ഇനിയൊരിക്കലും നടക്കാനാകില്ലെന്ന് കരുതിയ നിമിഷങ്ങള്‍; അപകടത്തെക്കുറിച്ച് മഞ്ജിമ

-
-

മലയാള സിനിമയില്‍ ബാലതാരമായെത്തി പ്രേക്ഷകരുടെ ഇഷ്ടം നേടിയ പെണ്‍കുട്ടിയാണ് മഞ്ജിമ മോഹന്‍. പിന്നീട് നിവിന്‍ പോളി നായകനായ വടക്കന്‍ സെല്‍ഫി എന്ന ചിത്രത്തിലൂടെ നായികയായി സിനിമയില്‍ അരങ്ങേറ്റം കുറിച്ചു. മലയാളത്തിന് പുറമെ തമിഴിലും സജീവമാണ് മഞ്ജിമ. കാലിന് പരിക്കേറ്റ മഞ്ജിമ കുറച്ചു നാളുകളായി വിശ്രമത്തിലായിരുന്നു. ശസ്ത്രക്രിയക്ക് ശേഷം സുഖം പ്രാപിച്ച് മടങ്ങിയെത്തിയിരിക്കുകയാണ് മഞ്ജിമ. അപകടം സംഭവിച്ച സമയത്ത് താന്‍ കടുത്ത മാനസിക വിഷത്തിലൂടെയാണ് കടന്നുപോയതെന്ന് മഞ്ജിമ ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു. ഒരിക്കലും ഇനി നടക്കാനാകില്ലെന്ന് കരുതിയിരുന്നതായി മഞ്ജിമ പറയുന്നു.

"എനിക്ക്  അപകടമുണ്ടായ കാര്യം നിങ്ങള്‍ക്ക് അറിയാമായിരുന്നല്ലോ. ഇപ്പോള്‍ ഞാന്‍ സുഖംപ്രാപിച്ചുവരുന്നു. മുന്‍പും പല അഭിനേതാക്കളും ഇതിലും മോശം അവസ്ഥയിലൂടെ കടന്ന് പോയിട്ടുണ്ട്. എന്നാല്‍ എനിക്കതിന്റെ വ്യാപ്തി മനസ്സിലായത് അത് സ്വയം നേരിടേണ്ടി വന്നപ്പോഴാണ്. ആത്മവിശ്വാസവും മനോബലവും കൊണ്ട് അവരൊക്കെ ജീവിതത്തില്‍ തിരിച്ചുവന്നിട്ടുമുണ്ട്. അവരോടൊക്കെ ബഹുമാനം മാത്രം. 

"ഇനി ഞാന്‍ എന്റെ കഥ പറയാം. അപകടം പറ്റിയ ആദ്യ നാളുകളില്‍, ഇനി നടക്കാനാവുമോ, സിനിമ ചെയ്യാനാകുമോ നൃത്തം ചെയ്യാന്‍ കഴിയുമോ എന്നെല്ലാമായിരുന്നു എന്റെ മനസ്സിലെ ചിന്തകള്‍. ഇല്ല ഇനി കഴിയില്ലെന്ന് ഒരുവേള വിശ്വസിച്ചു. സകലവിശ്വാസവും നഷ്ടപ്പെട്ടിരുന്നു. ഭയം കൊണ്ട് മൂടിയ നാളുകള്‍. കുടുംബവും സുഹൃത്തുക്കളും എന്നെ പ്രോത്സാഹിപ്പിച്ചുവെങ്കിലും ആത്മവിശാസം പതിയെ ഇല്ലാതായി. 

"ഒടുവില്‍ പ്രതീക്ഷ തിരികെ കൈവന്നത് എന്റെ സിനിമ ഒരുക്കുന്ന ഒരു സംവിധായകന്റെ ഫോണ്‍ വിളിയിലൂടെയാണ്. എന്നില്‍ വിശ്വസിക്കുന്നുവെന്നും അസുഖം ഭേദമായതിന് ശേഷം സിനിമ ചെയ്യാം എന്നദ്ദേഹം ഉറപ്പു നല്‍കി. അപ്പോള്‍ ഞാന്‍ ചിന്തിച്ചു, അദ്ദേഹത്തിന് എന്നില്‍ വിശ്വാസമുണ്ട്. എനിക്ക് തിരികെ വരാന്‍ സാധിക്കും. അങ്ങനെ കിടക്കയില്‍ നിന്നും ഞാന്‍ എന്നെ പുറത്തേക്ക് വലിച്ചിട്ടു.

"സിനിമയുടെ ചിത്രീകരണം തുടങ്ങിയ ദിവസം ഞാന്‍ എന്റെ ശക്തി തിരിച്ചറിഞ്ഞു. എങ്കിലും എന്തോ പേടി എന്നെ വേട്ടയാടിയിരുന്നു. കുറഞ്ഞത് എന്നെ വിശ്വസിച്ച വ്യക്തിക്കുള്ള ഉറപ്പെന്ന നിലയിലെങ്കിലും നല്ല രീതിയില്‍ജോലി ചെയ്യണം എന്ന തോന്നല്‍ മനസില്‍ ഉണ്ടായിരുന്നു. അണിയറ പ്രവര്‍ത്തകരും എല്ലാവരും താങ്ങായി ഒപ്പം നിന്നു. നടന്നു നോക്കാനും ചിത്രീകരണത്തിനിടെ വിശ്രമിക്കാനുമൊക്കെ അവര്‍ അവസരമൊരുക്കി. ദിവസങ്ങള്‍ കടന്ന് പോയി. ക്ഷീണം തോന്നിയെങ്കിലും തന്റെ കര്‍ത്തവ്യങ്ങള്‍ തുടര്‍ന്നു, എന്റെ കാലുകള്‍ ബലപ്പെടുകയും ആത്മവിശ്വാസം വര്‍ധിക്കുകയും ചെയ്തു. 

"ഇതെഴുതുമ്പോള്‍ ഞാന്‍ എന്റെ 100 ശതമാനത്തിലേക്ക് ഞാന്‍ മടങ്ങി വന്നിരിക്കുന്നു. ഇപ്പോള്‍ എന്റെ മനസ്സില്‍ ഭയവും സംശയും ഒട്ടും തന്നെയില്ല"- മഞ്ജിമ കുറിച്ചു. 

Content Highlights: manjima mohan on accident, struggle to walk, FIR Movie, Vishnu Vishal 

Content Highlights: