നടി മഞ്ജു വാര്യർ. മാനുഷികതയാണ് എല്ലാ രാഷ്ട്രീയത്തിനുംമേലെ നിൽക്കേണ്ടതെന്ന് അവർ കുറിച്ചു. നമ്മുടെ പരീക്ഷാ സംവിധാനത്തിലുള്ള വിശ്വാസം ശക്തിപ്പെടണം. നമ്മുടെ മക്കൾക്ക് ഭയമല്ല, പ്രതീക്ഷയാണ് നാം സമ്മാനിക്കേണ്ടതെന്നും അവർ പറഞ്ഞു. ഇൻസ്റ്റാഗ്രാമിലൂടെയായിരുന്നു അവരുടെ പ്രതികരണം.

"മാനുഷികത. അതാണ് എല്ലാ രാഷ്ട്രീയത്തിനും മേലെ നിൽക്കേണ്ടത്. നമ്മുടെ യുവതലമുറയ്ക്ക് അവരുടെ ചോദ്യങ്ങൾ ചോദിക്കാനും, ആശങ്കകൾ പങ്കുവെയ്ക്കാനും, സമാധാനപരമായി പ്രതിഷേധിക്കാനും അവകാശമുണ്ട്. ഇന്ത്യയിലെവിടെയായാലും പരീക്ഷാ സമ്പ്രദായങ്ങളുടെ വിശ്വാസ്യത കാത്തുസൂക്ഷിച്ചേ പറ്റൂ. നമ്മുടെ വിദ്യാഭ്യാസ പരീക്ഷാ സംവിധാനത്തിലുള്ള വിശ്വാസം ശക്തിപ്പെടണം.

മെറിറ്റിനും സത്യസന്ധതയ്ക്കും നീതിക്കും എന്നും മുൻഗണന ലഭിക്കണം. നമ്മുടെ മക്കൾക്ക് ഭയമല്ല, പ്രതീക്ഷയാണ് നാം സമ്മാനിക്കേണ്ടത്. അവരുടെ ഭാവി സുരക്ഷിതമാകട്ടെ. അവരുടെ സ്വപ്നങ്ങൾ സംരക്ഷിക്കപ്പെടട്ടേ." മഞ്ജു വാര്യർ പറഞ്ഞു.

നടൻമാരായ മമ്മൂട്ടി, ടൊവിനോ തോമസ്, ഇന്ദ്രജിത്ത് സുകുമാരൻ, കുഞ്ചാക്കോ ബോബൻ, കാളിദാസ് ജയറാം, ജോർജു ജോർജ്, നടിമാരായ പാർവതി തിരുവോത്ത്, റിമ കല്ലിങ്കൽ, നിഖില വിമൽ, വിസ്മയ മോഹൻലാൽ എന്നിവരും വിദ്യാർഥി പ്രക്ഷോഭത്തെ പിന്തുണച്ച് സോഷ്യൽ മീഡിയയിൽ കുറിപ്പുകൾ പങ്കുവെച്ചിരുന്നു. ഭിന്നിപ്പുകളിലൂടേയും ആക്രമണങ്ങളിലൂടെയുമല്ല, മറിച്ച സഹാനുഭൂതിയിലൂടെയാണ് കരുത്തുറ്റ ഭാവി കെട്ടിപ്പടുക്കേണ്ടത് എന്നാണ് ദുൽഖർ കുറിച്ചത്.

കൂടാതെ ജന്തർ മന്ദറിലെ സമരവേദിയിൽ സിനിമാ താരങ്ങളായ പ്രകാശ് രാജ്, ഷബാന ആസ്മി എന്നിവർ എത്തിയിരുന്നു. ഇരുവരും വിദ്യാർഥികൾക്ക് പിന്തുണ അറിയിച്ച് സംസാരിക്കുകയും ചെയ്തു. നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടാണ് ഡൽഹിയിൽ വിദ്യാർഥികളും കോക്രോച്ച് ജനതാ പാർട്ടിയും പ്രക്ഷോഭം നടത്തുന്നത്.

Content Highlights: Prominent Malayalam actor Manju Warrier along with top film personalities including Mammootty, Tovino Thomas, Prakash Raj, and Shabana Azmi extended strong support to students protesting against the NEET paper leak at Delhi's Jantar Mantar.